മെനാ ഐപിഒ ഉച്ചകോടി 25ന് സമാപിക്കും
ദുബായ്: ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും (ഡിഎഫ്എം) ദുബായ് വേള്‍ഡ് ട്രേഡ് സെന്ററും (ഡിഡബ്‌ള്യുടിസി) സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയുടെ ഉദ്ഘാടന പതിപ്പ് ദുബായിലെ ഐപിഒ മേഖലയുടെ ശക്തമായ പ്രേരണയിലേക്കും വാഗ്ദാനമായ സാധ്യതകളിലേക്കും വെളിച്ചം വീശി മെനാ ഐപിഒ ഉച്ചകോടിക്ക് ദുബായില്‍ തുടക്കമായി. ജനുവരി 23 മുതല്‍ 25 വരെ ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലാണ് ഉച്ചകോടി നടക്കുന്നത്.
”കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയിലെ ഐപിഒ പ്രവര്‍ത്തനത്തിന്റെ 40 ശതമാനവും ദുബായിയാണ് വഹിച്ചത്. ഇത് 673 ബില്യണ്‍ ദിര്‍ഹമിന്റെ മൂല്യമാണ്. ദുബായ് എകണോമിക് അജണ്ടയുടെ ലക്ഷ്യങ്ങളാല്‍ നയിക്കപ്പെടുന്ന നഗരം അതിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം ത്വരിതപ്പെടുത്തുന്നത് തുടരുകയും ഒരു പ്രധാന അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും” -ദുബായ് ഉപ ഭരണാധികാരിയും യുഎഇ ധന, വ്യവസായ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു.
ഐപിഒ പ്രക്രിയയെ കുറിച്ചുള്ള നേരിട്ടുള്ള അറിവും ഒരു പൊതു കമ്പനിയാകാനുള്ള അവസരങ്ങളും വെല്ലുവിളികളും അതുപോലെ തന്നെ ഇഎസ്ജി അജണ്ടകള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നിവയെ കുറിച്ചുള്ള നേരിട്ടുള്ള അറിവും ഉച്ചകോടി പങ്കിടും.
ദുബായിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കുമുള്ള നിയന്ത്രണ അന്തരീക്ഷം, ബിസിനസ് സംസ്‌കാരം, സംരംഭങ്ങള്‍ ഐപിഒയിലേക്ക് സ്‌കെയില്‍ ചെയ്യാനുള്ള മൂലധന അവസരങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും.
വ്യവസായ രൂപീകരണ ചര്‍ച്ചകള്‍ക്ക് മെനാ ഐപിഒ ഉച്ചകോടി ഒരു വേദി നല്‍കും. സ്ഥാപന നിക്ഷേപകര്‍, കുടുംബ ബിസിനസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവക്ക് ദുബായ് മൂലധന വിപണിയിലെ ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍, മികച്ച രീതികള്‍, മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാനും സമീപ കാല പ്രാദേശിക ഐപിഒ വിജയത്തെ കുറിച്ച് പഠിക്കാനും ഇത് അവസരമൊരുക്കും.
കൂടാതെ, പങ്കെടുക്കുന്നവര്‍ക്ക് പ്രധാന ഐപിഒ ഇഷ്യു ചെയ്യുന്നവരുമായും നിക്ഷേപ, മൂലധന വിപണി വ്യവസായത്തില്‍ നിന്നുള്ള ബൗദ്ധികാചാര്യന്മാരുമായി ഇടപഴകാനും അവസരം ലഭിക്കും.
ഭാവി ലിസ്റ്റിംഗിനായി തയാറെടുപ്പുകള്‍ നടത്തുന്ന കമ്പനികള്‍, ഇഷ്യു ചെയ്യുന്നവര്‍, നിക്ഷേപ വിദഗ്ധര്‍, റെഗുലേറ്റര്‍മാര്‍, കമ്പനികള്‍ എന്നിവര്‍ക്കിടയില്‍ ഉച്ചകോടി സജീവമായ ചര്‍ച്ചയ്ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.