മാനസിക സ്വാസ്ഥ്യവും ബൗദ്ധിക ഭദ്രതയും
ഒരിക്കല്‍ നബി (സ്വ) പ്രസംഗ പീഠത്തില്‍ കയറി പറയുകയുണ്ടായി: നിങ്ങള്‍ അല്ലാഹുവിനോട് വിടുതിയും ആരോഗ്യവും ചോദിക്കുക, ദൃഢ വിശ്വാസം കഴിഞ്ഞാല്‍ ഒരാള്‍ക്ക് നല്‍കപ്പെടുന്നതില്‍ വച്ചേറ്റവും ഉത്തമമായത് ആരോഗ്യമാണ് (ഹദീസ് തുര്‍മുദി 3558). അതായത്, ആരോഗ്യം (ആഫിയത്ത്) എന്നാല്‍ ശരീരത്തിന്റെയും ബുദ്ധിയുടെയും ഹൃദയത്തിന്റെയും സമ്പൂര്‍ണമായ പരിരക്ഷയാണ്. അതില്‍ തന്നെ ഹൃദയത്തിന്റെ സുസ്ഥിതിയാണ് ഏറ്റവും പ്രധാനം. കാരണം, ഹൃദയമാണ് ഭയഭക്തിയുടെയും സന്മാര്‍ഗ ദര്‍ശനത്തിന്റെയും സത്യവിശ്വാസത്തിന്റെയും പ്രഭവ കേന്ദ്രം. സുരക്ഷിത ഹൃദയമുള്ളവരായിരിക്കും പ്രപഞ്ച പരിപാലകനായ അല്ലാഹുവിങ്കല്‍ ഏറ്റവും ഉത്തമരായ ജനവിഭാഗം. ശ്രേഷ്ഠ ജനം ആരെന്ന് ചോദിച്ചയാളോട് സത്യസന്ധത പുലര്‍ത്തുന്ന നാവും, ഭക്തിയും പരിശുദ്ധിയുമുള്ള ഹൃദയവുമുള്ളയാളെന്നാണ് നബി (സ്വ) മറുപടി പറഞ്ഞത്. അസൂയയും കുശുമ്പും വിദ്വേഷവും അക്രമ-കുറ്റ വാസനകളുമില്ലാത്ത മനസ്സുള്ളവനെന്നാണ് നബി (സ്വ) വിശദീകരണമായി പറഞ്ഞത് (ഹദീസ് ഇബ്‌നുമാജ 4216). സുരക്ഷിത ഹൃദയത്തിനായി നബി (സ്വ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമായിരുന്നു (ഹദീസ് തുര്‍മുദി 3407, നസാഈ 1304).
മനുഷ്യന്റെ ഹൃദയ പരിരക്ഷക്ക് അനുസരിച്ചിരിക്കും അന്ത്യനാളിലെ വിജയ നിദാനങ്ങള്‍. സൂറത്തുശ്ശുഅറാഅ് 88, 89 ആയത്തുകളില്‍, സുരക്ഷിത ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെല്ലുന്നവര്‍ക്കേ ധനവും സന്താനങ്ങളും ഉപകാരപ്പെടുകയുള്ളൂവെന്ന് പ്രസ്താവിക്കപ്പെടുന്നുണ്ട്. ബുദ്ധിയുടെ ആരോഗ്യവും വളര്‍ച്ചയും പ്രധാനമാണ്. അതിന് പരിരക്ഷ നല്‍കണം. സുരക്ഷിത ബുദ്ധി കൊണ്ടാണ് മനുഷ്യന്‍ സ്രഷ്ടാവിന്റെ പ്രപഞ്ച സംവിധാനങ്ങളില്‍ വിചിന്തനം നടത്തുന്നതും സത്യവിശ്വാസം പുല്‍കുന്നതും അതുവഴി ഇഹ-പര ജീവിതങ്ങള്‍ സൗഖ്യകരമാക്കാനുതകുന്നതും.
പടച്ചവന്‍ ഒരാള്‍ക്ക് ബുദ്ധികൂര്‍മത നല്‍കിയാല്‍ അവന്റെ സ്വഭാവങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും പൂര്‍ണത കൈവന്നിരിക്കുമെന്നാണ് ഒരു അറബി കവി പാടിയിരിക്കുന്നത്. മനുഷ്യന്‍ ബുദ്ധി പരിരക്ഷിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും ഉപകാരപ്രദമായ അറിവുകളും അനുഭവ ജ്ഞാനങ്ങളും കൈവരിച്ചു കൊണ്ടാണ്. താല്‍ക്കാലികം മാത്രമാണെങ്കില്‍ പോലും ബുദ്ധിക്ക് വിഘ്‌നം വരുത്തരുത്.
മനുഷ്യന് ശരീരാരോഗ്യം ഉണ്ടാവുമ്പോഴാണ് ബുദ്ധിയുടെയും ഹൃദയത്തിന്റെയും പരിരക്ഷ പൂര്‍ണമാകുന്നത്. തടിക്കും കണ്ണിനും കാതിനും ആരോഗ്യം നല്‍കേണമേ എന്ന് നബി (സ്വ) അല്ലാഹുവോട് പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു (ഹദീസ് അബൂ ദാവൂദ് 5090). ശരീരത്തിന്റെ ആരോഗ്യവും പരിരക്ഷയും വലിയ അനുഗ്രഹങ്ങളാണ്. ഈ ആരോഗ്യങ്ങളൊക്കെയും ആരാധനകള്‍ക്കും സാമൂഹിക നന്മകള്‍ക്കും ഉപജീവനത്തിനും ഉപയോഗപ്പെടുത്തുമ്പോഴാണ് അനുഗ്രഹങ്ങള്‍ക്കുള്ള കടപ്പാട് തീരുക. മനസ്സിനെ ബൗദ്ധികമായി പരിശീലിപ്പിക്കുമ്പോള്‍ തന്നെ ശരീരത്തെ കായികമായി അഭ്യസിപ്പിക്കുകയും വേണം.