ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ മിനിമം സ്പീഡ് ലിമിറ്റ് മെയ് 1 മുതല്‍
അബുദാബി: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ ഇരു ദിശകളിലും മെയ് 1 മുതല്‍ മിനിമം സ്പീഡ് ലിമിറ്റ് നടപ്പാക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ലംഘന മുന്നറിയിപ്പിന്റെ കാലയളവ് അവസാനിച്ചതോടെയാണിത്.
ഇതനുസരിച്ച്, ഇടതു വശത്ത് നിന്നുള്ള ആദ്യ രണ്ടു ലെയ്‌നുകളില്‍ മാക്‌സിമം സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 140 ആണ്. മിനിമം സ്പീഡ് ലിമിറ്റ് 120ഉം. മിനിമം സ്പീഡ് ലിമിറ്റിനെക്കാള്‍ കുറഞ്ഞാണ് വാഹനമോടിക്കുന്നതെങ്കില്‍ 400 ദിര്‍ഹം പിഴ ചുമത്തുന്നതാണ്.
മൂന്നും നാലും ലെയ്‌നുകളിലെ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 140 ആണ്. ഈ ലെയ്‌നുകള്‍ ഹെവി വാഹനങ്ങള്‍ക്കുള്ളതാണ്. എന്നാല്‍, ഈ വാഹനങ്ങള്‍ക്ക് മിനിമം സ്പീഡ് ലിമിറ്റ് ബാധകമല്ല.
വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ് മിനിമം സ്പീഡ് ലിമിറ്റ് നടപ്പാക്കുന്നതെന്ന് ഊന്നിപ്പറഞ്ഞ അബുദാബി പൊലീസ്, കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ വാഹനങ്ങള്‍ വലതു ലെയ്‌നുകളിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ജീവന്റെ വില മനസ്സിലാക്കി സുരക്ഷിതമായി വാഹനമോടിക്കാന്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാരെ ഉദ്‌ബോധിപ്പിച്ചു.