എം.കെ.സി അബു ഹാജി സ്മാരക അവാര്‍ഡ് സൈനുല്‍ ആബിദീന്
കോഴിക്കോട്/ഷാര്‍ജ: സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യവും അനേകം സ്ഥാപനങ്ങളുടെ മേധാവിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എം.കെ.സി അബു ഹാജിയുടെ സ്മരണക്കായി രൂപീകരിച്ച എം.കെ.സി സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിന് സൈനുല്‍ ആബിദീന്‍ സഫാരിയെ തെരഞ്ഞെടുത്തു. ഒട്ടേറെ സാമൂഹിക-സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സാമൂഹിക സേവനവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു.
നാലര പതിറ്റാണ്ടായി ഖത്തറിലും യുഎഇയിലും ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്ന സൈനുല്‍ ആബിദീന്‍ നിലവില്‍ സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടറാണ്. നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹി കൂടിയായ ഇദ്ദേഹം ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇഖ്‌റഅ് പബ്‌ളികേഷന്‍സ് വൈസ് ചെയര്‍മാനും സുപ്രഭാതം ദിനപത്രം ഡയറക്ടറുമാണ്.
21,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ എന്നിവരടങ്ങിയ ജഡിജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഏപ്രില്‍ അവസാന വാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്ഡ് സമ്മാനിക്കുമെന്ന് സ്മാരക സമിതി അറിയിച്ചു. രാജ്ദീപ് സര്‍ ദേശായി, മുക്കം.വി മോയിമോന്‍ ഹാജി എന്നിവരായിരുന്നു ഇതിനു മുമ്പ് അവാര്‍ഡ് നേടിയവര്‍.