അര നൂറ്റാണ്ടിന്റെ പ്രവാസത്തിന് നഫീസ കില്‍ട്ടന് യുഎഇയുടെ പെരുന്നാള്‍ സമ്മാനം
ദുബായ്: പ്രവാസ ജീവിതം 50 വര്‍ഷം തികയ്ക്കാന്‍ ഒരുങ്ങുന്ന മലയാളി വനിതക്ക് യുഎഇയുടെ ‘പൊന്നു’ സമ്മാനം. രാജ്യത്തെ ദീര്‍ഘ കാല താമസക്കാരികളിലൊരാളായ പൊന്നാനി സ്വദേശിനി നഫീസ കില്‍ട്ടന് പെരുന്നാള്‍ സമ്മാനമായി കഴിഞ്ഞ ദിവസം യുഎഇയുടെ ‘ഗോള്‍ഡന്‍ വിസ’ ലഭിച്ചിരിക്കുന്നു. ദുബായ് താമസ-കൂടിയേറ്റ വകുപ്പാണ് ഈ ആദരം നഫീസക്ക് സമ്മാനിച്ചത്.

യുഎഇ ഡിഫന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് അബ്ദുല്‍ ഖാദറിനൊപ്പം 1974 ജൂലൈ 24ന് യുഎഇ യിലെത്തിയതാണ് നഫീസ. മണല്‍ക്കാടുകളില്‍ നിന്ന് മനോഹാരിതയിലേക്ക് കുതിച്ച രാജ്യത്തിന്റെ, പ്രത്യേകിച്ചും ദുബായിയുടെ വളര്‍ച്ച കണ്‍കുളിര്‍ക്കെ കാണാന്‍ അവസരം കൈവന്ന അപൂര്‍വം മലയാളി സ്ത്രീകളിലൊരാളാണിവര്‍.
പൊന്നാനിയിലെ പൗര പ്രമുഖനും സെന്‍ട്രല്‍ എക്‌സൈസ് സീനിയര്‍ ഇന്‍സ്‌പെക്ടറുമായിരുന്ന സൂപ്രണ്ട് മമ്മാലന്റെ മകളാണ് നഫീസ കില്‍ട്ടന്‍. കെഎംസിസിയുടെ ആദ്യ കാല രൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ ഷാര്‍ജ പ്രസിഡന്റായിരുന്നു ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍. 13-ാം വയസ്സില്‍ യുഎഇയില്‍ താമസക്കാരനായതാണ് അബ്ദുല്‍ ഖാദര്‍. അദേഹത്തിന്റെ പിതാവ് ഹംസ അബൂബക്കറാണ് ഷാര്‍ജയില്‍ ആദ്യ റെസ്റ്റോറന്റ് ആരംഭിച്ച മലയാളി. ഈ 50 വര്‍ഷത്തിനിടയ്ക്ക് ഒരുപാട് തവണ അബ്ദുല്‍ ഖാദറിന്റെ പാസ്‌പോട്ടില്‍ യുഎഇയുടെ വിസയുടെ സ്റ്റാമ്പ് പതിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഗോള്‍ഡന്‍ വിസ നല്‍കിയതില്‍ യുഎഇ ഭരണാധികാരികളോട് നന്ദിയോതുന്നുവെന്ന് നഫീസ പറഞ്ഞു. സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ മകന്‍
റിയാസ് കില്‍ട്ടനോടൊപ്പമാണ് നഫീസ താമസിക്കുന്നത്. മുനീറ, താഹിറ, റഈഫ, ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. അബ്ദുല്‍ ഖയ്യൂം, ഫസല്‍, ഫെബീഷ്, ഹുസ്‌നു മരുമക്കളാണ്.
