BusinessFEATUREDIndiaKeralaUAE

പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്ന് എം.എ യൂസഫലി

‘ആരോണങ്ങള്‍ കൊണ്ട് തന്നെ ഭയപ്പെടുത്താനാവില്ല’

ദുബായ്: ആരോപണങ്ങള്‍ കൊണ്ട് തന്നെ ഭയപ്പെടുത്താനാവില്ലെന്നും പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി. ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി സമന്‍സ് അയച്ചോയെന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് യൂസഫലി ഇങ്ങനെ പറഞ്ഞത്. വാര്‍ത്ത നല്‍കിയവരോടാണ് സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കേണ്ടതെന്നും ദുബായ് സൗത്തില്‍ പുതുതായി നിര്‍മിച്ച ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇഷ്ടപ്പെടുന്ന ചിലരുണ്ടാകും. ഇഷ്ടപ്പെടാത്ത ചിലരുമുണ്ടാകുമെന്ന് സെന്റ് പീറ്റര്‍ പറഞ്ഞിട്ടുണ്ട്. നെഗറ്റീവുകളോട് പ്രതികരിക്കരുതെന്ന് ബുദ്ധ ഭാഗവാന്‍ പറഞ്ഞിട്ടുണ്ട്. ദൈവം ക്ഷമിക്കുന്നവര്‍ക്കൊപ്പമാണെന്നാണ്, അഥവാ ‘ഇന്നള്ളാഹ മഅസ്സ്വാബിരീന്‍’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.
45,000ത്തിലധികം പേര്‍ ലുലു ഗ്രൂപ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. 310 കോടി രൂപ ഇന്ത്യക്ക് പുറത്തും 25 കോടി രൂപ ഇന്ത്യക്കകത്തും ഒരു മാസം ശമ്പളമായി ലുലു ഗ്രൂപ് നല്‍കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ തന്റെ കുടുംബത്തെ അടക്കം അപമാനിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ടതുണ്ടങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങള്‍ ഇപ്പോഴത്തെ കാര്യങ്ങളില്‍ നിന്നും നിക്ഷേപ സംരംഭങ്ങളില്‍ നിന്നും തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടു പോകും. സമൂഹ മാധ്യമങ്ങളില്‍ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും സാധാരണക്കാര്‍ക്ക് വേണ്ടി ഇനിയും നിലകൊള്ളുമെന്നും യൂസഫലി വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരന്‍ വിജേഷ് പിള്ള സമീപിച്ചതായി കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. അനുസരിച്ചില്ലെങ്കില്‍ വക വരുത്തുമെന്ന് പറയാന്‍ എം.വി ഗോവിന്ദന്‍ നിര്‍ദേശിച്ചെന്നും യുഎഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളില്‍ യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ചു കള്ളക്കേസില്‍ കുടുക്കുമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു.
പാവപ്പെട്ടവര്‍ക്കായി താന്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അമ്മമാര്‍ക്കു വേണ്ടി അഭയ കേന്ദ്രം നിര്‍മിച്ചതു പോലെ അഛന്മാര്‍ക്കായുള്ള കേന്ദ്രത്തിന്റെ നിര്‍മാണ കാര്യങ്ങളും പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.