BusinessFEATUREDUAEWorld

പാകിസ്താനിലെ വ്യാജ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂം അധികൃതര്‍ പൂട്ടിച്ചു

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എന്ന ബ്രാന്‍ഡ് നെയിം അനധികൃതമായി ഉപയോഗിച്ച് പാകിസ്താനിലെ ഇസ്‌ലാമാബാദില്‍ ജ്വല്ലറി നടത്തിയ മുഹമ്മദ് ഫൈസാനെതിരെയാണ് പരാതിയില്‍ കേസെടുത്തത്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പാകിസ്താനില്‍ ഒരു ഷോറൂമും നടത്തുന്നില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

ദുബായ്: മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിലായി 317 റീടെയില്‍ ഷോറൂമുകളുള്ള, ആഗോള തലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീടെയില്‍ ബ്രാന്‍ഡായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പാകിസ്താനിലെ ഇസ്‌ലാമാബാദില്‍ ബ്രാന്‍ഡിന്റെ പേരില്‍ വ്യാജ ഷോറൂം തുറന്നതിനെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ വിജയിച്ചു. ഇസ്‌ലാമാബാദില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരില്‍ അനധികൃതമായി ജ്വല്ലറി ഷോറൂം നടത്തിയ പാകിസ്താന്‍ പൗരനായ മുഹമ്മദ് ഫൈസാനെതിരെയാണ് ബ്രാന്‍ഡ് കേസ് ഫയല്‍ ചെയ്തത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് നെയിമും മറ്റ് വ്യാപാര മുദ്രകളും തന്റെ ജ്വല്ലറി ഷോറൂം പ്രവര്‍ത്തിപ്പിക്കുന്നതിന് ഉപയോഗിച്ചതിന് പുറമെ, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ ചിത്രങ്ങള്‍, ആഭരണ ഡിസൈനുകള്‍ എന്നിവ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പേജുകളും നടത്തുന്നുണ്ടായിരുന്നു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ നിയമ സംഘം സിവില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ പാകിസ്താന്‍ കോടതി ഉടനടി ‘മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സി’ന്റെ പേരിലുള്ള എല്ലാ സൈന്‍ ബോര്‍ഡുകളും നീക്കം ചെയ്യാനും, ബ്രാന്‍ഡ് നെയിമിന്റെയും വ്യാപാര മുദ്രകളുടെയും എല്ലാ ഉപയോഗവും നിര്‍ത്താനും ഉത്തരവിട്ടു. കോടതി ഉത്തരവുകള്‍ പാലിക്കാന്‍ പ്രതി വിസമ്മതിച്ചതോടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സിവില്‍ കേസിന്റെ ഫലമായി ജയില്‍ വാസം ഉറപ്പായതിനാല്‍, ബ്രാന്‍ഡ് മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ക്കനുസൃതമായി ഒത്തുതീര്‍പ്പിനും തുടര്‍ന്നുള്ള കരാറിനുമായി ഫൈസാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെ സമീപിച്ചു. തന്റെ പേരില്‍ ‘മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്’ രജിസ്റ്റര്‍ ചെയ്യാനായി പ്രതി നല്‍കിയ ട്രേഡ് മാര്‍ക് അപേക്ഷ പിന്‍വലിക്കുക, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തെരഞ്ഞെടുത്ത പ്രധാന ഇംഗ്‌ളീഷ്, ഉര്‍ദു പത്രങ്ങളുടെ എല്ലാ പതിപ്പുകളിലും കുറ്റസമ്മതവും, ഇതില്‍ നിന്നും പിന്‍വാങ്ങുന്ന പ്രഖ്യാപനവും പ്രസിദ്ധീകരിക്കുക എന്നീ ഉപാധികളുമാണ് മുന്നോട്ടുവെച്ചത്. ഇതെല്ലാം ഫൈസാന്‍ സമ്മതിക്കുകയും അനുസരിക്കുകയും ചെയ്തു.
”വിശ്വാസത്തിന്റെ അടിത്തറയില്‍ സ്ഥാപിതമായ ഒരു ബിസിനസ്സാണ് ഞങ്ങളുടേത്. വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ബ്രാന്‍ഡ് മൂല്യം ഏറെ വിലപ്പെട്ടതാണ്” – മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.
മാത്രമല്ല, ബ്രാന്‍ഡിന്റെ മൂല്യവും പ്രശസ്തിയും ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമവും തടയപ്പെടുകയും ചെയ്യും. ഈ കേസില്‍ നിന്ന് വ്യക്തമാകുന്നതു പോലെ, ഞങ്ങളുടെ ഉപയോക്താക്കള്‍ തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാനായി ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാനും നിരുത്സാഹപ്പെടുത്താനും സാധ്യമായതെല്ലാം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ചെയ്യുമെന്ന് ആത്മാര്‍ത്ഥമായി ഉറപ്പ് നല്‍കുന്നതായും എം.പി അഹമ്മദ് വ്യക്തമാക്കി.
തന്റെ ജ്വല്ലറി ഷോറൂം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ അംഗീകൃത ഫ്രാഞ്ചൈസി ഷോറൂം ആണെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അതില്‍ നിന്നും പ്രയോജനം നേടാന്‍, മലബാര്‍ & ഗോള്‍ഡ് ഡയമണ്ട്‌സിന്റെ ആഗോള സാന്നിധ്യവും ബ്രാന്‍ഡിന്റെ പ്രശസ്തിയും ചൂഷണം ചെയ്തതായി സമ്മതിച്ച ഫൈസാന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് നാമവും മറ്റ് വ്യാപാര മുദ്രാ ആസ്തികളുമുള്ള എല്ലാ സൈന്‍ ബോര്‍ഡുകളും പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.