ദേശ സ്‌നേഹം
ഓരോരുത്തര്‍ക്കും അവര്‍ വസിക്കുന്ന മണ്ണും വിണ്ണുമുള്ള നാട് ആത്മബന്ധമുള്ളതായിരിക്കും. വിശ്വാസവും സംസ്‌കാരവും സമ്പത്തും അഭിമാനവുമെല്ലാം നാടെന്ന അഭയ കേന്ദ്രത്തിലാണ് നിലക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ, ആ നാടിനോടുള്ള സ്‌നേഹവും കൂറുമെല്ലാം അന്തര്‍ലീനമായിരിക്കും.
ദേശ സ്‌നേഹത്തിന്റെ കാര്യത്തില്‍ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) കാണിച്ചു തന്ന മാതൃക ചരിത്രപരമാണ്. നബി (സ്വ) യാത്ര പോയാല്‍ നാടായ മദീനയിലെത്താന്‍ വെമ്പല്‍ കൊള്ളുമായിരുന്നു (ഹദീസ് ബുഖാരി 1802).
നാട് എന്നാല്‍ തലമുറകളിലൂടെ നമ്മിലേല്‍പ്പിക്കപ്പെട്ട സൂക്ഷിപ്പു സ്വത്താണ്. അതിലെ മണ്ണും വായും വെളിച്ചവും വസ്തുവകകളുമെല്ലാം പരിപാലിക്കേണ്ടത് നാമോരോരുത്തരുടെയും ബാധ്യതയാണ്. നാടിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക, സാങ്കേതിക ഉന്നമനത്തിന് ഓരോ പൗരനും മനസ് വെക്കണം. ഉല്‍പാദന ക്ഷമതക്കും സുസ്ഥിര വികസനത്തിനും നാടിനായി ഉറക്കമൊഴിച്ച് പ്രയത്‌നിക്കണം. പ്രതിബന്ധങ്ങള്‍ പോരായ്മകളും വീഴ്ചകളുമില്ലാത്ത വിധം പ്രതിരോധിക്കണം. നാടിന്റെ സൂക്ഷിപ്പു ചുമതല വരും തലമുറക്ക് കൈമാറണം. അതാണ് നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്തം.
നാടിന്റെ മേന്മയില്‍ അഭിമാന പുളകിതമാവണം. നാടിന്റെ ശാന്തിക്കും സമാധാനത്തിനും സുസ്ഥിരതക്കുമായി പ്രാര്‍ത്ഥിക്കണം, പ്രവര്‍ത്തിക്കണം. അതിലെല്ലാം അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കണം. എന്ത് നന്മ നിങ്ങളനുവര്‍ത്തിക്കുന്നുവെങ്കിലും അല്ലാഹു അത് സംബന്ധിച്ച് സൂക്ഷ്മജ്ഞാനിയായിരിക്കും (സൂറത്തുല്‍ ബഖറ 215).
നല്ലവരായ ഭരണാധികാരികളെ അംഗീകരിക്കലും രാഷ്ട്രത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കലും ദേശക്കൂറിന്റെ ഭാഗമാണ്.
രാജ്യത്തിന്റെ മേന്മയില്‍ അഭിമാന പുളകിതമാവണം. അതിലെ ശാന്തിക്കും സമാധാനത്തിനും സുസ്ഥിരതക്കുമായി പ്രാര്‍ത്ഥിക്കണം. ദേശസ്‌നേഹത്തിന്റെ മഹിത മാതൃകകളാണ് പ്രവാചകന്മാര്‍ കാണിച്ചിരിക്കുന്നത്. ”നാഥാ, ഈ നാടിനെ നിര്‍ഭയമാക്കുകയും ഇന്നാട്ടുകാരായ വിശ്വാസികള്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ” എന്നാണ് ഇബ്രാഹിം നബി (അ) മക്കാ ദേശത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത് (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 126). ”മദീനാ ദേശത്ത് അനുഗ്രഹം ചൊരിയേണമേ… നാഥാ, നിശ്ചയം ഇബ്രാഹിം നബി (അ) നിന്റെ ദാസനും കൂട്ടുകാരനും നബിയുമൊക്കെയാണല്ലോ, ഞാനും നിന്റെ ദാസനും നബിയുമാണ്. ഇബ്രാഹിം നബി മക്കക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. മക്കക്കുള്ള അതേ അനുഗ്രഹങ്ങള്‍ക്കായി എന്നല്ല അതിലുപരി മദീനക്ക് നല്‍കാന്‍ ഞാന്‍ നിന്നോട് കേഴുന്നുദ” എന്ന് നമ്മുടെ നബി(സ്വ)യും പ്രാര്‍ത്ഥിച്ചത് ഹദീസില്‍ കാണാം (മുസ്‌ലിം 11639).
നമ്മുടെ പൂര്‍വികരാണ് ഈ വികസനത്തിനും വികാസത്തിനും വേണ്ടി അഹോരാത്രം പണിപ്പെട്ടത്. അവരില്‍ നിന്ന് നാം പകര്‍ന്ന ദേശക്കൂറ് നിഷ്‌കളങ്കമായി തുടര്‍ന്നും പ്രകടിപ്പിക്കണം. നാടിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കണം.
നാടിന്റെ കാര്യത്തില്‍ നാമോരോരുത്തരും ഉത്തരവാദികളാണ്. ഓരോ ആളോടും അവര്‍ ഏല്‍പ്പിക്കപ്പെട്ട കാര്യത്തില്‍ അത് പരിപാലിച്ചോ, അതല്ല വീഴ്ച വരുത്തിയോ എന്ന് അല്ലാഹു ചോദിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്. അത് നാടിന്റെ കാര്യത്തിലുമുണ്ടാകും.
നാടിന്റെ സുരക്ഷക്കായി ഉറക്കമൊഴിക്കലും ധനം വിനിയോഗിക്കലുമെല്ലാം ദേശസ്‌നേഹത്തിന്റെ മൂര്‍ത്ത ഭാവങ്ങളാണ്. നബി (സ്വ) പറയുന്നു: രണ്ടു കണ്ണുകളെ നരകത്തീ സ്പര്‍ശിക്കുകയില്ല. ഒന്ന്, ദൈവ ഭയഭക്തിയാല്‍ കരഞ്ഞ കണ്ണ്. രണ്ടാമത്തേത്, ദൈവ മാര്‍ഗത്തില്‍ സംരക്ഷണമൊരുക്കി രാത്രിയില്‍ ഉറക്കമൊഴിച്ച കണ്ണ്” (ഹദീസ് തുര്‍മുദി 1639).