വിമാനം തട്ടിക്കൊണ്ടു പോയെന്ന് ട്വീറ്റ് ചെയ്തയാള്‍ അറസ്റ്റില്‍
ദുബായില്‍ നിന്നും ജയ്പൂരിലേക്ക് പറന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ന്യൂഡല്‍െഹിയില്‍ ഇറക്കിയ ശേഷം മണിക്കൂറുകള്‍ കഴിഞ്ഞും പുറപ്പെടാതായതില്‍ ദേഷ്യം പൂണ്ടാണ് വിമാനം തട്ടിക്കൊണ്ടുപോയതെന്ന് യാത്രക്കാരന്‍ ട്വീറ്റ് ചെയ്തത്. ഇയാള്‍ പിന്നീട് ക്ഷമാപണം നടത്തി
ദുബായ്: വിമാനം തട്ടിക്കൊണ്ടുപോയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും ജയ്പൂരിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവമുണ്ടായത്. അറസ്റ്റിലായ യാത്രക്കാരന്‍ പിന്നീട് ക്ഷമാപണം നടത്തി.
ദുബായിലെ ഒരു ടെക്‌നോളജി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ രാജസ്ഥാന്‍ സ്വദേശി മോത്തി സിംഗ് റാത്തോഡാണ് കുറ്റക്കാരന്‍. മൂന്ന് കുറ്റങ്ങളാണ് ഇദ്ദേഹത്തിന്റെ പേരില്‍ പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ജയ്പൂരിലേക്ക് പറന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ന്യൂഡെല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. നാലു മണിക്കൂര്‍ പിന്നിട്ട് ഉച്ചയ്ക്ക് ശേഷം പുറപ്പെടാനുള്ള അനുമതി നല്‍കുകയും ചെയ്തു.
‘എസ്ജി 58 ദുബായ് ടു ജയ്പൂര്‍ ഹൈജാക്ക്’ എന്ന് ട്വീറ്റ് ചെയ്യുകയും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്തയുടന്‍ റാത്തോറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
”ഇത് വളരെ ഗുരുതരമായ കുറ്റമാണെന്നും, ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെ”ന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദീര്‍ഘനേരം കഴിഞ്ഞും വിമാനം പുറപ്പെടാത്ത നിരാശയിലാണ് താന്‍ ട്വീറ്റ് ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിമാനം ദീര്‍ഘനേരം വൈകിയതില്‍ തനിക്ക് ദേഷ്യം വന്നെന്നും അതാണ് മെസേജിലൂടെ താന്‍ മറ്റൊരു രീതിയില്‍ പ്രകടിപ്പിച്ചതെന്നും പറഞ്ഞ റാത്തോഡ് തുടര്‍ ട്വീറ്റുകളില്‍ ക്ഷമാപണവും നടത്തി. തന്റെ ഇംഗ്‌ളീഷ് മോശമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
പൊതുജനങ്ങളില്‍ ഭയവും ഭീതിയുമുണ്ടാക്കാനുള്ള ഉദ്ദേശ്യം, തെറ്റായ നീക്കം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.