FEATUREDUAE

പെറ്റ് വേള്‍ഡ് അറേബ്യ-2023 പ്രദര്‍ശനം ദുബായില്‍ 5, 6 തീയതികളില്‍

• യുഎഇയില്‍ വളര്‍ത്തുമൃഗ ഉടമസ്ഥതയില്‍ 30% വര്‍ധന.
• മെനാ മേഖലയിലെ വളര്‍ത്തുമൃഗ സംരക്ഷണ വ്യവസായം 2025ഓടെ 2 ബില്യണ്‍ യുഎസ് ഡോളറിലെത്തും.
• യുഎഇയില്‍ മാത്രം ഏകദേശം 1.5 ദശലക്ഷം വളര്‍ത്തു മൃഗ ഉടമകള്‍, 2 ദശലക്ഷത്തിലധികം വളര്‍ത്തു മൃഗങ്ങളും.
• രണ്ടു ദിവസത്തെ ‘പെറ്റ് വേള്‍ഡ് അറേബ്യ 2023’ മെയ് 5ന് ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിക്കും.
വ്യാപാര പ്രദര്‍ശനം, ലൈവ് പെറ്റ് ഷോകള്‍ക്കൊപ്പം വിനോദ പരിപാടികളും

പെറ്റ് വേള്‍ഡ് അറേബ്യ-2023 പ്രദര്‍ശനത്തിന്റെ സംഘാടകര്‍

ദുബായ്: വളര്‍ത്തു മൃഗങ്ങളുടെ വ്യവസായം മെനാ (മിഡില്‍ ഈസ്റ്റ ആന്റ് നോര്‍ത്താഫ്രിക്ക) മേഖലയില്‍ വര്‍ധിച്ചു വരുന്ന പശചാത്തലത്തില്‍ ‘പെറ്റ് വേള്‍ഡ് അറേബ്യ’ എക്‌സിബിഷന്‍ 2023 മേയ് 5, 6 തീയതികളില്‍ ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്നു. വളര്‍ത്തു മൃഗങ്ങളുമായി ബധപ്പെട്ട വ്യവസായ വിപണി 2 ബില്യന്‍ ഡോളറായി വളര്‍ന്നു വരുന്നത് കണക്കിലെടുത്താണ് ഈ പ്രദര്‍ശനമെന്ന് സംഘാടകരായ അല്‍ഫജര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് സര്‍വീസസ് അധികൃതര്‍ അറിയിച്ചു.
ഇത്തരമൊരു ബി2ബി പ്രദര്‍ശനം ഇതാദ്യമായാണ് ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് വിനോദ പരിപാടികളും ഉണ്ടാകുമെന്ന് അല്‍ഫജര്‍ ജനറല്‍ മാനേജര്‍ നദാല്‍ മുഹമ്മദ് പറഞ്ഞു.
ബെല്‍ജിയം, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, ഇറ്റലി, ഇന്ത്യ, കുവൈത്ത്, നെതര്‍ലാന്‍ഡ്‌സ്, പാകിസ്താന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, റഷ്യ, തായ്‌ലാന്റ്, തുര്‍ക്കി, യുഎഇ, അമേരിക്ക എന്നിങ്ങനെ 16 രാജ്യങ്ങളില്‍ നിന്നുള്ള 70 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതാണ്. മൃഗങ്ങളുടെ ഭക്ഷണം, ഫാഷന്‍, ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് മുഖ്യമായും പ്രദര്‍ശിപ്പിക്കുക. വെറ്ററിനറി വിദഗ്ധരും ബ്രീഡര്‍മാരും പെറ്റ് ഗ്രൂമര്‍മാരും സലൂണ്‍ ഓപറേറ്റര്‍മാരും ഇന്‍ഷുറന്‍സ് കമ്പനികളും പരിശീലകരും പെറ്റ് ഫര്‍ണിച്ചര്‍ കമ്പനികളും ഷോയിലുണ്ടാകും.
വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥതയോടൊപ്പം, യുഎഇയിലെ വളര്‍ത്തു മൃഗ വ്യവസായം അതിശക്തമായി വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് ഷോലൈന്‍ സിഇഒ ഡോ. ശ്രീ നായര്‍ പറഞ്ഞു. കോവിഡ് സമയത്തും ശേഷവും വളര്‍ത്തു മൃഗ വ്യവസായത്തിന്റെ ആഗോള വളര്‍ച്ച അവിശ്വസനീയമാണ്. ലോക്ക്ഡൗണുകളുടെയും ക്വാറന്റൈനിന്റെയും നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ മിഡില്‍ ഈസ്റ്റില്‍ നിന്നടക്കമുള്ള അനേകം പേരാണ് ഓമന മൃഗങ്ങളെ കൂട്ടിനായും ഏകാന്തത മറികടക്കാനും വളര്‍ത്തിത്തുടങ്ങിയത്. ഇക്കാലയളവില്‍ വളര്‍ത്തു മൃഗ ഉടമസ്ഥത 30 ശതമാനത്തിലധികം കുത്തനെ വര്‍ധിച്ചു. പ്രധാനമായും പൂച്ചകളെയും നായ്ക്കളെയുമാണ് ഈ രീതിയില്‍ ആളുകള്‍ വളര്‍ത്തിയത്. വളര്‍ത്തു മൃഗ പരിചരണ വ്യവസായത്തില്‍ 300 മില്യന്‍ ഡോളറിലധികം മൂല്യമുള്ള വിപണിയാണ് ഇതു വഴി ഉയര്‍ന്നു വന്നത്. ഇതിപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഡോ. ശ്രീ നായര്‍ വ്യക്തമാക്കി.
ദുബായില്‍ ഓരോ മൂന്നു ദിനങ്ങള്‍ക്കിടക്കും ഒരു വെറ്ററിനറി ക്‌ളിനിക് തുറക്കുന്നുണ്ടെന്നത് വളര്‍ത്തു മൃഗ പരിചരണ വിപണി കുതിച്ചുയരുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ്.
വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണോല്‍പാദനവും ഈ മേഖലയ്ക്ക് പുതിയ ബിസിനസാണെന്ന് അദ്ദേഹം പറഞ്ഞു. ഭാവി നിക്ഷേപ മാര്‍ഗമായി ഇത് ഉയര്‍ന്നു വരികയാണ്;  സൗദി അറേബ്യയില്‍ ഉല്‍പാദന കമ്പനികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
പെറ്റ് വേള്‍ഡ് അറേബ്യ ശരിയായ സന്ദര്‍ഭത്തിലാണ് സംഘടിപ്പിക്കുന്നതെന്നും, ഈ വിപണി ദീര്‍ഘ വളര്‍ച്ചയോടെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെസ്‌ലെ പ്യൂരിന പെറ്റ്‌കെയറിലെ മെനാ മേഖലാ ഡിസ്ട്രിബ്യൂട്ടര്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് മുസ്തഫ മൂസലി പറഞ്ഞു.
വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ ഇപ്പോള്‍ അവയെ പ്രത്യേകം തയാറാക്കിയ ഫാഷന്‍ വസ്ത്രങ്ങള്‍ അണിയിക്കുന്ന പുതിയ ട്രെന്‍ഡുകളിലേക്ക് പോവുകയാണ്. യുഎഇ വിപണിയില്‍ വളര്‍ത്തുമൃഗങ്ങളുടെ വസ്ത്ര ഡിസൈനര്‍മാരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പുതിയ ട്രെന്‍ഡുകളില്‍ അത്യാധുനിക ‘മൈ ഹോം’ പെറ്റ് കെയര്‍ ഷെല്‍റ്ററുകളും മൊബൈല്‍ പെറ്റ് ഗ്രൂമിംഗ് യൂണിറ്റുകളും ഉള്‍പ്പെടുന്നു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.