മലക്കുകളുടെ പ്രാര്‍ത്ഥന
സൂറത്തു ശ്ശൂറാ 5ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നുണ്ട്: ‘മലക്കുകള്‍ തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ഭൂനിവാസികള്‍ക്ക് പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നു’. അതായത് മാലാഖമാര്‍ ഭൂമിയിലുള്ളവരുടെ നന്മകള്‍ക്കായും കരുണക്കായും മോക്ഷത്തിനായും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമത്രെ.
നമസ്‌കാരങ്ങള്‍ മുറപോലെ നിലനിര്‍ത്തുന്നവര്‍ക്കും ജമാഅത്തായുള്ള നമസ്‌കാരത്തിന് ആദ്യ വരിയില്‍ സ്ഥാനമുറപ്പിക്കുന്നവര്‍ക്കും വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കും.
ആദ്യ സ്വഫ്ഫില്‍ നമസ്‌കരിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുകയും മലക്കുകള്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് നബി (സ്വ) അറിയിച്ചപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: തിരു ദൂതരേ, അപ്പോള്‍ രണ്ടാം സ്വഫ്ഫിലുള്ളവര്‍ക്കോ? നബി (സ്വ) മറുപടി പറഞ്ഞു: രണ്ടാം സ്വഫ്ഫിലുള്ളവര്‍ക്കും അതുണ്ടാവും (ഹദീസ് അഹ്മദ് 22923).
ജനങ്ങള്‍ക്ക് സംസ്‌കാരപൂര്‍ണ സ്വഭാവങ്ങള്‍, നന്മ പാഠങ്ങള്‍, ഉപകാരപ്രദ ജ്ഞാങ്ങള്‍, ഉയര്‍ന്ന ചിന്തകള്‍ നല്‍കുന്നവര്‍ മലക്കുകളുടെ പ്രാര്‍ത്ഥന കിട്ടാന്‍ സൗഭാഗ്യമുള്ളവരാണ്. നബി (സ്വ) പറയുന്നു: അല്ലാഹുവും മലക്കുകളും ആകാശത്തുള്ളവരും ഭൂമിയുള്ളവരും എത്രത്തോളമെന്നാല്‍ മാളത്തിലുള്ള ഉറുമ്പും ഭീമന്‍ മത്സ്യങ്ങള്‍ വരെ ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുന്നവര്‍ക്കായി സ്വലാത്ത് ചൊല്ലുന്നതാണ് (ഹദീസ് തുര്‍മുദി 2685). അല്ലാഹുവിന്റെ സ്വലാത്ത് അനുഗ്രഹം ചെയ്യലാണ്. ബാക്കിയുള്ളവരുടെ സ്വലാത്തെന്നാല്‍ പ്രാര്‍ത്ഥനയെന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.
ജനങ്ങളോട് നല്ല ബന്ധം പുലര്‍ത്തുകയും നല്ലത് ചെയ്യുകയും ആവശ്യക്കാരെ സഹായിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതായിരിക്കും. അല്ലാഹുവേ ചിലവഴിക്കുന്നവര്‍ക്ക് നീ നല്ല പകരം നല്‍കണേ എന്നായിരിക്കും അവരുടെ പ്രാര്‍ത്ഥന (ഹദീസ് ബുഖാരി, മുസ്ലിം).
രോഗികളെ സന്ദര്‍ശിക്കുകയും വിവരാന്വേഷണങ്ങള്‍ നടത്തി ആശ്വാസിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും മലക്കുകള്‍ പ്രാര്‍ത്ഥിക്കും. ഒരാള്‍ രോഗിയെ സന്ദര്‍ശിച്ചാല്‍ ആകാശ ലോകത്ത് ഒരശിരീരി മുഴങ്ങുമത്രെ: താങ്കള്‍ നന്മ ചെയ്തിരിക്കുന്നു, താങ്കളുടെ നടത്തവും സാര്‍ത്ഥകമായിരിക്കുന്നു, താങ്കള്‍ സ്വര്‍ഗത്തില്‍ ഒരു സ്ഥാനം തയ്യാറാക്കിയിരിക്കുകയാണ് (ഹദീസ് തുര്‍മുദി 2008, ഇബ്‌നുമാജ 1443).
സത്യവിശ്വാസി തന്റെ സഹോദരന് നന്മ ആഗ്രഹിക്കുകയും അവന്റെ സാന്നിധ്യത്തിലും അസാന്നധ്യത്തിലും അവനിക്കായി പ്രാര്‍ത്ഥിക്കുന്നവനുമാണ്. അവന്റെ ആ പ്രാര്‍ത്ഥനക്ക് മലക്കുകള്‍ ആമീന്‍ പറയുകയും പ്രാര്‍ത്ഥിച്ചവനിക്കായി അതേ പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. നബി (സ്വ) പറയുന്നു: സത്യവിശ്വാസി തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്, അവന്റെ തലക്കരികെ അവന്റെ കാര്യം ഏല്‍പ്പിക്കപ്പെട്ട ഒരു മലക്കുണ്ടായിരിക്കും. അവന്‍ തന്റെ സഹോദരന്റെ നന്മക്കായി പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം ആ മലക്ക് ആമീന്‍ ചൊല്ലുകയും അതു പോലോത്ത നന്മ നിനക്കുമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യും (ഹദീസ് മുസ്ലിം 2733).
അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ മാലാഖമാര്‍ പ്രാര്‍ത്ഥിക്കുമത്രെ (സൂറത്തു അഹ്‌സാബ് 43). അനുസരണയും പശ്ചാത്താപവുമുള്ള സത്യവിശ്വാസികള്‍ക്ക് അവര്‍ പ്രാര്‍ത്ഥിക്കും. ദൈവിക സിംഹാസനം വഹിച്ചു കൊണ്ടിരിക്കുന്നവരും അവര്‍ക്കു ചുറ്റുമുള്ളവരുമായ മാലാഖമാര്‍ തങ്ങളുടെ നാഥന്ന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും വിശ്വാസികള്‍ക്ക് പാപമോചനമര്‍ത്ഥിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്: നാഥാ നിന്റെ അനുഗ്രഹവും വിജ്ഞാനവും സര്‍വസ്തുക്കള്‍ക്കും പ്രവിശാലമായിരിക്കുന്നു, അതു കൊണ്ട് പാപമോചനമര്‍ത്ഥിക്കുകയും നിന്റെ വഴി പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് നീ മാപ്പരുളുകയും നരകശിക്ഷയില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണമേ…. (സൂറത്തു ഗാഫിര്‍ 7,8,9).
രാത്രി ശുദ്ധിയോടെ ദിക്ര്‍ ചൊല്ലി അല്ലാഹുവിനെ സ്മരിക്കുന്നവരുടെ പാപമോചനത്തിനായും മലക്കുകള്‍ പ്രാര്‍ത്ഥിക്കും (ഹദീസ് സ്വഹീഹു ഇബ്‌നു ഹിബ്ബാന്‍ 1051).
മലക്കുകളുടെ പ്രാര്‍ത്ഥന കിട്ടാനുള്ള മാര്‍ഗമാണ് നബി (സ്വ)യുടെ മേല്‍ സ്വലാത്ത് അധിരിപ്പിക്കല്‍. സ്വലാത്ത് ചൊല്ലിയത്ര തന്നെ മലക്കുകള്‍ അയാള്‍ക്കായി പ്രാര്‍ത്ഥിക്കുമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അഹ്മദ് 15718, ഇബ്‌നു മാജ 907).