മെച്ചപ്പെട്ട ജീവിത ശൈലി: കാമ്പയിനുമായി പ്രൊജക്ഷന്‍ ഹൗസ്
ദുബായ്: സന്തോഷപ്രദവും ആരോഗ്യകരവുമായ ജീവിത ശൈലി ഉറപ്പു വരുത്താന്‍ തൊഴിലിടങ്ങളില്‍ സുസ്ഥിരതാ സന്ദേശവുമായി ദുബായിലെ പ്രൊജകഷന്‍ ഹൗസ് കമ്പനി രംഗത്ത്. സുസ്ഥിരതാ വര്‍ഷമായി ആചരിക്കുന്ന യുഎഇയുടെ ആശയങ്ങളോട് ചേര്‍ന്നുനിന്ന് വേറിട്ട കാമ്പയിനാണിത്. ഒരു വര്‍ഷം നീളുന്ന കാമ്പയിനിലൂടെ ഓരോ മാസവും ഓരോ മികച്ച ജീവിത ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് പ്രൊജക്ഷന്‍ ഹൗസ് ലക്ഷ്യമിടുന്നത്. ചെറിയ തുടക്കത്തിലൂടെ വലിയ മാറ്റങ്ങള്‍ക്ക് അവസരമൊരുക്കാന്‍ കഴിയുമെന്നും ഓരോരുത്തരും ഇതില്‍ പങ്കാളികളാകുന്നതോടെ മികവുറ്റ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാകുമെന്നും സുസ്ഥിരത സന്ദേശങ്ങള്‍ വിശദീകരിച്ച് കമ്പനിയധികൃതര്‍ അവകാശപ്പെട്ടു. പ്രധാനമായും തൊഴിലിടങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലാണ് ബോധവത്കരണം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ മെച്ചപ്പെട്ട ശാരീരിക, മാനസിക നില നേടി കൂടുതല്‍ ഉല്‍പാദനക്ഷമത കൈവരിക്കാനാകുമെന്ന് പ്രൊജക്ഷന്‍ ഹൗസ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
തുടക്കത്തില്‍ പ്രൊജക്ഷന്‍ ഹൗസിലെ എല്ലാ ജീവനക്കാര്‍ക്കുമായാണ് ബോധവത്കരണം സംഘടിപ്പിക്കുന്നത്. എന്നാല്‍, താല്‍പര്യമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് മാതൃകയാക്കാമെന്ന് പ്രൊജക്ഷന്‍ ഹൗസ് സംഘാടകരായ അല്‍മോ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ സിമെന്റോ, ഗ്രൂപ് സിഇഒ ജമാല്‍ സാബ്രി, പ്രൊജക്ഷന്‍ ഹൗസ് ജനറല്‍ മാനേജര്‍ ജാസ്മിന്‍ മന്‍സൂര്‍, ഗ്രൂപ് മാര്‍ക്കറ്റിംഗ് മാനേജര്‍ സിദ്ധാര്‍ത്ഥ് സായ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലിടത്തിനകത്തും പുറത്തുമെല്ലാം നല്ല മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് 12 സുസ്ഥിരതാ സന്ദേശങ്ങളാണ് പ്രധാനമായും നടപ്പാക്കുന്നത്. ജനുവരിയില്‍ നടപ്പാക്കിയ വാട്ടര്‍ ബ്രേക്, സ്‌റ്റേ ഹൈഡ്രേറ്റഡ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയില്‍ വെള്ളം കുടിക്കാനും സുസ്ഥിരത പ്രോത്സാഹിപ്പിക്കാന്‍ പ്‌ളാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു. ഫെബ്രുവരിയില്‍ ഐ ബ്രേക്, ബ്‌ളിങ്ക് ആന്‍ഡ് ലൗ യുവര്‍ ഐസ് എന്ന പ്രമേയത്തില്‍ നേത്ര സംരക്ഷണ ബോധവത്കരണം നടത്തി. ശുദ്ധജല സംരക്ഷണത്തിനായി ഓരോ ദിവസവും ഒരു ദിര്‍ഹം വീതം മാറ്റിവെക്കുകയാണ് മാര്‍ച്ച് മാസത്തിലെ ബോധവത്കരണം കൊണ്ടുദ്ദേശിക്കുന്നത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവരെ സന്ദര്‍ശിച്ച് അവരില്‍ ജീവിത പ്രതീക്ഷ നല്‍കാനായി ആക്ട് ഓഫ് കൈന്‍ഡ്‌നസ്, നിക്ഷേപ സാധ്യകളെ കുറിച്ചുള്ള ബോധവത്കണം, ലോക സംഭവ വികാസങ്ങള്‍ മനസ്സിലാക്കല്‍, ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍, ഓരോരുത്തരുടെയും കഴിവുകളെ പുറത്തു കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രചോദനമേകുന്ന കഥകള്‍ പങ്കിടല്‍, വര്‍ഷത്തില്‍ ഒരു തൈ നട്ട് ആവാസ വ്യവസ്ഥയെ നിലനിര്‍ത്തല്‍, ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം, എന്റെ ഭൂമി എന്റെ സ്വര്‍ഗമാണ് തുടങ്ങിയ പ്രമേയത്തിലുള്ള ബോധവത്കരണമാണ് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായി നടപ്പാക്കുന്നത്.