മുഹമ്മദ് നബി (സ്വ) കാരുണ്യ നിയോഗം

മുഹമ്മദ് നബി (നബി) ജനിക്കുന്നതിന് മുന്‍പ് തന്നെ പിതാവ് അബ്ദുല്ല മരിച്ചിരുന്നു. വൈകാതെ മാതാവ് ആമിനാ ബിന്‍ത് വഹബും വഫാത്തായി.
പിന്നീട് വളര്‍ത്തിയ പിതാമഹന്‍ മുത്തലിബും മരിച്ചു. ശേഷം സംരക്ഷണമേറ്റെടുത്തത് പിതൃവ്യന്‍ അബൂ ത്വാലിബാണ്. അങ്ങനെ, അത്യുത്തമ വിശേഷണങ്ങളും സ്വഭാവങ്ങളുമായി നബി (സ്വ) ആ സമൂഹത്തില്‍ അറിയപ്പെട്ടു. ലോകത്തിനാകമാനം അനുഗ്രഹ നിയോഗവും കാരുണ്യ വര്‍ഷവുമായിരുന്നു തിരു പ്രവാചകത്വം.
പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി അല്ലാഹു സുവ്യക്തമായി തന്നെ പ്രവാചകാപദാനങ്ങള്‍ വിവരിക്കുന്നുണ്ട്:
സ്വന്തത്തില്‍ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവര്‍ക്ക് അല്ലാഹു ചെയ്തത് (സൂറത്തു ആലുഇംറാന്‍ 164).
നബീ, പ്രപഞ്ചത്തിന് അനുഗ്രഹമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് (സൂറത്തുല്‍ അമ്പിയാഅ് 107). പ്രവാചക സ്മൃതികള്‍ ആകാശ-ഭൂമികളില്‍ ഉയര്‍ത്തിയതായും അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്: നബീ, നാം അങ്ങയുടെ ഹൃദയം വിശാലമാക്കുകയും നടുവൊടിച്ചിരുന്ന ഭാരം ഇറക്കി വെക്കുകയും സല്‍പേര് ഉന്നതമാക്കുകയും ചെയ്തു തന്നില്ലേ (സൂറത്തു ശ്ശര്‍ഹ് 1,2,3,4).
അത്യുന്നതവും പരിപൂര്‍ണവുമായ സ്വഭാവ വിശേഷങ്ങളാണ് അല്ലാഹു നബി(സ്വ)ക്ക് നല്‍കിയിരിക്കുന്നത്: നിശ്ചയം, അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍ (സൂറത്തു ഖലം 04).
നബി(സ്വ)യുടെ സന്മാര്‍ഗ ദര്‍ശനവും സത്യനിഷ്ഠയും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: നിങ്ങളുടെ സഹവാസി വഴി തെറ്റുകയോ ദുര്‍മാര്‍ഗിയാവുകയോ ചെയ്തിട്ടില്ല. ദിവ്യസന്ദേശമായി കിട്ടുന്ന വഹ്‌യ് അല്ലാതെ അവിടുന്ന് തന്നിഷ്ട പ്രകാരം യാതൊന്നും ഉരിയാടുകയില്ല (സൂറത്തു നജ്മ് 2, 3).
നബി(സ്വ)യുടെ വിട്ടുവീഴ്ചാ മനോഭാവും സ്വഭാവ ലാളിത്യവും ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്: ഹേ വേദക്കാരേ, നമ്മുടെ ദൂതന്‍ മുഹമ്മദ് നബി ഇതാ നിങ്ങളിലേക്ക് വന്നിരിക്കുന്നു. വേദത്തില്‍ നിന്ന് നിങ്ങള്‍ മറച്ചു വെച്ചിരുന്ന മിക്ക കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടും നിങ്ങളുടെ ചെയ്തികള്‍ അധികവും മാപ്പാക്കിക്കൊണ്ടും (സൂറത്തു മാഇദ 15).
സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരു റസൂല്‍ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. നിങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്നത് അവിടുത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാര്‍ഗ പ്രാപ്തിയില്‍ അതീവേച്ഛുവും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടുന്ന് (സൂറത്തുത്തൗബ 128).
മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷി മൃഗാദികല്‍ എന്നല്ല പ്രപഞ്ചത്തിലെ സകലതിലും പ്രവാചകരുടെ (സ്വ) കാരുണ്യ സ്പര്‍ശം പതിച്ചിട്ടുണ്ട്. പ്രവാചകത്വത്തിന്റെ പ്രധാന പ്രതീകം തന്നെ കാരുണ്യമാണ്. പ്രവാചക പാതകളൊക്കെയും കരുണാ നിബിഢമായിരുന്നു. ലക്ഷ്യവും കരുണാധിഷ്ഠിതമായ വിജയമായിരുന്നു. അല്ലാഹു ഏകിയ കാരുണ്യ സമ്മാനമാണ് തങ്ങളെന്ന് നബി (സ്വ) തന്നെ പറഞ്ഞിട്ടുണ്ട് (ഹദീസു ദ്ദാരിമി 15).
കാരുണ്യ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) നമ്മിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് ഏവര്‍ക്കും സന്മാര്‍ഗ ദര്‍ശനമേകി വിജയ പഥത്തിലെത്തിക്കാനാണ്. അല്ലാഹു പറയുന്നു: അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ ഒരു പ്രകാശവും സ്പഷ്ടവുമായ ഗ്രന്ഥവും വന്നു കിട്ടിയിരിക്കുന്നു. അതു മുഖേന തന്റെ സംതൃപ്തി അനുധാവനം ചെയ്യുന്നവരെ അല്ലാഹു സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നതും അന്ധകാരങ്ങളില്‍ നിന്ന് തന്റെ അനുമതിയോടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതും ഋജുവായ പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതുമാണ് (സൂറത്തു മാഇദ 15, 16).
ഓ നബീ, നിശ്ചയം, താങ്കളെ നാം സത്യസാക്ഷിയും ശുഭവാര്‍ത്താവാഹകനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ അനുമതിയോടെ അവങ്കലേക്ക് ക്ഷണിക്കുന്നയാളും വെളിച്ചം തെളിക്കുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു (സൂറത്തുല്‍ അഹ്‌സാബ് 45, 46). നിശ്ചയം, അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉദാത്ത മാതൃകയുണ്ട് (സൂറത്തുല്‍ അഹ്‌സാബ് 21).
പ്രവാചക ചര്യ പിന്‍പറ്റല്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. മാത്രമല്ല, പ്രായശ്ചിത്തം നേടിത്തരുന്നതുമാണ്: താങ്കള്‍ പ്രഖ്യാപിക്കുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍, നിങ്ങള്‍ക്ക് സ്‌നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും (സൂറത്തു ആലു ഇംറാന്‍ 31).
മക്കള്‍ക്ക് ചെറുപ്പത്തില്‍ തന്നെ പ്രവാചക സ്‌നേഹവും അനുധാവനവും ഉണ്ടാക്കിയെടുക്കലും, പ്രവാചക ചരിത്രവും സ്വഭാവങ്ങളും വിശേഷണങ്ങളും പഠിപ്പിച്ചു കൊണ്ടു വളര്‍ത്തിയെടുക്കലുമെല്ലാം രക്ഷാകര്‍തൃ ബാധ്യതകളാണ്. നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാനും അത് അധികരിപ്പിച്ചു കൊണ്ടിരിക്കാനും പഠിപ്പിക്കണം. ഒരു സ്വലാത്തിന് പത്തു സ്വലാത്തുകളുടെ പ്രതിഫലമുണ്ടത്രെ (ഹദീസ് മുസ്‌ലിം 384).