അഭിലാഷിലൂടെ യുഎഇയുടെ ബയാനത്തിനും അഭിമാനം
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കഠിനതരവുമായ ഗോള്‍ഡന്‍ ഗ്‌ളോബ് റേസില്‍ ബയാനത്ത് രണ്ടാം സ്ഥാനം നേടി.
1968ല്‍ ലഭ്യമായ സാങ്കേതിക വിദ്യ മാത്രം ഉപയോഗിച്ച് 236 ദിവസം നിര്‍ത്താതെ യാത്ര ചെയ്ത് നാവികന്‍ അഭിലാഷ് ടോമി
അബുദാബി: 236 ദിവസത്തെ സെയ്‌ലിംഗ് റേസിന് ശേഷം ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരങ്ങളിലൊന്നായ ഗോള്‍ഡന്‍ ഗ്‌ളോബ് റേസ് 2022(ജിജിആര്‍)ല്‍ മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനം നേടിയതു വഴി ബയാനത്തിനും അഭിമാന ഇത് അഭിമാന നിമിഷങ്ങള്‍!
അബുദാബി ആസ്ഥാനമായ ജിയോസ്‌പേഷ്യല്‍ എഐ സൊല്യൂഷന്‍ പ്രൊവൈഡറായ ബയാനത്ത് മല്‍സരത്തിലെ സ്‌പോണ്‍സര്‍ കൂടിയായിരുന്നു.
യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടില്‍ അഭിലാഷ് ടോമി നിര്‍ത്താതെ ലോകം ചുറ്റി. റസ്‌ലര്‍ 36 എന്ന ബോട്ടില്‍ റേസ് നമ്പറായ ’71’നൊപ്പം യുഎഇ പതാകയും സ്ഥാപിച്ചിരുന്നു.
ഫ്രാന്‍സിലെ മനോഹരമായ ലെസ് സാബിള്‍സ് ഡി ഒലോണ്‍ തുറമുഖത്ത് 2022 സെപ്തംബര്‍ 4ന് ജിജിആറിന്റെ മൂന്നാം പതിപ്പിന് തുടക്കം കുറിച്ചു. മത്സരത്തിന്റെ കഠിന സ്വഭാവത്തിന്റെ തെളിവായി, രണ്ട് ബോട്ടുകള്‍ക്ക് മാത്രമേ മതിയായ കോഴ്‌സ് പൂര്‍ത്തീകരിക്കാനായുള്ളൂ. ഒരാള്‍ ഇപ്പോഴും മത്സരത്തിലാണ്.
ലോകമെമ്പാടുമുള്ള മല്‍സരത്തില്‍ അഭിലാഷ് പ്രതിരോധത്തിന്റെയും ധൈര്യത്തിന്റെയും ഇതിഹാസ നാമമായി മാറി. ദൃഢപ്രതിജ്ഞയുടെയും വൈദഗ്ധ്യത്തിന്റെയും ശ്രദ്ധേയമായ പ്രകടനമാണ് അഭിലാഷ് കാഴ്ച വെച്ചത്. കൊടുങ്കാറ്റില്‍ ബോട്ടിന് കാര്യമായ കേടുപാടുകള്‍ പറ്റുമ്പോള്‍, ഒറ്റപ്പെട്ടും മാസങ്ങള്‍ നീണ്ട ഏകാന്തതയോട് പോരാടിയും തന്റെ നാവിക നൈപുണ്യത്തെ അഭലാഷ് ലക്ഷ്യത്തിലേക്ക് നയിച്ചു. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ ഫിനിഷിംഗ് ലൈന്‍ കടന്ന് അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ചൈതന്യത്തിന്റെയും ആള്‍രൂപമായി അഭിലാഷ് ജ്വലിച്ചു നിന്നു.
ആധുനിക ഉപകരണങ്ങളും ഉപഗ്രഹ നാവിഗേഷന്‍ സഹായങ്ങളുമില്ലാതെ
നടത്തുന്ന ഈ റേസില്‍ ലോകത്തിലെ അഞ്ച് വലിയ മുനമ്പുകള്‍ താണ്ടണം. അങ്ങേയറ്റം ദുര്‍ഘടമായ കാലാവസ്ഥയ്ക്കും മുന്‍കൂട്ടി കാണാനാവാത്ത അപകടങ്ങള്‍ക്കും സാധ്യതയുള്ളതാണ് മല്‍സര പശ്ചാത്തലം. എവറസ്റ്റ് കൊടുമുടി കയറുകയോ ബഹിരാകാശത്ത് യാത്ര ചെയ്യുകയോ ചെ യ്തവരെ അപേക്ഷിച്ച് ലോകമെമ്പാടും ഒറ്റയ്ക്ക് ബോട്ട് യാത്ര നടത്തിയവരുടെ എണ്ണം കുറവാണ്.
ഇത്തരമൊരു നേട്ടം കൈവരിക്കാനായതില്‍ അഭിമാനവും ആഹ്‌ളാദവുമുണ്ടെന്ന് അഭിലാഷ് ടോമി പറഞ്ഞു. ”ഇത് തികച്ചും അസാധാരണമായ ഒരു യാത്രയാണ്. എന്റെ കുടുംബം, സുഹൃത്തുക്കള്‍, യുഎഇ, ഇന്ത്യ, ലോകമെമ്പാടുമുള്ള ആരാധകര്‍ എന്നിവരുള്‍പ്പെടെ എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ പങ്കാളിത്തം സാധ്യമാക്കിയ സ്‌പോണ്‍സര്‍മാരായ ബയാനത്തിന് പ്രത്യേകം നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തെ മാറ്റിമറിച്ച ഈ അനുഭവം അളവിനപ്പുറം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍, അമൂല്യമായ പ്രതിഫലങ്ങള്‍ക്കപ്പുറം അഭിനിവേശത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും സ്വപ്നങ്ങളെ പിന്തുടരാന്‍ എന്റെ യാത്ര മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു” -അഭിലാഷ് അഭിപ്രായപ്പെട്ടു.
ഗോള്‍ഡന്‍ ഗ്‌ളോബ് റേസില്‍ ഉന്നതിയിത്തിയ അഭിലാഷിനെയോര്‍ത്ത് തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ബയാനത്ത് സിഇഒ ഹസന്‍ അല്‍ ഹുസനി പറഞ്ഞു. മാനുഷിക പരിധികള്‍ പരീക്ഷിക്കുന്ന ഈ മല്‍സരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ബയാനത്തിന് ലഭിച്ച ബഹുമതിയാണെന്ന് കരുതുന്നു. അഭിലാഷ് യുഎഇയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കി. അദ്ദേഹത്തിന്റെ പൈതൃകം വരുംതലമുറകളെ പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോള്‍ഡന്‍ ഗ്‌ളോബ് റേസില്‍ ഇത് രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018ലെ എഡിഷനില്‍ ഒരു കൊടുങ്കാറ്റില്‍ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അഭിലാഷ് തളരാതെ മുന്നോട്ട് നീങ്ങിയതിന്റെ മധുര ഫലമാണ് ഇപ്പോള്‍ നാം ആസ്വദിക്കുന്ന നല്ല വിജയമെന്നും അല്‍ ഹുസനി കൂട്ടിച്ചേര്‍ത്തു.