വിമാനത്തില്‍ സീറ്റുമാറ്റത്തെ ചൊല്ലി തര്‍ക്കം; അക്രമാസക്തയായ യുവതിയെ അറസ്റ്റ് ചെയ്തു
അബുദാബി/മുംബൈ: അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന വിമാനത്തില്‍ അക്രമാസക്തയായ യുവതിയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ഇകോണമി ക്‌ളാസ് വിട്ട് ബിസിനസ് ക്‌ളാസില്‍ ഇരിക്കാന്‍ ശ്രമിച്ച ഇവരെ ഒരു ക്രൂ അംഗം എതിര്‍ത്തതോടെയാണ് തര്‍ക്കം ആരംഭിച്ചതെന്ന് പറയുന്നു. തുടര്‍ന്ന്, ബിസിനസ് ക്‌ളാസ് സീറ്റില്‍ നിന്ന് പുറത്തു പോകാന്‍ പറഞ്ഞതോടെ ഇറ്റാലിയന്‍ യുവതി ക്യാബിന്‍ ക്രൂവിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് ഇറ്റാലിയന്‍ യുവതി ജീവനക്കാരനെ മര്‍ദിക്കുകയും മറ്റൊരാളെ തുപ്പുകയും ചെയ്തത്. ഇവരുടെ അനിയന്ത്രിത പെരുമാറ്റം കാരണം സീറ്റില്‍ കെട്ടിയിടേണ്ടി വന്നുവെന്ന് ഇന്ത്യയില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിമാനത്തില്‍ മാലിന്യം ഇട്ടതിനും ഈ യാത്രികയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ മോശം പെരുമാറ്റം കണക്കിലെടുത്ത് ക്യാപ്റ്റന്‍ ഒരു മുന്നറിയിപ്പ് കാര്‍ഡ് നല്‍കുകയും ഇവരെ നിയന്ത്രിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
എന്നാല്‍, ഇത് കള്ളക്കഥയാണെന്ന് പറഞ്ഞ് യാത്രക്കാരന്റെ അഭിഭാഷകന്‍ ആരോപണം നിഷേധിച്ചു. തന്റെ ഇരിപ്പിടത്തില്‍ അസ്വസ്ഥതയുണ്ടെന്നും ഒരു ഒഴിവിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നും
അതേസമയം, മോശമായി പെരുമാറിയതിനാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് മുംബൈയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
യുവതിക്ക് നോട്ടീസ് നല്‍കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്ത ശേഷം പോകാന്‍ അനുവദിച്ചെന്ന് മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീക്ഷിത് ഗദം പറഞ്ഞു.