ഖുര്‍ആന്‍ ചിന്തിച്ചു ഗ്രഹിക്കേണ്ടതാണ്
ഒരു വക്രതയുമില്ലാത്ത പരിശുദ്ധ ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. ചിന്തിക്കുന്നവര്‍ക്ക് അതില്‍ ഒട്ടനവധി ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളുമുണ്ട്. ലവലേശം സംശയമില്ലാത്ത ഖുര്‍ആന്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് സന്മാര്‍ഗ ദര്‍ശകവുമാണ്. ഈ ഗ്രന്ഥത്തെ ഒരു മലയുടെ മുകളിലാണ് അല്ലാഹു അവതരിപ്പിച്ചിരുന്നതെങ്കില്‍ അത് വിനയാന്വിതമാകുന്നതും ദൈവഭയത്താല്‍ ഛിന്നഭിന്നമാകുന്നതും കാണാമായിരുന്നുവെന്ന് സൂറത്തുല്‍ ഹശ്ര്‍ 21-ാം സൂക്തത്തില്‍ വ്യക്തമാക്കുന്നുണ്ട്. അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ)ക്ക് അവതരിപ്പിച്ച ഖുര്‍ആന്‍ മുന്‍ കാല വേദങ്ങളെ സത്യമാക്കുന്നതാണ്. അല്ലാഹു പറയുന്നുണ്ട്: മുന്‍ വേദങ്ങളെ ശരി വെച്ചു കൊണ്ട് താങ്കള്‍ക്ക് അവന്‍ സത്യസമേതം ഗ്രന്ഥമിറക്കി, മാലോകര്‍ക്ക് മാര്‍ഗദര്‍ശകമായി നേരത്തെ തൗറാത്തും ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരുന്നു. സത്യ വിവേചക പ്രമാണവും അവന്‍ ഇറക്കി (സൂറത്തു ആലു ഇംറാന്‍ 3, 4). അതാണ് ഖുര്‍ആന്‍.
ഖുര്‍ആന്‍ അര്‍ത്ഥം ഗ്രഹിച്ചു മനസ്സിലാക്കി ചിന്തിക്കുന്നവരുടെ മനസ്സുകള്‍ വിനയാന്വിതമാവുമത്രെ. ഒരിക്കല്‍ നബി (സ്വ) അബ്ദുല്ലാഹി ബ്‌നു മസ്ഊദി(റ)നോട് പറയുകയുണ്ടായി: ”താങ്കള്‍ എനിക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു തരിക”. അദ്ദേഹം അത്ഭുതം പൂണ്ടു: ”ഞാന്‍ അങ്ങേയ്ക്ക് ഓതിത്തരികയോ, ഖുര്‍ആന്‍ തങ്ങള്‍ക്ക് അവതരിച്ചതാണല്ലാ!!” അപ്പോള്‍ നബി (സ്വ) പറഞ്ഞു: ”മറ്റുള്ളവരില്‍ നിന്ന് ഖുര്‍ആന്‍ ഓതി കേള്‍ക്കുന്നതാണ് എനിക്കിഷ്ടം”. അങ്ങനെ അബ്ദുല്ല (റ) സൂറത്തുന്നിസാഅ് പാരായണം ചെയ്തു തുടങ്ങി. 41-ാം സൂക്തം എത്തി. ”നബിയേ, എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെയും അവര്‍ക്കു സാക്ഷിയായി താങ്കളെയും നാം ഹാജരാക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതി” എന്ന് അര്‍ത്ഥമാക്കുന്നതാണ് ആ സൂക്തം. ഈ പാരായണം കേട്ട നബി (സ്വ) പറഞ്ഞു: ”നിര്‍ത്തൂ…” തങ്ങളുടെ (സ്വ) ഇരു കണ്ണുകളും ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.
യഥാര്‍ത്ഥ ഗ്രാഹ്യത്തോടെ ഖുര്‍ആന്‍ കേള്‍ക്കുകയാണെങ്കില്‍ ഹൃദയം വണങ്ങുകയും ആത്മാവ് സംസ്‌കരിക്കപ്പെടുകയും സല്‍സ്വഭാവങ്ങള്‍ രൂപീകരിക്കപ്പെടുകയും വഴി ജീവിതം സൗഭാഗ്യപൂര്‍ണമാകുന്നതാണ്. അക്കാര്യം അടിവരയിടുന്നതാണ് ഉമര്‍ ബ്‌നു ഖത്താബി(റ)ന്റെ ചരിത്ര സംഭവം. ത്വാഹാ സൂറത്തിലെ 14-ാം സൂക്തം (”ഞാനാണ് അല്ലാഹു. ഞാനല്ലാതെ ഒരു ദൈവമില്ല. അതുകൊണ്ട് എന്നെ ആരാധിക്കുകയും എന്നെ സ്മരിക്കാനായി നമസ്‌ക്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും ചെയ്യുക” എന്ന്) പാരായണം ചെയ്യുന്നത് കേട്ട ഉമര്‍ (റ) ഗാഢമായി ചിന്തിക്കുകയും സത്യം കണ്ടെത്തി സത്യവിശ്വാസം പ്രഖ്യാപിക്കുകയുമായിരുന്നു. ഖുര്‍ആനിക സൂക്തത്തിലെ സാര സമ്പൂര്‍ണമായ തത്ത്വജ്ഞാനങ്ങളും സാഹിതീയമായ സാരോപദേശങ്ങളും ഗ്രഹിച്ചതിനാലായിരുന്നു അത്.
അല്ലാഹു പറയുന്നുണ്ട്: ”ഈ ഖുര്‍ആനില്‍ സര്‍വ വിധ ഉപമകളും ജനങ്ങള്‍ക്കായി നാം പ്രതിപാദിച്ചിരിക്കുന്നു, അവര്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ വേണ്ടി. വക്രതാ രഹിതവും അറബിയിലുള്ളതുമായ വായിക്കപ്പെടുന്ന ഗ്രന്ഥം. അവര്‍ സൂക്ഷ്മത പുലര്‍ത്തി ജീവിക്കാന്‍” (സൂറത്തു സുമര്‍ 27, 28). ഖുര്‍ആന്‍ സത്യവിശാസികള്‍ക്ക് സന്മാര്‍ഗ ദര്‍ശകവും സകലര്‍ക്കും കാരുണ്യവുമാണ്. ”ഓതിക്കേള്‍പ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ താങ്കള്‍ക്ക് അവതീര്‍ണമായിരിക്കുന്നുവെന്നത് തന്നെ ദൃഷ്ടാന്തമായി പര്യാപ്തമല്ലേ അവര്‍ക്ക്” (സൂറത്തുല്‍ അന്‍കബൂത് 51).
പരിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതാണ്. ”നിശ്ചയം, നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അത് കാത്തു രക്ഷിച്ചു കൊള്ളുകയും ചെയ്യുന്നതാണ്” (സൂറത്തുല്‍ ഹിജ്ര്‍ 9). യാതൊരു വക്രീകരണവും മാറ്റിത്തിരുത്തലും കൂടാതെ ഖുര്‍ആന്‍ സുരക്ഷിതമായിരിക്കും. സത്യവിശ്വാസ ദൃഢത കൂടുതല്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ് ഖുര്‍ആന്‍ പാരായണവും ശ്രവണവും: ”അല്ലാഹുവിനെ കുറിച്ച് അനുസ്മരിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചു വിറ കൊള്ളുകയും അവന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നതാണ്” (സൂറത്തുല്‍ അന്‍ഫാല്‍ 02). ഖുര്‍ആന്‍ ശമനവുമാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളതാണ് ഖുര്‍ആനിലൂടെ നാം ഇറക്കുന്നത്” (സൂറത്തുല്‍ ഇസ്‌റാഅ് 82). ഖുര്‍ആന്‍ ഹൃദയങ്ങള്‍ക്ക് ശാന്തിയും സ്വസ്ഥതയുമാണ് നല്‍കുന്നത്: ”അറിയുക, ദൈവസ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങള്‍ക്ക് പ്രശാന്തി കൈവരികയുള്ളൂ” (സൂറത്തു റഅ്ദ് 28). അപ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്തും ഉള്‍ക്കൊണ്ടും ജീവിച്ചാല്‍ വിജയം സുനിശ്ചിതമാണ്: ”അപ്പോള്‍ ആര് അത് അനുധാവനം ചെയ്യുന്നുവോ, അവര്‍ മാര്‍ഗ ഭ്രഷ്ടരോ ഭാഗ്യശൂന്യരോ ആയിത്തീരില്ല” (സൂറത്തു ത്വാഹാ 123).
ഖുര്‍ആന്‍ പാരായണം, ശ്രവണം, പഠനം, അധ്യാപനം, മന:പാഠം, ഗഹനം, വിചിന്തനം എന്നിവയുമായി നമുക്ക് ജീവിതം സന്തുഷ്ടമാക്കാം. ”തീര്‍ച്ചയായും ഖുര്‍ആന്‍ അതിനെ കൊണ്ടു നടന്നയാളുകള്‍ക്ക് അന്ത്യനാളില്‍ ശിപാര്‍ശയുമായി എത്തുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്” (ഹദീസ് മുസ്‌ലിം 804).