പരിമിതികള്‍ മറികടന്ന് ഖുര്‍ആന്‍ പാരായണത്തില്‍ പ്രതിഭ തെളിയിച്ച മുഹമ്മദ് ഈസയെ ആദരിച്ചു
സോള്‍ ഓഫ് സക്‌സസ്: സൗഹൃദ സംഗമം നടത്തി
ദുബായ്: ശാരീരിക പരിമിതികള്‍ അതിജീവിച്ചു ഖുര്‍ആന്‍ പാരായണത്തില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ പതിമൂന്നുകാരന്‍ മുഹമ്മദ് ഈസ അബ്ദുല്‍ ഹാദിയെ ദുബായില്‍ ആദരിച്ചു. യുഎഇ ചാപ്റ്റര്‍ ജീലാനി സ്റ്റഡീസ് സെന്റര്‍ കമ്മിറ്റിയാണ് ആദരമര്‍പ്പിച്ചത്. സോള്‍ ഓഫ് സക്‌സസ് സൗഹൃദ സംഗമം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പണ്ഡിതനും വളാഞ്ചേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലുമായ മുഹമ്മദ് അബ്ദുറഹീം മുസ്‌ല്യാര്‍ വളപുരം മുഹമ്മദ് ഈസയ്ക്ക് ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു. എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ ചെയര്‍മാനും ഇമാറാത്തി കവിയുമായ ഡോ. അബ്ദുള്ള ബിന്‍ ഷമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും സ്രഷ്ടാവിന്റെ സ്മരണകള്‍ കൊണ്ട് ധന്യമാക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുഹമ്മദ് അബ്ദുറഹീം മുസ്‌ല്യാര്‍ പറഞ്ഞു. ജീവിത യാത്രയിലുടനീളം സ്രഷ്ടാവിനെ കുറിച്ചുള്ള ഓര്‍മകള്‍ ഉണ്ടാവണം. വ്യക്തമായ ദിശാബോധത്തോടെ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി പരലോക വിജയം നേടിയെടുക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അബ്ദുള്ള ബിന്‍ ഷമ്മ അബ്ദുല്‍ റഹീം മുസ്‌ല്യാരെ അറബ് ആദരവസ്ത്രമണിയിച്ചു.
സയ്യിദ് അബ്ദുല്‍ ഖാദര്‍ അല്‍ ബുഖാരി കടുങ്ങപ്പുരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം ബിരുദം കരസ്ഥമാക്കിയ പ്രവാസികളായ രണ്ടു വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മെമെന്റോ നല്‍കി പ്രത്യേകം അനുമോദിച്ചു. ഇമാം അഹ്മദ് അബ്ദുല്‍ ഫത്താഹ്, അബ്ദുല്‍ അസീസ് ഹുദവി പരതക്കാട്, ഹബീബ് ഹുദവി കാരകുന്ന്, ഖമറുല്‍ ഹുദാ ഹുദവി കാടാമ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് എടപ്പാള്‍ സ്വാഗതവും യുസഫ് ഹുദവി ഏലംകുളം നന്ദിയും പറഞ്ഞു.