രാഹുല്‍ കടവക്കോലു ആസ്റ്റര്‍ ഗ്രൂപ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍
ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ്രൂപ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായി രാഹുല്‍ കടവക്കോലുവിനെ നിയമിച്ചു. ഗ്രൂപ്പിന്റെ ബ്രാന്‍ഡ്, മാര്‍ക്കറ്റിംഗ്, കമ്മ്യൂണികേഷന്‍സ്, ഗോ റ്റു മാര്‍ക്കറ്റ് സ്ട്രാറ്റജി എന്നിവയെ രാഹുല്‍ നയിക്കും.
ഗ്രൂപ്പിലേക്ക് രാഹുലിനെ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര വൈദഗ്ധ്യവും ഈ രംഗത്തുള്ള പ്രത്യേക പരിജ്ഞാനവും കൈമുതലാക്കി ആസ്റ്ററിന്റെ മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹം സുപ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു.
സ്ട്രാറ്റജി, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിഗ്, കമ്യൂണികേഷന്‍, സ്‌പോര്‍ട്‌സ്, എന്റര്‍ടെയിന്‍മെന്റ് പ്രൊജക്റ്റുകള്‍ എന്നിവയില്‍ രാഹുലിന് 22 വര്‍ഷത്തെ പരിചയമുണ്ട്. ആസ്റ്ററില്‍ ചേരുന്നതിന് മുന്‍പ് രാഹുല്‍ 70ലധികം ബിസിനസുകളുള്ള രാകുട്ടെന്‍ (ഞമസൗലേി) ഗ്രൂപ്പിലായിരുന്നു. അവിടെ അദ്ദേഹം ഗ്‌ളോബല്‍ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, പാര്‍ട്ണര്‍ഷിപ് എന്നിവക്ക് നേതൃത്വം നല്‍കി. എഫ്‌സി ബാഴ്‌സലോണ, ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്‌സ്, എന്‍ബിഎ, ഡേവിസ് കപ്പ് എന്നിവയുമായുള്ള പങ്കാളിത്തത്തില്‍ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. കൂടാതെ സ്റ്റീഫന്‍ കറി, ആന്ദ്രെ ഇനിയേസ്റ്റ, മെസ്സിയുടെ സര്‍ക്യു ഡു സോലെയില്‍ ഷോ, ഷക്കീറയുടെ എല്‍ഡൊറാഡോ വേള്‍ഡ് ടൂര്‍ തുടങ്ങിയ പ്രൊജക്റ്റുകളുമായി ചേര്‍ന്ന് സുപ്രധാന റോളുകളില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഗ്‌ളോബല്‍ സ്‌പോര്‍ട്‌സ് ബിസിനസിനും അദ്ദേഹം നേതൃത്വം നല്‍കി.
പുതിയ നിയമനത്തില്‍ രാഹുല്‍ സന്തുഷ്ടി രേഖപ്പെടുത്തി.