യുഎഇയില്‍ റമദാന്‍ മാര്‍ച്ച് 23ന് ആരംഭിക്കാന്‍ സാധ്യത
ദുബായ്: യുഎഇയില്‍ റമദാന്‍ മാര്‍ച്ച് 23ന് ആരംഭിക്കാന്‍ സാധ്യതയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍. ഈ വര്‍ഷത്തെ റമദാന്‍ സമയം 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായേക്കുമെന്നും എന്നാല്‍, താപനില കുറഞ്ഞിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 21 ചൊവ്വാഴ്ച രാത്രി 21.23ന് സൂര്യാസ്തമയ ശേഷം റമദാനിലെ പുതിയ ചന്ദ്രക്കല ദൃശ്യമായേക്കുമെന്ന് പ്രവചിച്ച അദ്ദേഹം, അടുത്ത ദിവസം അത് പടിഞ്ഞാറന്‍ ചക്രവാളത്തിന് 10 ഡിഗ്രി മുകളിലായിരിക്കുമെന്നും 50 മിനിറ്റിനു ശേഷം അസ്തമിക്കുമെന്നും, അതുകൊണ്ടാണ് ഹിജ്‌റ വര്‍ഷം 1444ലെ റമദാന്‍ മാസത്തിന്റെ ആദ്യ ദിവസം 2023 മാര്‍ച്ച് 23 വ്യാഴാഴ്ച ആരംഭിക്കാന്‍ സാധ്യതയെന്ന് താന്‍ പ്രവചിച്ചതെന്നും, ഏപ്രില്‍ 21 വെള്ളിയാഴ്ച ഈദ് അല്‍ ഫിത്വര്‍ ആദ്യ ദിവസമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
റമദാന്‍ തുടക്കത്തില്‍ ഏകദേശം പതിമൂന്നര മണിക്കൂറാകും പകല്‍ സമയ ദൈര്‍ഘ്യം. മാസാവസാനത്തോടെ 14 മണിക്കൂറും 13 മിനിറ്റും എന്ന നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ജ്യോതിശാസ്ത്രപരമായി മാര്‍ച്ച് 21ന് വസന്തകാലം ആരംഭിക്കുന്നതിനാല്‍, ഇതൊരു വസന്തകാല റമദാനായിരിക്കുമെന്നും, അടുത്ത വര്‍ഷത്തെ റമദാന്‍ ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ അവസാനത്തിലായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇസ്‌ലാമിക ചാന്ദ്ര കലണ്ടര്‍ ഗ്രിഗോറിയനെക്കാള്‍ ഏകദേശം 10 ദിവസം കുറവായതിനാല്‍ റമദാന്‍ അതേ ശരാശരി തീയതിയില്‍ തുടരാന്‍ ഏകദേശം 32 വര്‍ഷമെടുക്കും.