CommunityFEATUREDReligionUAE

ഖുര്‍ആനിന്റെ റമദാന്‍

മാനുഷ്യകത്തിന് വഴികാട്ടിയും സത്യാ-സത്യ വിവേചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളുമായി ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. അതുകൊണ്ട്, നിങ്ങളാരെങ്കെിലും ആ മാസം നാട്ടിലുണ്ടെങ്കില്‍ വ്രതമനുഷ്ഠിക്കണം (സൂറത്തുല്‍ ബഖറ 185).
പരിശുദ്ധ റമദാന്‍ മാസം വിശുദ്ധ ഖുര്‍ആനിന്റെ അവതരണം കൊണ്ടും നിര്‍ബന്ധ വ്രതാനുഷ്ഠാനം കൊണ്ടും പ്രത്യേകമായതാണ്. മാലാഖ ജിബ്‌രീല്‍ (അ) റമദാനിലെ എല്ലാ രാത്രിയിലും നബി സവിധത്തില്‍ ചെന്ന് ഖുര്‍ആന്‍ പാഠം ചെയ്യിക്കുമായിരുന്നത്രെ (ഹദീസ് ബുഖാരി 06).
മനുഷ്യന് സ്വഭാവ ശുദ്ധീകരണവും ആത്മ സംസ്‌കരണവും നടത്തി ഭയഭക്തിയുണ്ടാക്കുന്ന ഘടകങ്ങള്‍ രണ്ടിലുമുണ്ട്. മുന്‍ സമുദായങ്ങള്‍ക്കെന്ന പോലെ മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിനും വ്രതാനുഷ്ഠാനം നിയമമാക്കപ്പെട്ടിരിക്കുന്നുവെന്ന് അല്ലാഹു പറഞ്ഞതാണ്. ലവലേശം സംശയത്തിന്റെ കണിക പോലുമില്ലാത്ത വിധം പരിശുദ്ധ ഖുര്‍ആന്‍ ഭയഭക്തരായ സൂക്ഷ്മാലുക്കള്‍ക്കുള്ള സന്മാര്‍ഗ ദര്‍ശനവുമാണ്. ഖുര്‍ആനിന്റെ കാര്യത്തിലുള്ള സൂക്ഷ്മാലുക്കള്‍ (മുത്തഖീങ്ങള്‍) യഥാവിധി അര്‍ത്ഥം മനസ്സിലാക്കി ചിന്തിച്ചു പാരായണം ചെയ്യുന്നവരും പരിപാലിക്കുന്നവരുമാണ്. അല്ലാഹു തന്നെ പറയുന്നുണ്ട്: താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമാണിത്. ഇതിലെ സൂക്തങ്ങള്‍ ആളുകള്‍ ചിന്താവിധേയമാക്കാനും ബുദ്ധിശാലികള്‍ പാഠമുള്‍ക്കൊള്ളാനും വേണ്ടി (സൂറത്തു സ്വാദ് 29).
ആശയങ്ങള്‍ മനസ്സിലിരുത്തി വിചിന്തനങ്ങള്‍ നടത്തി പാരായണം നടത്തുകയും അതനുസരിച്ച് ജീവിതം പാകപ്പെടുത്തുകയും ചെയ്യാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ അല്ലാഹു ഇറക്കിയിരിക്കുന്നത്.
സൂറത്തുല്‍ അന്‍ആം 155-ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നു: ഈ ഖുര്‍ആന്‍ നാം അവതരിപ്പിച്ച അനുഗൃഹീത ഗ്രന്ഥമത്രെ. അതുകൊണ്ട് നിങ്ങളത് അനുധാവനം ചെയ്യുകയും കല്‍പനകള്‍ സൂക്ഷിക്കുകയും ചെയ്യുക. ഖുര്‍ആനിനെ അനുധാവനം ചെയ്യുന്നത് ഹൃദയത്തിന് പ്രഭകള്‍ പകരും. മനസ്സിന് ശാന്തി-സമാധാനങ്ങള്‍ നല്‍കും. മാത്രമല്ല, ഇഹ-പരലോക വിജയങ്ങള്‍ക്ക് തന്നെ കാരണമാകും. തങ്ങളുടെ നാഥന്റെ അനുമതിയനുസരിച്ച് മനുഷ്യരെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് പ്രതാപശാലിയും സ്തുത്യര്‍ഹനുമായവന്റെ ഭുവന-വാനങ്ങളിലുള്ളവയുടെ ഉടമയായ അല്ലാഹുവിന്റെ പന്ഥാവിലേക്ക് കൊണ്ടുവരാനായി താങ്കള്‍ക്ക്‌നാമവതരിപ്പിച്ചു തന്ന വേദമാണിത് (സൂറത്തു ഇബ്രാഹിം 01). ”നിശ്ചയം, ഈ ഖുര്‍ആന്‍ ഏറ്റവും ഋജുവായതിലേക്ക് നയിക്കുന്നതാണ്” (സൂറത്തുല്‍ അന്‍ആം 155).
ഖുര്‍ആനും നോമ്പും നല്‍കി അല്ലാഹു നമ്മെ ആദരിച്ചിരിക്കുകയാണ്. രണ്ടും ജീവിതത്തില്‍ അനുഷ്ഠിക്കുന്നവര്‍ക്ക് മരണാനന്തരം ശുപാര്‍ശകരായെത്തും. നബി (സ്വ) പറയുന്നു: വ്രതവും ഖുര്‍ആനും അന്ത്യനാളില്‍ മനുഷ്യന് ശിപാര്‍ശ ചെയ്യുമത്രെ. വ്രതം പറയും: ഞാന്‍ ഇദ്ദേഹത്തിന് പകലില്‍ ഭക്ഷണവും വികാരങ്ങളും വിലക്കിയതാണ്. അക്കാരണത്താല്‍ നീ ഇദ്ദേഹത്തിനുള്ള എന്റെ ശിപാര്‍ശ സ്വീകരിക്കണം. ഖുര്‍ആന്‍ പറയും: ഞാന്‍ ഇദ്ദേഹത്തിന് രാത്രിയില്‍ ഉറക്കം തടസ്സപ്പെടുത്തിയതാണ്, അതിനാല്‍ നീ ഇദ്ദേഹത്തിന് എന്റെ ശിപാര്‍ശ സ്വീകരിക്കണം. അങ്ങനെ വ്രതത്തിന്റെയും ഖുര്‍ആനിന്റെയും ശിപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ് (ഹദീസ് അഹ്മദ് 6785).
ഖുര്‍ആന്‍ പാരായണം സൗഭാഗ്യങ്ങള്‍ വരുത്തുന്നതാണ്. മാത്രമല്ല, ഇരട്ട പ്രതിഫലാര്‍ഹതകള്‍ സമ്മാനിക്കുകയും സ്ഥാന ഉയര്‍ച്ചകള്‍ നല്‍കുന്നതുമാണ്. ഖുര്‍ആനിലെ ഓരോ അക്ഷരം പാരായണം ചെയ്താലും ഒരു നന്മയുടെ സ്ഥാനത്താണത്. ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലവുമുണ്ട് (ഹദീസ് തുര്‍മുദി 2910). ഖുര്‍ആന്‍ അനുവര്‍ത്തിച്ചവനോട് അന്ത്യനാളില്‍ പാരായണം ചെയ്യാനും ഉയരാനും ഐഹിക ലോകത്തോട് ഓതിയത് പോലെ സ്വരഭംഗിയോടെ ഓതാനും വിളിച്ചു പറയുമത്രെ. തന്റെ സ്ഥാനം അവസാനം ഓതിയ സൂക്തം പ്രകാരമായിരിക്കുമെന്നും അറിയിക്കും (ഹദീസ് തുര്‍മുദി 2914).

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.