‘മൈക്കി’ലൂടെ രഞ്ജിത് സജീവിന് മികച്ച നവാഗത പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്
പ്രവാസ ലോകത്ത് നിന്നും യുവ താരത്തിന് ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യം
ദുബായ്: ‘മൈക്’ എന്ന മലയാളം സിനിമയിലൂടെ അഭിനയത്തിന് മികച്ച നവാഗത പ്രതിഭയ്ക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രവാസി മലയാളി താരം രഞ്ജിത് സജീവിന് ലഭിച്ചു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിച്ച മലയാളം സിനിമയാണ് മൈക്. ഇതില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് യുവ താരവും ദുബായിലെ പ്രവാസിയുമായ രഞ്ജിത് സജീവാണ്.
പ്രവാസ ലോകത്ത് നിന്നുള്ള ഒരു യുവ താരത്തിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമായാണ്. ഇപ്രകാരം മികച്ച നവാഗത പ്രതിഭയ്ക്കുള്ള വിഭാഗത്തിലാണ് അവാര്‍ഡ്. മികച്ച പ്രേക്ഷക പ്രശംസകളോടെ തിയ്യറ്ററിലും ഒടിടി പ്‌ളാറ്റ്‌ഫോമിലും മൈക് സിനിമ മുന്നേറിയിരുന്നു. ഈ ചിത്രത്തിലൂടെ നവാഗതനായി എത്തിയ രഞ്ജിത് സജീവിന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടി. തുടര്‍ന്ന് നിരവധി സിനിമകളില്‍ രഞ്ജിത്തിനെ തേടി അവസരങ്ങളുമെത്തി.
നടന്‍ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാജിദ് യഹ്‌യ സംവിധാനം നിര്‍വഹിക്കുന്ന ‘ഖല്‍ബ്’ എന്ന ചിത്രത്തില്‍ നായക കഥാപാത്രമായാണ് രഞ്ജിത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഫ്രാന്‍സിസ് ഷിനില്‍ ജോര്‍ജ് ഒരുക്കുന്ന ‘മോദ’ എന്ന ചിത്രത്തില്‍ ദിലീഷ് പോത്തനോടൊപ്പം കേന്ദ്ര കഥാപാത്രമായി രഞ്ജിത് അഭിനയിക്കുന്നുണ്ട്. ദുബായില്‍ പഠിച്ചു വളര്‍ന്ന് തനിക്ക് ലഭിക്കുന്ന തുടര്‍ച്ചയായ മലയാള സിനിമാ അവസരങ്ങളില്‍ ഏറെ സന്തോഷമുണ്ടെന്ന് രഞ്ജിത് സജീവ് പറഞ്ഞു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പോലുള്ള വലിയ അംഗീകാരം വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ലഭിക്കുകയെന്നത് ഏറെ സന്തോഷം പകരുന്നതാണെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.