‘അല്‍ മാതിയ ക്‌ളബ്’ സംഗമത്തില്‍ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു
ദുബായ്: യുഎഇയിലെ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ദുബായ് വാഫി സിറ്റിയിലെ റാഫ്ള്‍സ് ഹോട്ടലില്‍ നടന്ന ‘അല്‍ മാതിയ ക്‌ളബ്ബി’ന്റെ ബിസിനസ് സംഗമത്തില്‍ പ്രമുഖ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു. പ്രൗഢ ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തിയ ശൈഖ് സഖര്‍ അല്‍ ഖാസിമി, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ മുഅല്ല, ശൈഖ് അബ്ദുല്ല അല്‍ ശര്‍ഖി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി. നാളിതു വരെയായി നിയമപരമായി ചെയ്തുവരുന്ന സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്. ജീവകാരുണ്യ മേഖലയില്‍ സജീവമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍ ശ്‌ളാഘിച്ചു.
അവാദ് ബിന്‍ മെര്‍ജെന്‍, പ്രമുഖ ബിസിനസ് സംരംഭകനായ സജി ചെറിയാന്‍, ഡോ. താഹിര്‍ കല്ലാട്ട്, അല്‍ മാതിയ ക്‌ളബ്ബിന്റെ ആദ്യ കോച്ചുകളായ അബ്ദുല്‍ റഹീം അല്‍ സാദിഖ്, സുലൈമാന്‍ അല്‍കാഷിഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.