ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തന്റെ പതിനാലാം എഡിഷന്‍ ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തി(എസ്‌സിആര്‍എഫ് 2023)ന്റെ പതിനാലാം എഡിഷന്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, യുഎഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ഷാര്‍ജ ഭരണാധികാരിയുടെ പുത്രിയും കലിമത് ഗ്രൂപ് സ്ഥാപകയും സിഇഒയുമായ ശൈഖാ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി, ഇന്റര്‍നാഷണല്‍ പബ്‌ളിഷേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റും ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്‍മാനുമായ ശൈഖ് സാലം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, ഷാര്‍ജ എയര്‍പോര്‍ട്ട് അഥോറിറ്റി ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍ ഖാസിമി, ഈജിപ്ഷ്യന്‍ സാംസ്‌കാരിക മന്ത്രി ഡോ. നിവീന്‍ അല്‍ കീലാനി എന്നിവര്‍ക്ക് പുറമെ, സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കുരുന്നു മനസ്സുകളിലെ സര്‍ഗാത്മകത ഉത്തേജിപ്പിക്കാനും അവരെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കാനുമായി സംഘടിപ്പിക്കുന്ന ഈ മേഖലയിലെ ഏറ്റവും വലിയ ഉത്സവമാണ് എസ്‌സിആര്‍എഫ്. മെയ് 14 വരെ നടക്കുന്ന വായനോല്‍സവത്തിന്റെ പ്രമേയം ‘നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക’ (ട്രെയ്ന്‍ യുവര്‍ ബ്രെയ്ന്‍) എന്നതാണ്.
ഉദ്ഘാടനത്തിന് ശേഷം ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി ഫെസ്റ്റിവല്‍ പവലിയനുകളില്‍ പര്യടനം നടത്തി. 66 രാജ്യങ്ങളില്‍ നിന്നുളള 141 അറബ്, അന്തര്‍ദേശീയ പ്രസാധകരാണ് ഈ വര്‍ഷം പ്രദര്‍ശനത്തിലുള്ളത്. 457 രചയിതാക്കള്‍, കലാകാരന്മാര്‍, പ്രസാധകര്‍, ചിത്രകാരന്മാര്‍, വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന എസ്‌സിആര്‍എഫില്‍ 1,752 ബാല ബോധന പരിപാടികള്‍ക്കള
നതൃത്വം നല്‍കും.
യുഎഇ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സിന്റെയും യുഎഇ ബോര്‍ഡ് ഓണ്‍ ബുക്‌സ് ഫോര്‍ യൂത്‌സിന്റെയും സ്ഥാപനങ്ങള്‍ക്ക് പുറമെ, വിദ്യാഭ്യാസ മന്ത്രാലയം, ഹൗസ് ഓഫ് വിസ്ഡം, ഷാര്‍ജ പ്രൈവറ്റ് എജ്യുകേഷന്‍ അഥോറിറ്റി, സോഷ്യല്‍ സര്‍വീസ് വകുപ്പ് എന്നിവയുടെ പവലിയനുകളും ശൈഖ് സുല്‍ത്താന്‍ സന്ദര്‍ശിച്ചു.
എമിറേറ്റ്‌സ് പബ്‌ളിഷേഴ്‌സ് അസോസിയേഷന്‍, സാംസ്‌കാരിക വകുപ്പ്, എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്‌ളിഷിഷ്‌മെന്റ് (ഇഎസ്ഇ) എന്നിവയുടെ പ്രദര്‍ശനങ്ങളും ഷാര്‍ജ ഭരണാധികാരി സന്ദര്‍ശിച്ചു. ഭാവി നേതാക്കളെയും ഇന്നൊവേറ്റര്‍മാരെയും സൃഷ്ടിക്കാന്‍ എസ്‌സിആര്‍എഫ് വഴിയൊരുക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) അധികൃതര്‍ പ്രത്യാശിച്ചു. ഓരോ പവലിയനിലെയും പ്രതിനിധികള്‍ എസ്‌സിആര്‍എഫിന്റെ കുരുന്നുകളുടെ കഴിവുകളും വ്യക്തിത്വവും പരിപോഷിപ്പിക്കാന്‍ ഫെസ്റ്റിവലിനായി ക്യുറേറ്റ് ചെയ്ത ഏറ്റവും പ്രമുഖമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശൈഖ് സുല്‍ത്താനെ ധരിപ്പിച്ചു.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്‍കുന്ന വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസപരവും ക്രിയാത്മകവുമായ വേദികള്‍ എന്നിവക്ക് പുറമെ, എസ്‌സിആര്‍എഫിന്റെ അജണ്ടയെ കുറിച്ചും പങ്കെടുക്കുന്ന എന്‍ട്രികളെ സംബന്ധിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.
4 രാജ്യങ്ങളില്‍ നിന്നുള്ള 15 സര്‍ഗപ്രതിഭകള്‍ നയിക്കുന്ന ശില്‍പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍, റോമിംഗ് ഷോകള്‍ എന്നിവയുടെ ഒരു പരമ്പര ഉള്‍പ്പെടെ 323 പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന, ലോകമെമ്പാടുമുള്ള ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന
കോമിക്‌സ് കോര്‍ണറും ഇതിലുള്‍പ്പെടന്നു.
എസ്‌സിആര്‍എഫ് 2023 കുട്ടികളുടെയും യുവാക്കളുടെയും കഴിവുകളെ പഠിപ്പിക്കുന്നതിലും ശുദ്ധീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രമായ വായനയും സര്‍ഗാത്മക അന്തരീക്ഷവും പ്രദാനം ചെയ്യാനുള്ള ഷാര്‍ജയുടെ ശ്രമങ്ങളെ പിന്തുണക്കുന്നു. പഠിക്കാനും മൂല്യങ്ങള്‍ കെട്ടിപ്പടുക്കാനും അവരുടെ ആധികാരിക ഐഡന്റിറ്റി സംരക്ഷിക്കാനും പുസ്തകങ്ങള്‍ വായിക്കാനും ഉപയോഗിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്നതില്‍ ഇത് പങ്കാളികളാക്കുന്നു. അതിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുള്ള കുടുംബങ്ങളെയും ഇത് ലക്ഷ്യമിടുന്നു.
12 ദിവസത്തിനുള്ളില്‍ 93 അറബ്, 48 വിദേശ പ്രസാധകരില്‍ നിന്നും കുട്ടികളുടെ സാഹിത്യത്തിലെ ഏറ്റവും പുതിയ ശീര്‍ഷകങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും എസ്‌സിആര്‍എഫ് അവസരം നല്‍കും. യുകെ, സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്താന്‍, അല്‍ജീരിയ, ഇറാഖ് എന്നിവയാണ് ഈ എഡിഷനില്‍ പങ്കെടുക്കുന്ന മുന്‍നിര രാജ്യങ്ങള്‍. ഈ വര്‍ഷം 77 പ്രസാധകരുമായി യുഎഇ ഒന്നാം സ്ഥാനത്തും 12 പ്രസാധകരുമായി ലബനാന്‍ അടുത്ത സ്ഥത്ത് എത്തിയിട്ടുണ്ട്.
കുട്ടികള്‍ക്കായി കല, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ശില്‍പശാലകള്‍ ഉള്‍പ്പെടെ 946 പ്രോഗ്രാമുകളും 136 നാടക പ്രദര്‍ശനങ്ങളും പ്രകടനങ്ങളും അരങ്ങേറും. 16 കലാകാരന്മാര്‍ നയിക്കുന്ന 136 നാടക പ്രകടനങ്ങള്‍, റോമിംഗ് ഷോകള്‍, അക്രോബാറ്റ്, സംഗീത കച്ചേരികള്‍ എന്നിവയും ഫെസ്റ്റിവലില്‍ നടക്കും. ‘അക്ബര്‍ ദി ഗ്രേറ്റ് നഹി രഹേ’ (ഹിന്ദിയിലും ഉര്‍ദുവിലും) എന്ന ഹാസ്യ നാടകവും ലോകമെമ്പാടും അവതരിപ്പിച്ച കുട്ടികളുടെ ഷോ ‘മസാക കിഡ്‌സ് ആഫ്രികാനയും ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
21 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍, എഴുത്തുകാര്‍, സ്രഷ്ടാക്കള്‍ എന്നിവരുള്‍പ്പെടെ 68 അതിഥികള്‍ 14-ാമത് എസ്‌സിആര്‍എഫിലുണ്ടാകും. അവര്‍ പാനല്‍ ചര്‍ച്ചകള്‍ക്കും മറ്റു പരിപാടികള്‍ക്കും നേതൃത്വം നല്‍കും. കുട്ടികളില്‍ ആശയവിനിമയ ശേഷികള്‍ വികസിപ്പിക്കുന്നതിലും അവരുടെ സര്‍ഗാത്മകവും ബൗദ്ധികവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെഷനുകളുണ്ടാകുന്നതാണ്. അതേസമയം, കുക്കറി കോര്‍ണറില്‍ 9 രാജ്യങ്ങളില്‍ നിന്നുള്ള 13 പ്രശസ്ത പാചകക്കാര്‍ അവതരിപ്പിക്കുന്ന 33ലധികം പാചക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും.
എല്ലാ പ്രായക്കാരെയും ലക്ഷ്യമിട്ട് ഇന്‍ഫ്‌ളുവന്‍സര്‍മാരും ഉള്ളടക്ക സ്രഷ്ടാക്കളും നയിക്കുന്ന 72 പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയ സ്‌റ്റേഷനിലുണ്ടാകും.