ജബല്‍ ജൈസ് ഒറ്റക്കാലില്‍ നടന്നു കയറിയ ഷഫീഖ് ഇനി മറ്റുള്ളവരെ പോലെ നടക്കും
മോബിലിസ് മെഡിക്കല്‍ മാനുഫാക്ചറിംഗ് എല്‍എല്‍സി ജര്‍മന്‍ ടെക്‌നോളജിയാല്‍ നിര്‍മിച്ചു നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ലിംബ് കൈമാറുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചു
ദുബായ്: യുഎഇ ദേശീയ ദിനത്തില്‍ റാസല്‍ഖൈമയിലെ ജബല്‍ ജൈസ് ഒറ്റക്കാലില്‍ നടന്നു കയറി ശ്രദ്ധേയനായ ഷഫീഖ് പാണക്കാടന് ഇനി മുന്നോട്ടുള്ള യാത്രയില്‍ മറ്റുള്ളവരെ പോലെ നടക്കാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്മാര്‍ട് ഫാക്ടറികളിലൊന്നായ ഡിഐപിയിലുള്ള മോബിലിസ് മെഡിക്കല്‍ മാനുഫാക്ചറിംഗ് എല്‍എല്‍സി അത്യാധുനിക സൗകര്യങ്ങളോട് കൂടി പൂര്‍ണമായും ജര്‍മന്‍ ടെക്‌നോളജിയാല്‍ നിര്‍മിച്ചു നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ലിംബിലൂടെയാണ് ഷഫീഖ് പാണക്കാടന്‍ നടക്കാന്‍ തുടങ്ങുന്നത്. ആര്‍ട്ട് ഫിഷ്യല്‍ ലിംബ് കൈമാറുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പി.കെ അന്‍വര്‍ നഹ, മുഹമ്മദ് കമ്മിളി, കുഞ്ഞിമുഹമ്മദ് പടിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഒറ്റക്കാലില്‍ കാര്‍ഷിക സമരങ്ങളോട് ഐക്യപ്പെട്ട് വയനാട് ചുരം നടന്ന് കയറുകയും, യുഎഇ ദേശീയ ദിനത്തില്‍ റാസല്‍ഖൈമ ജബല്‍ ജൈസ് മലനിരകള്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കൊപ്പം ഇദ്ദേഹം കീഴടക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ പ്‌ളെയറും കേരള സ്വിമ്മിംഗ് ചാമ്പ്യനുമാണ് 2022ലെ കേരള സര്‍ക്കാറിന്റെ സോഷ്യല്‍ ജസ്റ്റിസ് അവാര്‍ഡ് കരസ്ഥമാക്കിയ ഷഫീഖ്.
മുന്നോട്ടുള്ള യാത്രയില്‍ പുതിയ കാല്‍ ഷഫീഖിന്റെ യാത്രകളെ കൂടുതല്‍ എളുപ്പമുള്ളതാവട്ടെയെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ആശംസിച്ചു.