EducationFEATUREDGovernmentScienceTechnologyUAEWorld

ഷാര്‍ജ കുട്ടികളുടെ വായനോത്സവം മെയ് 3 മുതല്‍

66 രാജ്യങ്ങളില്‍ നിന്നും 512 അതിഥികള്‍. 1,658 ശില്‍പശാലകളും സെഷനുകളും

ഷാര്‍ജ: ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലി(എസ്‌സിആര്‍എഫ്)ന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പതിനാലാം പതിപ്പ് മെയ് 3ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ 14 വരെ നടക്കും. ഈ വര്‍ഷത്തെ സാംസ്‌കാരിക പരിപാടിയില്‍ 66 രാജ്യങ്ങളില്‍ നിന്നുള്ള 512 അതിഥികള്‍ പങ്കെടുക്കും. ആകര്‍ഷകമായ 1,658 ശില്‍പശാലകളും സെഷനുകളും പുതിയ ബാലസാഹിത്യ സൃഷ്ടികളുടെ പ്രദര്‍ശനവുമുണ്ടാകുമെന്ന് സംഘാടകരായ ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി അറിയിച്ചു.

‘ട്രെയ്ന്‍ യുവര്‍ ബ്രെയ്ന്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന വായനോല്‍സവം 12 ദിവസം നീളും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സും ബുക് സെല്ലേഴ്‌സ് കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പും ഉള്‍പ്പെടെ ഒട്ടേറെ ആവേശകരമായ പരിപാടികള്‍ അവതരിപ്പിക്കുന്നതാണ്.
ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സ്
എസ്‌സിആര്‍എഫ് ഭാഗമായി മെയ് 3 മുതല്‍ 5 വരെ ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന പതിപ്പ് എസ്ബിഎ സംഘടിപ്പിക്കും. ഇത് ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും. ഇറ്റലിയിലെ ബെര്‍ഗാമോ ആനിമേഷന്‍ ഡേയ്‌സ് (ബിഎഡി) ഫെസ്റ്റിവലിന്റെ പങ്കാളിത്തത്തോടെയാണ് ഇവന്റ് നടക്കുന്നത്.
11 മാസ്റ്റര്‍ ക്‌ളാസുകള്‍, 6 വര്‍ക്‌ഷോപ്പുകള്‍, 3 പാനല്‍ ചര്‍ച്ചകള്‍, ഊര്‍ജസ്വലമായ പ്രൊഫഷണല്‍ അജണ്ട എന്നിവയിലൂടെ ആളുകള്‍ക്ക് ഒത്തുചേരാനും ആശയങ്ങള്‍ കൈമാറാനും അര്‍ത്ഥവത്തായ കണക്റ്റിവിറ്റി സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും.
www.sharjahanimation.com   വഴി സന്ദര്‍ശകര്‍ക്ക് കോണ്‍ഫറന്‍സിനെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് കൂടുതല്‍ അറിയാനും ടിക്കറ്റ് ബുക് ചെയ്യാനും കഴിയും.

ബുക് സെല്ലേഴ്‌സ് കോണ്‍ഫറന്‍സ്
ലോകമെമ്പാടുമുള്ള 52 രാജ്യങ്ങളില്‍ നിന്നുള്ള 223 പേരും 17 അറബ് രാജ്യങ്ങളില്‍ നിന്നുള്ള 160 പേരും ഉള്‍പ്പെടെ 383 പുസ്തക വിതരണക്കാരെ ഒരുമിച്ച് കൊണ്ടുവരുന്ന ബുക് സെല്ലേഴ്‌സ് കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പില്‍ ബാലസാഹിത്യ രംഗത്തെ ഏറ്റവും പുതിയ വാഗ്ദാനങ്ങളായ എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും പരിചയപ്പെടുത്തും.

പുതിയ വിപണികളിലെ പുസ്തക വിതരണം സംബന്ധിച്ച നൂതന കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുക. ഈ വര്‍ഷം സെമിനാറുകളും വര്‍ക് ഷോപ്പുകളുമുണ്ടാകും.
കുട്ടികളുടെ ഭാവിക്ക് നമ്മുടെ ചിന്തകളെ രൂപപ്പെടുത്താന്‍ കഴിയുമെന്ന് അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി പറഞ്ഞു.

”ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും അദ്ദേഹത്തിന്റെ പത്‌നിയും ഫാമിലി അഫയേഴ്‌സ് സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ ശൈഖാ  ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളുമുള്ളതിനാല്‍, പുതിയ തലമുറകളെ കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ഞങ്ങള്‍ ശ്രമങ്ങള്‍ നടത്തുകയാണ്” അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും മികച്ച ചിന്താ ശേഷി നല്‍കുകയും അവര്‍ക്കായി പഠനം, നൈപുണ്യ വികസനം, ഇന്നൊവേഷന്‍, നവീകരണം എന്നിവയുടെ വാതിലുകള്‍ തുറക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യവും പദ്ധതിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”2010 ലെ എസ്‌സിആര്‍എഫിന്റെ ഉദ്ഘാടന പതിപ്പ് മുതല്‍, എസ്ബിഎ ലോകത്തിന് അര്‍ത്ഥവത്തായ സന്ദേശമാണ് നല്‍കിയത്. കുട്ടികളെ പുസ്തകങ്ങളുമായി ബന്ധിപ്പിക്കുന്നതിലും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും എസ്ബിഎ ശ്രദ്ധിക്കുന്നു”
-ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അഥോറിറ്റി ഡയറക്ടര്‍ റാഷിദ് അബ്ദുല്ല അല്‍ ഉബൈദ് പറഞ്ഞു.
പ്രസാധക പവലിയനുകള്‍, കുട്ടികളുടെ പുസ്തകങ്ങളുടെ ചിത്രീകരണ പ്രദര്‍ശനം, ശില്‍പശാലകള്‍, കുക്കറി കോര്‍ണര്‍, സോഷ്യല്‍ മീഡിയ സ്റ്റേഷന്‍, കോമിക്‌സ് കോര്‍ണര്‍ എന്നിങ്ങനെ ആറ് ഇടങ്ങളിലായാണ് ആക്റ്റിവിറ്റികള്‍ വ്യാപിച്ചിരിക്കുന്നത്. കൂടാതെ, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും തിയ്യറ്റര്‍ പ്രൊഡക്ഷനുകളും ആര്‍ട്ട് ഷോകേസുകളും റോമിംഗ് ഷോകളും സാഹിത്യ ചര്‍ച്ചകളും സാംസ്‌കാരിക സെഷനുകളും ആസ്വദിക്കാം.
എസ്ബിഎ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എസ്‌സിആര്‍എഫ് ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഖൗല അല്‍ മുജൈനി,
എസ്ബിഎ പബ്‌ളിഷേഴ്‌സ് സര്‍വീസസ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹസനി,
പ്രയോജകരായ ഇത്തിസാലാത്ത് ബൈ ഇ & ബിസിനസ് പാര്‍ട്ണര്‍ഷിപ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ അമീമി എന്നിവരും പങ്കെടുത്തു

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.