ഷാര്‍ജ മ്യൂസിയം 30-ാം വാര്‍ഷികം
ഷാര്‍ജ: 1993ല്‍ സ്ഥാപിതമായ ഷാര്‍ജ ആര്‍കിയോളജി മ്യൂസിയം 30-ാം വാര്‍ഷികം ആഘോഷിക്കുന്നു. പ്രത്യേകിച്ചും, കല്‍ബ, മലീഹ പോലുള്ള സ്ഥലങ്ങളില്‍ ഷാര്‍ജയിലെ ഖനനങ്ങളുടെയും അതുല്യമായ കണ്ടെത്തലുകളുടെയും എണ്ണത്തിലുണ്ടായ വര്‍ധനയാണ് എമിറേറ്റില്‍ ഇത്തരത്തിലുള്ള ആദ്യ മ്യൂസിയം സ്ഥാപിക്കാന്‍ വഴിയൊരുക്കിയത്.
ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം ഇമാറാത്തി, ഫ്രഞ്ച് മ്യൂസിയോളജി വിദഗ്ധരും ഷാര്‍ജയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച പുരാവസ്തു ഗവേഷകരും അടങ്ങുന്ന ഒരു കമ്മിറ്റിയെ ഇത് സ്ഥാപിക്കുന്നതിന് സഹായിക്കാന്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.
”യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും സുപ്രധാന സംഭവങ്ങളുടെ സ്മരണ നിറഞ്ഞ ഇന്ന് ഷാര്‍ജ മ്യൂസിയം അഥോറിറ്റിക്ക് മഹത്തരമായൊരു ദിവസമാണ്” -ഷാര്‍ജ മ്യൂസിയംസ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ മനാല്‍ അതായ പറഞ്ഞു.
മൂന്ന് നിലകളിലായി നിരവധി ഹാളുകളില്‍ വിഖ്യാതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനത്തിന് സൗകര്യമൊരുക്കിയിരിന്നത്. നിയോലിത്തിക് യുഗം, ബിസി 2, 3 മില്ലേനിയം, ഇരുമ്പ് യുഗം, ഹെല്ലനിസ്റ്റിക് യുഗം, ഇസ്‌ലാമിക് യുഗം എന്നിവയുള്‍പ്പെടെ വിവിധ കാലഘട്ടങ്ങളിലെ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മറ്റ് ഹാളുകള്‍ പുരാവസ്തുക്കളുടെയും മറ്റും പുനരുദ്ധാരണത്തിനായി സമര്‍പ്പിച്ചിരികയാണ്.
അടുത്തിടെ, കുട്ടികള്‍ക്കായുള്ള ഇന്ററാക്ടീവ് ഹാള്‍ ഇവിടെ തുറന്നിട്ടുണ്ട്. പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താല്‍പര്യക്കാര്‍ക്കും വിജ്ഞാന സ്രോതസ്സ് എന്ന നിലയില്‍ മ്യൂസിയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.