ഷാര്‍ജ ചേംബര്‍ ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ ആരംഭിച്ചു
ഷാര്‍ജ: സൗഹൃദ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ബിസിനസ് കൗണ്‍സിലുകള്‍ സ്ഥാപിക്കുക എന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്‌സിസിഐ) ഷാര്‍ജയില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷണല്‍ കൗണ്‍സില്‍ ആരംഭിച്ചു. ഇന്ത്യന്‍ ബിസിനസ് കമ്യൂണിറ്റികള്‍ക്ക് തമ്മിലുള്ള വ്യാപാരവും നിക്ഷേപ കൈമാറ്റവും വര്‍ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് കൗണ്‍സില്‍ സഹായകമാവുക. കൂടാതെ, ഉഭയ കക്ഷി വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും അളവ് വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
എസ്‌സിസിഐ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, ഷാര്‍ജ റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ ടെക്‌നോളജി പാര്‍ക് സിഇഒ ഹുസൈന്‍ അല്‍ മഹ്മൂദി, എസ്‌സിസിഐ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അമീന്‍ അല്‍ അവാദി എന്നിവര്‍ പങ്കെടുത്തു.
ഷാര്‍ജ ചേംബറിലെ കമ്യൂണിക്കേഷന്‍ ആന്‍ഡ് ബിസിനസ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് ഷത്താഫ്, ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സിലിന്റെ സ്ഥാപക സമിതി ചെയര്‍മാന്‍ ലാലു സാമുവല്‍, ഇന്ത്യന്‍ ബിസിനസ് കമ്യൂണിറ്റി പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സിലിന്റെ സമാരംഭത്തെ അഭിനന്ദിച്ചുകൊണ്ട്, ബിസിനസ് കമ്മ്യൂണിറ്റികളും നിക്ഷേപകരും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ബിസിനസ് കൗണ്‍സിലുകള്‍ വഹിക്കുന്ന സുപ്രധാന പങ്കിലും അവരുടെ വിലപ്പെട്ട സംഭാവനകളിലും ചേംബര്‍ ശക്തമായി വിശ്വസിക്കുന്നുവെന്ന് അല്‍ ഉവൈസ് വ്യക്തമാക്കി.
ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലാക്കുന്നതിനുള്ള ശരിയായ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. യുഎഇയെയും ഇന്ത്യയെയും ഒരുമിച്ച് കൊണ്ടുവരുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന നൂതന പദ്ധതികളിലൂടെ ഇര ുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യന്‍ ഡോ. അമന്‍ പുരി പറഞ്ഞു.
അതേസമയം, ഷാര്‍ജയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന് എമിറേറ്റിന്റെ വളര്‍ച്ചക്കും സമൃദ്ധിക്കും പിന്തുണ നല്‍കാനുള്ള ഒരു വേദിയായി പുതിയ ബിസിനസ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുമെന്ന് ലാലു സാമുവല്‍ പറഞ്ഞു. ഇത് നിക്ഷേപകരും എമിറേറ്റ് വിപണിയും തമ്മിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും, അത് വാഗ്ദാനം ചെയ്യുന്ന തന്ത്രപരമായ നേട്ടങ്ങള്‍, അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍, ഊര്‍ജ്ജ ലഭ്യത, സാമ്പത്തിക ശേഷി, കൂടാതെ വിജയത്തിന് അനുയോജ്യമായ സംയോജിത അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ വ്യവസായത്തിന്റെ അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം ഇത് എളുപ്പമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.