ആരാധനാനുഷ്ഠാനങ്ങളിലെ ഇഖ്‌ലാസ്
ഇഖ്‌ലാസ് എന്നാല്‍ ആത്മാര്‍ത്ഥത എന്നാണ് വാക്കര്‍ത്ഥം. ഓരോ വാക്കിലും പ്രവൃത്തിയിലും പ്രപഞ്ച പാലകനായ അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിക്കുന്നതാണ് ആരാധനാനുഷ്ഠാനങ്ങളിലെ ഇഖ്‌ലാസ് കൊണ്ട് നിര്‍വചിക്കപ്പെടുന്നത്. അങ്ങനെ അവന്റെ തൃപ്തി കാംക്ഷിക്കാന്‍ തന്നെയാണ് ഗതകാലക്കാരോടും സമകാലിക സമുദായങ്ങളോടും അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: വിധേയത്വം ആത്മാര്‍ത്ഥമായി അല്ലാഹുവിനു മാത്രമാക്കി ഋജുമാനസരായി അവനെ ആരാധനിക്കാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കാനുമേ അവര്‍ അനുശാസിക്കപ്പെട്ടിരുന്നുള്ളൂ. അതത്രേ നേരേ ചെവ്വേയുള്ള മതം (സൂറത്തുല്‍ ബയ്യിന 05).
സത്യവിശ്വാസികള്‍ക്കുള്ള പ്രത്യേക സാരോപദേശവമായും വിശുദ്ധ ഖുര്‍ആനില്‍ ഇഖ്‌ലാസ് കൊണ്ട് കല്‍പ്പിക്കപ്പെടുന്നുണ്ട്: മതം അല്ലാഹുവിന് ആത്മാര്‍ത്ഥ സമര്‍പ്പണം ചെയ്ത് അവനോടു പ്രാര്‍ത്ഥിക്കുക (സൂറത്തുല്‍ അഅ്‌റാഫ് 29).
ആരാധനാനുഷ്ഠാനങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടാനുള്ള പ്രധാന ഘടകം ഇഖ്‌ലാസ് തന്നെയാണ്. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നതും ആത്മാര്‍ത്ഥവുമായ കര്‍മങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂവെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് നസാഈ 3140).
ആപത്തുകളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാനോപാധി കൂടിയാണ് ഇഖ്‌ലാസ്. ഗുഹാ മുഖത്ത് പാറക്കല്ല് മൂടി അതിനകത്ത് കുടുങ്ങിയ മൂന്നു പേരുടെ കഥ ബുഖാരി, മുസ്‌ലിം ഹദീസുകളില്‍ കാണാം. മൂന്നു പേരും തങ്ങള്‍ അല്ലാഹുവിന്റെ പൊരുത്തത്തിന് വേണ്ടി മാത്രം ചെയ്ത സതകര്‍മങ്ങളെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. അങ്ങനെ, പാറ തനിയെ തനിയെ നീങ്ങി അവര്‍ രക്ഷപ്പെട്ടു.
ഇഖ്‌ലാസോടെയുള്ള സല്‍പ്രവര്‍ത്തനങ്ങള്‍ വഴി ഉയര്‍ച്ചകളും അഭിവൃദ്ധികളുമുണ്ടാകുമെന്നും നബി (സ്വ) ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്‌ലിം). സത്യവിശ്വാസി തന്റെ എല്ലാ വാക്കിലും പ്രവൃത്തിയിലും ചിന്തയിലും എന്നല്ല ഏതവസ്ഥാന്തരങ്ങളിലും പടച്ചവന്റെ തൃപ്തി മാത്രമെന്ന ഇഖ്‌ലാസിന് പ്രാമുഖ്യം നല്‍കണം.
വാക്കുകളില്‍ വച്ചേറ്റവും ഭക്തമായതും ആത്മാര്‍ത്ഥവുമായത് ‘അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല’ എന്നര്‍ത്ഥമുള്ള ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന അതിപ്രതാപമുള്ള വാക്യമാണ്. ആത്മാര്‍ത്ഥമായി തഹ്‌ലീല്‍ വാക്യം ഉരുവിട്ടവന് അല്ലാഹുവിന്റെ സിംഹാസനത്തിലേക്ക് വഹിച്ചു എത്തിക്കുംവിധം ആകാശ വാതായനങ്ങള്‍ ഉറപ്പായും തുറക്കപ്പെടുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുര്‍മുദി 3590).
പ്രവര്‍ത്തനങ്ങളില്‍ വച്ചേറ്റവും ആത്മാര്‍ത്ഥമായത് രഹസ്യമായി ഇഖ്‌ലാസോടെ ചെയ്യുന്ന ദാനധര്‍മം ആണ്. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാത്ത വിധം രഹസ്യമായി ദാനം ചെയ്യുന്നവന് അന്ത്യനാളില്‍ അര്‍ശിന്റെ തണല്‍ ലഭിക്കുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്‌ലിം).
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് കുടുംബനാഥന്‍ മക്കളെ വളര്‍ത്താനും കുടുംബം പോറ്റാനുമായി അധ്വാനിക്കുന്നതും ചെലവഴിക്കുന്നതുമെല്ലാം ഇഖ്‌ലാസില്‍ പെട്ടതാണ്. അല്ലാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യമാക്കി കുടുംബത്തിന് നല്‍കുന്ന ഒരു ഭക്ഷണ ഉരുളക്ക് പോലും തക്കതായ പ്രതിഫലമുണ്ടത്രെ (ഹദീസ് ബുഖാരി, മുസ്‌ലിം).
വീട്ടിലും കുടുംബത്തിലും നാട്ടിലും സമൂഹത്തിലും ഓരോരുത്തര്‍ക്കും ഓരോ കര്‍ത്തവ്യങ്ങളുണ്ട്. കളങ്കമില്ലാതെ നിസ്വാര്‍ത്ഥമായി അവ നിര്‍വഹിക്കുമ്പോഴാണ് ഇഖ്‌ലാസ് എന്ന ആത്മാര്‍ത്ഥത യാഥാര്‍ത്ഥ്യമാകുന്നത്. ഉദ്യോര്‍ഗാര്‍ത്ഥിയും ഡോക്ടറും അധ്യാപകനും വിദ്യാര്‍ത്ഥിയും എന്നു മാത്രമല്ല ഓരോരുത്തരും ജീവിതത്തിലെ നിഖില ഘട്ടങ്ങളിലും അവരവരുടെ ഇടങ്ങളില്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആത്മാര്‍ത്ഥതയുള്ളവരാവണം.