EntertainmentFEATUREDLeisureSportsTravelUAE

സാഹസിക വിനോദത്തിന് ഷാര്‍ജയില്‍ പുതിയ അവസരം; ‘സ്‌കൈ അഡ്വഞ്ചേഴ്‌സ്’ ഉദ്ഘാടനം ചെയ്തു

യുഎഇയിലെ പ്രഥമ ഔദ്യോഗിക പാരാഗ്‌ളൈഡിംഗ് ലൈസന്‍സ്ഡ് സെന്റര്‍ തിങ്കളാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും

ഷാര്‍ജ: യുഎഇയിലെ സാഹസിക വിനോദ സഞ്ചാരത്തിന് പുതിയ ആവേശം പകര്‍ന്ന് ഷാര്‍ജ ‘സ്‌കൈ അഡ്വഞ്ചേഴ്‌സ് പാരാഗ്‌ളൈഡിംഗ് സെന്റര്‍’. ഷാര്‍ജ നിക്ഷേപ വികസന വകുപ്പിന് (ശുറൂഖ്) നേതൃത്വത്തിലാണ് യുഎഇയില്‍ തന്നെ ആദ ഔദ്യോഗിക ലൈസന്‍സ്ഡ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പാരാഗ്‌ളൈഡിംഗ് ചാമ്പ്യന്‍ഷിപ്പിന് ശേഷം തിങ്കളാഴ്ച മുതല്‍ അതിഥികള്‍ക്കായി കേന്ദ്രം വാതില്‍ തുറക്കും.
ഷാര്‍ജയുടെ മധ്യ മേഖലയില്‍ അല്‍ ഫയ റിട്രീറ്റിന് സമീപമായാണ് ഈ പുതിയ വിനോദ കേന്ദ്രം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാന്‍ പാകത്തിലുള്ള മനോഹരമായ മരുഭൂ കാഴ്ചകള്‍ ആകാശത്ത് പറന്നു നടന്ന് കാണാന്‍ അവസരമൊരുക്കുന്ന സ്‌കൈ അഡ്വഞ്ചേഴ്‌സ് മേഖലയില്‍ നിരവധി കച്ചവട നിക്ഷേപ സാധ്യതകള്‍ക്കും വഴിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഷാര്‍ജ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഇസാം അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, ശുറൂഖ് ആക്റ്റിംഗ് സിഇഒ അഹ്മദ് ഉബൈദ് അല്‍ ഖസീര്‍, മുഹമ്മദ് യൂസുഫ് അബ്ദുല്‍ റഹ്മാന്‍, എമിറേറ്റ്‌സ് ഏറോസ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് നാസര്‍ ഹമൂദ അല്‍ നിയാദി, ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് യൂസുഫ് ഹസ്സന്‍ അല്‍ ഹമ്മാദി, ഷാര്‍ജ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് ഡെവലപ്‌മെന്റ് അഥോറിറ്റി (എസ്‌സിടിഡിഎ) ചെയര്‍മാന്‍ ഖാലിദ് അല്‍ മിദ്ഫ, ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഈസ ഹിലാല്‍ അല്‍ ഹസാമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങള്‍ പകരുന്ന മൂന്ന് പാക്കേജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവില്‍ ‘സ്‌കൈ അഡ്വഞ്ചേഴ്‌സി’ലുള്ളത്. പരിചയ സമ്പന്നരായ പ്രൊഫഷണലുകളോടൊപ്പം ആകാശക്കാഴ്ച കാണാന്‍ സാധിക്കുന്ന ടാന്‍ഡം പാരാഗെ്‌ളൈഡിംഗ്, സ്വന്തമായി എങ്ങനെ പാരാഗ്‌ളൈഡ് ചെയ്യാമെന്നും രാജ്യാന്തര പാരാഗ്‌ളൈഡിംഗ് ലൈസന്‍സ് നേടാമെന്നും പഠിക്കാനുള്ള വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമഗ്ര കോഴ്‌സ്, നിലവില്‍ ലൈസന്‍സ്ഡ് പാരാഗ്‌ളൈഡര്‍മാര്‍ക്കുള്ള ഗൈഡഡ് ഫ്‌ളൈറ്റുകള്‍ എന്നിവയാണ് മൂന്ന് പാക്കേജുകള്‍.
പാരാഗ്‌ളൈഡിംഗില്‍ ഒരു പരിചയവുമില്ലാത്തവര്‍ക്കും കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നതാണ് ടാന്‍ഡം പാരാഗ്‌ളൈഡിംഗ്. വിദഗ്ദ പരിശീലനം നേടിയ ട്രെയിനറോടൊപ്പമായിരിക്കും ഈ പറക്കല്‍. കേന്ദ്രത്തില്‍ നിന്ന് ബഗ്ഗിയില്‍ മരുഭൂമിയിലൂടെ അല്‍ ഫയ പര്‍വത നിരകളോട് ചേര്‍ന്നു കിടക്കുന്ന ടേക ഓഫ് പോയിന്റിലേക്ക് യാത്ര ചെയ്യുന്നത് തൊട്ട് അവിസ്മരണീയമായ ധാരാളം നിമിഷങ്ങള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. പതിനഞ്ച് മിനിറ്റ് നീണ്ടുനില്‍ക്കുന്ന പറക്കലാണ് ഈ പാക്കേജിലുണ്ടാവുക.
സ്വന്തമായി പാരാഗ്‌ളൈഡിംഗ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നാല് ദിവസ െത്ത കോഴ്‌സും സ്‌കൈ അഡ്വഞ്ചേഴ്‌സില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന മൂന്ന് മണിക്കൂര്‍ വീതം നീണ്ടു നില്‍ക്കുന്ന വിദഗ്ധ പരിശീലനത്തിനൊടുവില്‍ അഞ്ചു പ്രാവശ്യം ഒറ്റയ്ക്ക് പറക്കാനുള്ള അവസരമുണ്ടാവും. വിജയകരമായി ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് രാജ്യാന്തര തലത്തില്‍ അംഗീകരാമുള്ള പാരാഗ്‌ളൈഡിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. നിലവില്‍ പാരാഗ്‌ളൈഡിംഗ് ലൈസന്‍സുള്ളവര്‍ക്ക് അയ്യായിരം അടി വരെ ഉയരത്തില്‍ പറക്കാനും ഫ്‌ളൈയിംഗ് ടൈം വര്‍ധിപ്പിക്കാനുമുള്ള പാക്കേജും ഇവിടെയുണ്ട്. സ്ഥിരമായി പാരാഗ്‌ളൈഡിംഗ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഒരു മാസം, മൂന്ന് മാസം, ഒരു വര്‍ഷം എന്നിങ്ങനെ മൂന്നു വിഭാഗത്തിലായി മെമ്പര്‍ഷിപ് സൗകര്യവുമുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി https://skyadventures.ae

എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.