‘ഓ മൈ ഡാര്‍ലിംങ്’: സോഷ്യല്‍ മീഡിയ റിവ്യൂ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് അണിയറ പ്രവര്‍ത്തകര്‍
ദുബായ്: സമൂഹ മാധ്യമങ്ങളിലെ റിവ്യൂ ‘ഓ മൈ ഡാര്‍ലിംങ്’ എന്ന മലയാള ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് പ്രേക്ഷകരില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതായി അണിയറ പ്രവര്‍ത്തകര്‍. ഇന്ന് ലോകത്ത് പരിമിതമായ തോതില്‍ മനസ്സിലാക്കപ്പെടുന്ന, പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭപാത്രമില്ലാത്ത എംആര്‍കെഎച്ച് (മയേര്‍ വോണ്‍ റോക്കിറ്റാന്‍സ്‌കി കുസ്റ്റര്‍ ഹൗസര്‍) സിന്‍ഡ്രത്തെ കുറിച്ചാണ് ജിനീഷ് കെ.ജോയ് തിരക്കഥയെഴുതി ആല്‍ഫ്രഡ് ഡി.സാമുവല്‍ സംവിധാനം ചെയ്ത ചിത്രം പ്രതിപാദിക്കുന്നത്. ലോകത്ത് 5,000 സ്ത്രീകളില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥയുടെ വൈകല്യമാണിത്. എന്നാല്‍, ഇത് മനസ്സിലാക്കാതെ ലിപ് ലോക്കിനെ കുറിച്ചും ചിത്രത്തിലുപയോഗിച്ച ഏണിയുടെ നിറത്തെ കുറിച്ചുമെല്ലാമാണ് റിവ്യൂ ചെയ്യുന്നവര്‍ വാ തോരാതെ സംസാരിക്കുന്നത്. പലരും സിനിമ കാണാതെയാണ് റിവ്യൂ ചെയ്യുന്നതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് മനോജ് ശ്രീകാന്ത, നടി മഞ്ജു പിള്ള എന്നിവര്‍ ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത്തരമൊരു ശാരീരികാവസ്ഥയിലെത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അത് പരസ്യപ്പെടുത്താന്‍ തയാറാവാതെ കുടുംബ രഹസ്യമായി നിലനിര്‍ത്തുന്നു. മാതാപിതാക്കള്‍ പിന്നീടത് മറന്നുപോകുമെങ്കിലും പെണ്‍കുട്ടികള്‍ അതാരോടും ചര്‍ച്ച പോലും ചെയ്യാതെ അവരുടെ മാത്രം പ്രശ്‌നമായി മനസ്സിലിട്ട് കൊണ്ടുനടക്കും. ഇതുവഴി ശാരീരികപ്രശ്‌നത്തെക്കാള്‍ വലിയ മാനസിക സംഘര്‍ഷമായിത്തീരുന്ന അവസ്ഥയാണിപ്പോഴുള്ളത്. വൈദ്യശാസ്ത്രം വികസിച്ച് യൂട്രസ് ട്രാന്‍സ്പ്‌ളാന്റ് 2017ല്‍ ഇന്ത്യയില്‍ വിജയകരമായി നടന്നു. പിന്നീട് മലേഷ്യയിലടക്കം പലയിടത്തും നടന്നു. ഇപ്പോള്‍ യുഎസിലും നടന്നു കൊണ്ടിരിക്കുന്നു. ഒട്ടേറെ കുടുംബങ്ങളെ അലട്ടുന്ന വൈകല്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്ന സിനിമയെ ഇങ്ങനെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഒരു റൊമാന്റിക് സിനിമ എന്നതിലപ്പുറം സമൂഹം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ‘ഓ മൈ ഡാര്‍ലിംങ്’ എന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ നായകന്റെ അമ്മയെ അവതരിപ്പിച്ച മഞ്ജു പിള്ള പറഞ്ഞു. ഈ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് തന്നോട് പറയുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകുമോയെന്ന് തോന്നിയിരുന്നു. മനോജ് ശ്രീകാന്ത് ഈ വിഷയത്തെ കുറിച്ച് ഏറെ പഠിച്ച ശേഷമായിരുന്നു നിര്‍മാണത്തിന് ഒരുങ്ങിയതെന്ന് മനസ്സിലായപ്പോഴാണ് താനീ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ കുറിച്ചും ഈ ചിത്രം പറയുന്നു. എന്നാല്‍, സിനിമ പകുതി കണ്ടിട്ട് വിലയിരുത്തുന്നതായാണ് പല റിവ്യുകളും കണ്ടപ്പോള്‍ തോന്നിയത്. ചില റിവ്യു കണ്ടപ്പോള്‍ ഇത് ഇത്ര മോശം സിനിമയാണോയെന്ന് സങ്കടപ്പെട്ടു പോയിരുന്നു. ചെറിയ തെറ്റുകുറ്റങ്ങളുണ്ടെങ്കിലും ഇത്ര മാത്രം നെഗറ്റീവ് പറയാന്‍ തക്ക മോശം ചിത്രമല്ല ഇത്. സിനിമ മുഴുവന്‍ കണ്ട് വിലയിരുത്തുകയും അഭിപ്രായം പറയുകയും വേണം. നെഗറ്റീവ് റിവ്യൂ പറയാന്‍ ഒരു ഗ്രൂപ് തന്നെയുണ്ടെന്നും അവര്‍ ആരോപിച്ചു.
വളരെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് തന്റേതെന്ന് ചിത്രത്തിലെ നായകനായ ജോയലിനെ അവതരിപ്പിച്ച മെല്‍വിന്‍ ജി.ബാബു പറഞ്ഞു. ചിത്രത്തില്‍ പറയുന്ന വിഷയം മനസ്സിലാക്കിയ ശേഷമാണ് നായികാ കഥാപാത്രമായ ജെന്നിയെ ഏറ്റെടുത്തതെന്ന് നടി അനിഖ സുരേന്ദ്രന്‍ പറഞ്ഞു.
‘ഓ മൈ ഡാര്‍ലിംങി’ല്‍ മുകേഷ്, ലെന, ജോണി ആന്റണി, ഡെയിന്‍ ഡേവിഡ് എന്നിവരും വേഷമിട്ടു. സ്റ്റാര്‍സ് ഹോളിഡേ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലടക്കം ജിസിസിയിലെ 42 തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ സ്റ്റാര്‍സ് ഹോളിഡേ ഫിലിംസ് പ്രതിനിധി രാജന്‍ വര്‍ക്കല പറഞ്ഞു.
മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഫുക്രു, ജാക്കി റഹ്മാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. വ്യാഴാഴ്ച വൈകിട്ട് 6ന് ഷാര്‍ജ സഫാരി മാളില്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രത്യേക പരിപാടി അരങ്ങേറും.