എഴുത്തുകാരി സിതാര.എസ്സിന്റെ ഭര്‍ത്താവ് ഫഹീം ദുബായില്‍ നിര്യാതനായി
ദുബായ്: പ്രശസ്ത എഴുത്തുകാരി സിതാര.എസ്സിന്റെ ഭര്‍ത്താവ് ഒ.വി അബ്ദുല്‍ ഫഹീം (48) ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ശനിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ദുബായ് സിലികണ്‍ ഒയാസിസിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. 20 കൊല്ലമായി ഫഹീം പ്രവാസ ലോകത്തായിരുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ്. ദുബായില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ കൊക്കക്കോള കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു.
ഭാര്യ സിതാര ദുബായിലുള്ളപ്പോഴാണ് ഫഹീമിന്റെ മരണം. പത്ത് ദിവസത്തിലേറെയായി സിതാര ഇവിടെ എത്തിയിട്ട്. രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങാനിരിക്കെയാണ് വേദനാജനകമായ വാര്‍ത്ത എത്തിയത്. ബാറയില്‍ അബൂട്ടിയാണ് ഫഹീമിന്റെ പിതാവ്. മാതാവ്: ഒ.വി സാബിറ. മക്കള്‍: ഗസല്‍, ഐദിന്‍. സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലികണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍.