കല്ലേറും പൂമാലയും പ്രതീക്ഷിച്ചാണ് സിനിമയെടുക്കുന്നതെന്ന് സംവിധായകന്‍ ആഷിഖ് അബു
എല്ലാറ്റിനോടും പ്രതികരിക്കാന്‍ സിനിമാക്കാര്‍ ജഡ്ജിമാരല്ല -ടൊവീനോ
ദുബായ്: കല്ലേറും പൂമാലയും പ്രതീക്ഷിച്ചു തന്നെയാണ് താന്‍ സിനിമ എടുക്കാറുള്ളതെന്നും, അവയിലെ രാഷ്ട്രീയ നിലപാടുകള്‍ പറയേണ്ടത് പ്രേക്ഷകരാണെന്നും സംവിധായകന്‍ ആഷിഖ് അബു. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ രചിച്ച ‘ഭാര്‍ഗവീനിലയ’ത്തിന്റെ പുനരാവിഷ്‌കാരമായ ‘നീലവെളിച്ച’ത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിസിസിയിലെ 80ലേറെ തിയ്യറ്ററുകളിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
എല്ലാവരും കാണുന്ന സിനിമകള്‍ നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ആഷിഖ്, ഒരു രാഷ്ട്രീയ മുദ്രാവാക്യം താന്‍ സിനിമയില്‍ കൊണ്ടു വരാറില്ലെന്നും അതെല്ലാം സാന്ദര്‍ഭികമായി, അവകാശവാദങ്ങളില്ലാതെ, തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ സംവിധായകന്‍ ആരെയും കാണിക്കേണ്ട ആവശ്യമില്ലെന്ന ബി.ഉണ്ണികൃഷ്ണന്റെ അഭിപ്രായമാണ് തനിക്കുമെന്നും, ആവശ്യമെങ്കില്‍ നിര്‍മാതാക്കളെ മാത്രമേ കാണിക്കേണ്ടതുള്ളൂവെന്നും ആഷിഖ് ഇതുസംബന്ധമായ ചോദ്യത്തോട് പ്രതികരിച്ചു.
എല്ലാറ്റിനോടും പ്രതികരിക്കാന്‍ സിനിമാക്കാര്‍ ജഡ്ജിമാരല്ലെന്ന് ‘നീലവെളിച്ച’ത്തിലെ നായകന്‍ ടൊവിനോ തോമസ് പറഞ്ഞു. ”താന്‍ പ്രതികരിച്ചാല്‍ സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ പ്രതികരിക്കാം. നേരത്തെ പലതിനോടും പ്രതികരിച്ചിട്ടുണ്ട്. കയ്യടി നേടാന്‍ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് താന്‍ കരുതുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു ഗ്യാംങിന്റെയും ഭാഗമല്ലെന്നും എല്ലാവരുമൊത്ത് സിനിമ ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഖ്യാതനായ ബഷീറിന്റെ കഥാപാത്രമായ ഭാര്‍ഗവിക്കുട്ടിയായി അഭിനയിക്കാന്‍ സാധിച്ചത് ജീവിതത്തിലെ സൗഭാഗ്യമായി കരുതുന്നുവെന്നും ‘നീലവെളിച്ച’ത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച പ്രതികരണമാണ് തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. മോശം നിരൂപണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
സിനിമാ പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമകളിലൂടെയാണ് പ്രതികരിക്കുന്നതെന്നും, ഡിലീറ്റ് ചെയ്യപ്പെടാതെ തന്റെ പ്രതികരണങ്ങളെല്ലാം ഇന്നും സോഷ്യല്‍ മീഡിയ പേജുകളില്‍ ഉണ്ടെന്നും അത് നോക്കണമെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ”പ്രതികരിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം അതിന്റെ പ്രത്യാഘാതങ്ങളുമുണ്ടായി. പ്രതികരിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരെല്ലാം തന്നെ അന്ന് ഞങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി. മോശമായ സന്ദേശം സിനിമയിലൂടെ കൊടുക്കാതിരിക്കാനാണ് കലാകാരന്‍ ശ്രദ്ധിക്കേണ്ടത്” -അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നീലവെളിച്ച’ത്തിന്റെ സഹ നിര്‍മാതാക്കളായ സാജന്‍ അലി, അബ്ബാസ് പുതുപ്പറമ്പില്‍, വിതരണക്കാരായ സ്റ്റാര്‍സ് ഹോളിഡേ ഫിലിംസ് ഒപിയും ബിഡിഒയുമായ രാജന്‍ വര്‍ക്കല എന്നിവരും സന്നിഹിതരായിരുന്നു.