ആണവ മേഖലയില്‍ തന്ത്രം രൂപപ്പെടുത്തി യുഎഇ
2023-’26 സ്ട്രാറ്റജിക്ക് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ന്യൂക്‌ളിയര്‍ റഗുലേഷന്‍ തുടക്കം കുറിച്ചു
അബുദാബി: ആണവ, റേഡിയേഷന്‍ മേഖലകളിലെ മേല്‍നോട്ടം നിലനിര്‍ത്താനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെയും യുഎഇ ഗവണ്‍മെന്റിന്റെ ദര്‍ശനമായ ‘നാം യുഎഇ 2031’ എന്ന കാഴ്ചപ്പാടിനെയും പിന്തുണച്ച് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ന്യൂക്‌ളിയര്‍ റെഗുലേഷന്‍ (എഫ്എഎന്‍ആര്‍) 2023-2026 വര്‍ഷത്തെ സ്ട്രാറ്റജിയായ ‘ഞങ്ങളുടെ കാഴ്ചപ്പാട്, ഞങ്ങളുടെ വാഗ്ദാനം’ ആരംഭിച്ചു.
ആണവ, റേഡിയേഷന്‍ മേഖലകളിലെ സൗകര്യങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണം മുന്‍കൂട്ടി ഏകോപിപ്പിക്കുക, വികസിച്ചു കൊണ്ടിരിക്കുന്ന ആണവ വെല്ലുവിളികളെ നേരിടാന്‍ യുഎഇയില്‍ ഗവേഷണവും വികസനവും ശേഷി വര്‍ധിപ്പിക്കലും നടത്തുക എന്നീ രണ്ട് തന്ത്രപരമായ ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിലൂടെ ആഗോള തലത്തില്‍ ഒരു മുന്‍നിര ന്യൂക്‌ളിയര്‍ റഗുലേറ്ററായി അംഗീകരിക്കപ്പെടാനുള്ള എഫ്എഎന്‍ആറിന്റെ കാഴ്ചപ്പാട് കൈവരിക്കാനാകുന്നെ് ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റര്‍ വിക്ടോര്‍സണ്‍ പറഞ്ഞു.
വരുന്ന നാല് വര്‍ഷങ്ങളില്‍, ആണവ സുരക്ഷ, റേഡിയേഷന്‍ സുരക്ഷ, ആണവ സുരക്ഷ, സംരക്ഷണം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിലേക്ക് തയാറെടുക്കാന്‍ എഫ്എഎന്‍ആര്‍ ശ്രമങ്ങള്‍ നടത്തും. കൂടാതെ, ഗവേഷണവും വികസനവും, ആണവ മേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍, പങ്കാളികളുമായുള്ള ഇടപഴകല്‍ ശക്തിപ്പെടുത്തല്‍, ദേശീയ അന്തര്‍ദേശീയ പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
യുഎഇയുടെ ആണവ, റേഡിയേഷന്‍ മേഖലകളെ നിയന്ത്രിക്കുന്നതിലൂടെ പൊതുജനങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിയന്ത്രണ മേല്‍നോട്ടം ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള എഫ്എഎന്‍ആര്‍ റോഡ്മാപ്പാണ് തന്ത്രം.