CommunityEducationFEATUREDKeralaUAEWorld

യഥാര്‍ത്ഥ വിജയം ധാര്‍മികതയിലൂടെ മാത്രം: എം.എ മുഹമ്മദ് ജമാല്‍

ദുബായ്: ധാര്‍മിക മൂല്യങ്ങളിലൂടെ മാത്രമേ യഥാര്‍ത്ഥ വിജയം നേടാനാവുകയുള്ളൂവെന്നും സംസ്‌കാരമുള്ള സമൂഹമായി ജീവിക്കലാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വയനാട് മുസ്‌ലിം ഓര്‍ഫനേജ് (ഡബ്‌ള്യൂഎംഒ) ജന.സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ അഭിപ്രായപ്പെട്ടു.
ഡബ്‌ള്യുഎംഒ ദുബായ് ചാപ്റ്റര്‍ നാസര്‍ സ്‌ക്വയറിലെ ഫ്‌ളോറിഡ ഹോട്ടലില്‍ സംഘടിപ്പിച്ച സ്‌നേഹ സദസ്സില്‍ മറുപടി പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ഡബ്‌ള്യൂഎംഒ. 56 വര്‍ഷമായി അതിന് ചെറിയൊരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കാനാകുന്നത് അല്ലാഹുവിന്റെ അപാരമായ കാരുണ്യം കൊണ്ടാണ്. സന്മനസുള്ള ജനസമൂഹത്തിന്റെ പ്രോല്‍സാഹനത്തിലാണ് ഈ മഹത്തായ വിദ്യാഭ്യാസ സമുച്ചയം ഉയര്‍ന്നു വന്നത്. കെ.എം സീതി സാഹിബും അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും സിഎച്ച് മുഹമ്മദ് കോയയും അടക്കമുള്ള മഹാരഥന്മാരുടെ ആഗ്രഹ സമാനമായാണ് ഡബ്‌ള്യൂഎംഒ ഇന്നത്തെ നിലയില്‍ ഉയര്‍ച്ച നേടിയിരിക്കുന്നത്. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ട്.
‘കുട്ടിയെ ഒരു വ്യക്തിയായി ബഹുമാനിക്കുക’യെന്നതാണ് ഡബ്‌ള്യൂഎംഒയുടെ കാഴ്ചപ്പാട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സമ്പൂര്‍ണ പിന്തുണയാണ് ഡബ്‌ള്യൂഎംഒ നല്‍കുന്നത്. കേവല വിദ്യാഭ്യാസത്തിനപ്പുറം, കാലത്തിനനുസൃതമായി കുട്ടികളെ സമഗ്രമായി ഔന്നത്യത്തിലെത്തിക്കുകയെന്നതാണ് ദൗത്യമെന്നും അതിനായി ഇനിയും സര്‍വരും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1967ല്‍ സ്ഥാപിതമായ ഡബ്‌ള്യൂഎംഒ ഒട്ടേറെ മാതൃകകളുള്ള വിദ്യാഭ്യാസ സമുച്ചയമാണ്. ജമാല്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നത മൂല്യങ്ങളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ആ വ്യതിരിക്തതയാണ് ഡബ്‌ള്യൂഎംഒയെ ഇതര സ്ഥാപനങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. സ്ത്രീധന രഹിത സമൂഹ വിവാഹം പോലെ സമൂഹത്തിന് വലിയ സന്ദേശങ്ങളുള്ള ഒട്ടേറെ പരിപാടികള്‍ ഡബ്‌ള്യൂഎംഒയില്‍ നടന്നു വരുന്നുണ്ട്. 56-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തവണ 56 പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നുണ്ട്.
സ്‌നേഹ സദസ്സില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. പ്രൗഢ സദസ് വികാര നിര്‍ഭരമായാണ് പ്രിയപ്പെട്ട ‘ജമാല്‍ക്ക’യോടൊപ്പം ചേര്‍ന്നത്.
ഡബ്‌ള്യൂഎംഒ മാനേജര്‍ മുജീബ് ഫൈസിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മജീദ് മടക്കിമല സ്വാഗതം പറഞ്ഞു. മൊയ്തു മക്കിയാടിന്റെ അധ്യക്ഷതയില്‍ ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.
ഡബ്‌ള്യൂഎംഒ നിര്‍വാഹക സമിതിയംഗം അണിയാരത്ത് മമ്മൂട്ടി ഹാജി സന്ദേശം നല്‍കി. മുജീബ് ഫൈസി മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. മുസ്തഫ തിരൂര്‍, ഇസ്മായില്‍ ഏറാമല, സകരിയ്യ ദാരിമി, ജലീല്‍ പട്ടാമ്പി, അഡ്വ. മുഹമ്മദലി, കെ.പി മുഹമ്മദ് ചടങ്ങിന് ആശംസ നേര്‍ന്നു. റഈസ് തലശ്ശേരി, സാദിഖ് തിരുവനന്തപുരം, എന്‍.എ.എം ജാഫര്‍, കെ.പി.എ സലാം, അഹ്മദ് ബിച്ചി, ഹംസ ഹാജി മാട്ടുമ്മല്‍, ജമാല്‍ മനയത്ത്, അന്‍വര്‍ മൂലവയല്‍, നൗഷാദ് കോറോത്ത്, രഹ്‌നാസ് യാസീന്‍, സത്താര്‍ പടിഞ്ഞാറത്തറ, അന്‍വര്‍ നായ്ക്കട്ടി, കബീര്‍ വെള്ളമുണ്ട, മുജീബ് തരുവണ, ഹനീഫ (അല്‍മദീന), ഫൈസല്‍ സന്നിഹിതരായിരുന്നു. സത്താര്‍ കുരിക്കള്‍ നന്ദി പറഞ്ഞു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.