ചരിത്രമെഴുതാന്‍ നിയാദി; ബഹിരാകാശ നടത്തം വെള്ളിയാഴ്ച വൈകുന്നേരം 5.15ന്
സ്‌പേസ് വാക് നടത്തുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകും അുല്‍ത്താന്‍ അല്‍ നിയാദി.
ഐഎസ്എസില്‍ ‘എക്‌സ്ട്രാ വെഹികുലാര്‍ ആക്റ്റിവിറ്റി (ഇവിഎ) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി യുഎഇ മാറും; നാലാം ഇവിഎ 6.5 മണിക്കൂര്‍ നീളും.
യുഎഇ സമയം വൈകുന്നേരം 4.30 മുതല്‍ തല്‍സമയ കവറേജ് (https://www.mbrsc.ae/live/).
ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) പര്യവേക്ഷണം 69ല്‍ ബഹിരാകാശ നടത്തം നിര്‍വഹിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയായി ചരിത്രം സൃഷ്ടിക്കാന്‍ സുല്‍ത്താന്‍ അല്‍ നിയാദി തയാറെടുക്കുന്നു. വെള്ളിയാഴ്ച (ഏപ്രില്‍ 28ന്) ഷെഡ്യൂള്‍ ചെയ്ത ബഹിരാകാശ നടത്തം നിര്‍വഹിക്കുന്ന പത്താമത്തെ രാജ്യമായി യുഎഇ മാറും. ബഹിരാകാശ നിലയത്തിന്റെ അസംബ്‌ളിംഗ്, അറ്റകുറ്റപ്പണികള്‍, നവീകരണം എന്നിവയെ പിന്തുണച്ചു കൊണ്ടുള്ള 261ാമത് ബഹിരാകാശ നടത്തത്തിന്റെ ഭാഗമാവുകയാണ് ഇതിലൂടെ സുല്‍ത്താന്‍ അല്‍ നിയാദി.
ഐഎസ്എസിലെ ഈ വര്‍ഷത്തെ നാലാമത്തെ സ്‌പേസ് വാക് കൂടിയാണിത്. അല്‍ നിയാദിയും നാസ ഫ്‌ളൈറ്റ് എഞ്ചിനീയര്‍ സ്റ്റീഫന്‍ ബോവനും അവശ്യ ജോലികള്‍ നിര്‍വഹിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവിഎ ഏകദേശം 6.5 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐസ്എസിലെ എസ് ബാന്‍ഡ് കമ്യൂണികേഷന്‍സ് സ്ട്രിംഗിന്റെ അവിഭാജ്യ ഘടകമായ നിര്‍ണായക റേഡിയോ ഫ്രീക്വന്‍സി ഗ്രൂപ് (ആര്‍എഫ്ജി) യൂണിറ്റ് വീണ്ടെടുക്കുക എന്നതാണ് ഇവിഎയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. സ്‌പേസ് എക്‌സ് വിമാനത്തില്‍ ഈ അത്യാവശ്യ വാര്‍ത്താ വിനിമയ ഉപകരണം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതാണ്.
പ്രാഥമിക ചുമതലക്ക് പുറമെ, ദൗത്യത്തില്‍ പിന്നീട് ആസൂത്രണം ചെയ്തിരിക്കുന്ന സോളാര്‍ അറേ ഇന്‍സ്റ്റാളേഷന്‍ അടക്കം ഇവിഎകളുമായി ബന്ധപ്പെട്ട ഒരുകൂട്ടം തയാറെടുപ്പ് ജോലികളില്‍ അല്‍ നിയാദിയും സംഘവും ഏര്‍പ്പെടുന്നതാണ്. ഐഎസ്എസിനെ ശക്തിപ്പെടുത്തുന്നതില്‍ സോളാര്‍ അറേകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. വിവിധ പരീക്ഷണങ്ങള്‍, സംവിധാനങ്ങള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന് ശുദ്ധവും പുനരുല്‍പാദനപരവുമായ ഊര്‍ജം ധാരാളമായി ആവശ്യമുണ്ട്.
സ്‌പേസ് വാക്കിന്റെ തത്സമയ കവറേജ് https://www.mbrsc.ae/live/ എന്ന ലിങ്കില്‍ യുഎഇ സമയം വൈകുന്നേരം 4.30ന് ആരംഭിക്കും. ബഹിരാകാശ നടത്തം യുഎഇ സമയം വൈകുന്നേരം 5.15നാണ് ആരംഭിക്കുന്നത്.
യുഎഇയുടെ ദേശീയ ബഹിരാകാശ പ്രോഗ്രാമിന് കീഴില്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) കൈകാര്യം ചെയ്യുന്ന പദ്ധതികളിലൊന്നാണ് യുഎഇ ആസ്‌ട്രോനട് പ്രോഗ്രാം. രാജ്യത്തെ ഐസിടി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും പിന്തുണയാവാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി ടെലികമ്യൂണികേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അഥോറിറ്റി (ടിഡിആര്‍എ) ഐസിടി ഫണ്ട് പ്രദാനം ചെയ്യുന്നു.