സൂറത്തു മര്‍യം
മക്കയില്‍ അവതരിച്ച ഖുര്‍ആനികാധ്യായമായ സൂറത്തു മര്‍യമില്‍ അല്ലാഹുവിന്റെ കരുണക്കടാക്ഷവും സൃഷ്ടി മാഹാത്മ്യവും സുവ്യക്തമാക്കുന്ന സൂക്തങ്ങളാണുള്ളത്.
പ്രധാനമായും രണ്ടു ചരിത്രാത്ഭുതങ്ങളാണ് പ്രസ്തുത സൂറത്തില്‍ വിഷയീഭവിക്കുന്നത്. സകരിയ നബി (അ)യുടേതും ഈസാ നബി (അ) യുടെ മാതാവായ മര്‍യം ബീബിയുടേതും.
തുടങ്ങുന്നത് മഹാനായ സകരിയ നബി (അ)യുടെ ചരിത്രം വിശദമാക്കിക്കൊണ്ടാണ്:
താങ്കളുടെ നാഥന്‍ തന്റെ അടിമ സകരിയ നബിക്ക് അദ്ദേഹം നാഥനോട് പതുക്കെ പ്രാര്‍ത്ഥിച്ചപ്പോള്‍ ചെയ്ത അനുഗ്രഹങ്ങളെക്കുറിച്ച പ്രതിപാദനമാണിത്. അദ്ദേഹം ബോധിപ്പിച്ചു: നാഥാ എന്റെ അസ്ഥികള്‍ ദുര്‍ബലമാവുകയും തല നരച്ചുവെളുത്തു തിളങ്ങുകയും ചെയ്തിരിക്കുന്നു. നിന്നോടു പ്രാര്‍ത്ഥന നടത്തിയിട്ട് ഇന്നോളം ഞാന്‍ ഭാഗ്യശൂന്യനായിട്ടില്ല നാഥാ. വഴിയെ വരാനുള്ള ബന്ധുക്കളെക്കുറിച്ച് എനിക്ക് പേടിയുണ്ട്. എന്റെ സഹധര്‍മിണിയാണെങ്കില്‍ വന്ധ്യയാണ്. അതിനാല്‍ നിന്റെയടുത്ത് നിന്ന് എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയാകുന്ന ഒരു ബന്ധുവിനെ കനിഞ്ഞേകണേ. രക്ഷിതാവേ, അവനെ സര്‍വര്‍ക്കും സംതൃപ്തനാക്കുകയും ചെയ്യേണമേ (1 മുതല്‍ 6 വരെയുള്ള സൂക്തങ്ങള്‍).
അല്ലാഹു ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി.
ഹേ സകരിയ നിശ്ചയം താങ്കള്‍ക്കു നാം യഹ്‌യാ എന്നു പേരുള്ള ഒരു മകനെക്കുറിച്ച ശുഭവാര്‍ത്തയറിയിക്കുകയാണ്. മുമ്പൊരാള്‍ക്കും ആ പേര് നാം നല്‍കിയിട്ടില്ല. അദ്ദേഹം അത്ഭുതം കൂറി: നാഥാ എനിക്കെങ്ങനെയാണ് ഒരു മകനുണ്ടാവുക എന്റെ സഹധര്‍മിണി വന്ധ്യയാവുകയും ഞാനാണെങ്കില്‍ വാര്‍ധക്യപാരമ്യത്തിലെത്തുകയും ചെയ്തിട്ടുണ്ടല്ലൊ (7,8).
അങ്ങനെ അല്ലാഹുവില്‍ നിന്നുള്ള ദിവ്യാത്ഭുതത്താല്‍ വൃദ്ധജനങ്ങളായ അവര്‍ക്ക് മകന്‍ പിറന്നു.
ശേഷം അധ്യായം മര്‍യം ബീവിയുടെ സംഭവബഹുലമായ വിശേഷങ്ങളിലേക്ക് കടുക്കുകയാണ്. പുരുഷസ്പര്‍ശമില്ലാതെ ചാരിത്രശുദ്ധമായി മഹതി മര്‍യം ബീവി ഈസാ നബി (അ) യെ പ്രസവിച്ച സംഭവം വലിയൊരു അമാനുഷികത തന്നെയാണ്. സമൂഹത്തിലെ അപവാദ പ്രചാരങ്ങള്‍ മഹതി പേടിച്ചിരുന്നു.
ഖുര്‍ആന്‍ വിവരിക്കുന്നു:
അങ്ങനെയവര്‍ ഗര്‍ഭംധരിക്കുകയും ദൂരെയൊരിടത്ത് കഴിയുകമുണ്ടായി. പ്രസവനോവ് അവരെ ഒരു ഈന്തമരത്തിനടുത്തെത്തിച്ചു. മര്‍യം സങ്കടപ്പെട്ടു. ഇതിനുമുമ്പു തന്നെ ഞാന്‍ മരണപ്പെടുകയും വിസ്മൃതകോടിയിലാവുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. താഴ്ഭാഗത്തുനിന്നൊരാള്‍ തത്സമയമവരെ വിളിച്ചുപറഞ്ഞു: ദുഖിക്കണ്ട, നിങ്ങളുടെ രക്ഷിതാവ് താഴെ ഒരു അരുവിയുണ്ടാക്കിയിരിക്കുന്നു. ഈന്തമരം അടുത്തേക്ക് പിടിച്ചുകുലുക്കുക. അത് പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ പഴം ഭുജിക്കുകയും ജലപാനം നടത്തുകയും ആഹ്ലാദനിര്‍ഭരയാവുകയും ചെയ്യുക. ഇനി, ആളുകളെയാരെങ്കിലും കണ്ടാല്‍ കരുണാവാരിധിയായ അല്ലാഹുവിന്ന് ഒരു വ്രതം നേര്‍ച്ചയാക്കിയിരിക്കയാല്‍ ഒരു മനുഷ്യനോടും ഞാനിന്ന് മിണ്ടുകയേയില്ല എന്നു പറയുക. ശിശുവിനെയെടുത്ത് അവര്‍ സ്വജനതയുടെ അടുത്തെത്തി. ജനം ആക്രോശിച്ചു: മര്‍യമേ, അധിക്ഷേപാര്‍ഹമായ ഒരു കൃത്യം തന്നെയാണു നീ ചെയ്തിരിക്കുന്നത്. ഓ ഹാറൂണ്‍ സോദരീ, നിന്റെ പിതാവ് ഒരു ചീത്തവ്യക്തിയോ മാതാവ് ദുര്‍നടപ്പുകാരിയോ ആയിരുന്നില്ലല്ലോ. തത്സമയം മര്‍യം ശിശുവിനെ ചൂണ്ടി. അവര്‍ ചോദിച്ചു: തൊട്ടിലില്‍ കിടക്കുന്ന പൈതലിനോട് ഞങ്ങളെങ്ങനെയാണ് സംസാരിക്കുക. ശിശു പ്രസ്താവിച്ചു: ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ എനിക്ക് വേദം തരികയും പ്രവാചകത്വമേകുകയും എവിടെയാണെങ്കിലും എന്നെ അനുഗൃഹീതനാക്കുകയും ചെയ്തിരിക്കുന്നു (22 മുതല്‍ 31 വരെയുള്ള സൂക്തങ്ങള്‍).
അങ്ങനെ മര്‍യം ബീവിയുടെ നിരപാധിത്വം കുഞ്ഞുപൈതലിന്റെ നാവിലൂടെ തന്നെ തെളിയിച്ചു. ഈസാ നബി (അ) ലോകര്‍ക്ക് മഹാദൃഷ്ടാന്തമാവുകയും ചെയ്തു.
സൂറത്തു മര്‍യം പ്രവാചകന്മാര്‍ക്കുണ്ടായിരുന്ന ധാരാളം മൂല്യങ്ങള്‍ പഠിപ്പിച്ചുതരുന്നുണ്ട്. ഇബ്രാഹിം നബി (അ) പിതാവിനോട് കാണിച്ച ധര്‍മ്മപാഠം സ്മരിച്ചിട്ടുണ്ട്. ഇസ്മാഈല്‍ നബി (അ) വാഗ്ദാനം പാലിച്ചതും ദൈവവഴിയില്‍ ആളുകള്‍ക്ക് പ്രചോദനമായതും പ്രതിപാദിക്കുന്നുണ്ട്. മൂസാ നബി (അ) യുടെ ദൈവഭക്തിയും അങ്ങനെ പ്രവാചകന്മാരുടെയും അവരുടെ അനുചരന്മാരുെടയും ദൈവാനുസരണയും ധര്‍മ്മനിഷ്ഠയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
അവര്‍ക്കെല്ലാം വര്‍ണ്ണനകള്‍ക്കപ്പുറമുള്ള സ്വര്‍ഗത്തോപ്പുകളാണ് അല്ലാഹു ഒരുക്കിയിട്ടുള്ളത്: അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഒരുവിധ അനീതിയും അവരോടനുവര്‍ത്തിക്കപ്പെടില്ല, കരുണാമയനായ അല്ലാഹു തന്റെ ദാസരോട് അദൃശ്യമായി വാഗ്ദാനം ചെയ്ത സ്ഥിരവാസത്തിനുള്ള ആരാമങ്ങളില്‍ (60,61).
പ്രപഞ്ചനാഥനായ അല്ലാഹുവിനെ അനുസരിക്കാനും ആരാധിക്കാനുമുള്ള പ്രചോദനവും നല്‍കുന്നുണ്ട്: ഭുവന വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവാണവന്‍, അതുകൊണ്ട് അവനെ ആരാധിക്കുകയും അതില്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്നു സമാന നാമമുള്ള മറ്റാരെയെങ്കിലും അറിയാമോ താങ്കള്‍ക്ക് (65).
ധര്‍മ്മപാതയില്‍ പ്രവേശിച്ചവന് സന്മാര്‍ഗ ദര്‍ശനം ഏറ്റിനല്‍കുമത്രെ: സന്മാര്‍ഗപ്രാപ്തരായവര്‍ക്ക് നേര്‍മാര്‍ഗനിഷ്ഠ അല്ലാഹു വര്‍ധിപ്പിച്ചുകൊടുക്കുന്നതാണ് (76).
സന്മാര്‍നിഷ്ഠരായ സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ സ്‌നേഹവും അലിവും നല്‍കും: സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് കരുണാമയനായ അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കുകതന്നെ ചെയ്യുന്നതാണ് (96). ഇതെല്ലാം സുകൃതവഴിയിലുള്ളവര്‍ക്കുള്ള സുവിശേഷങ്ങളാണ്.