സകലതും തസ്ബീഹ് ചൊല്ലുന്നുണ്ട്
അബൂദര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഒരാള്‍ നബി(സ്വ)യോട് ചോദിക്കുകയുണ്ടായി: ഏത് വാക്യമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി (സ്വ) ഉത്തരം നല്‍കി: അല്ലാഹു തന്റെ അടിമകള്‍ക്കായി തെരഞ്ഞെടുത്ത വാക്യം, ‘സുബ്ഹാനല്ലാഹ് വബിഹംദിഹീ’ എന്നതാണത് (ഹദീസ് മുസ്‌ലിം 2731).
തസ്ബീഹ് എന്നാല്‍ അല്ലാഹുവിന് യോജ്യമല്ലാത്ത കാര്യങ്ങളില്‍ നിന്ന് അവന്റെ പരിശുദ്ധി വാഴ്ത്തലാണ്. തസ്ബീഹ് ചിലപ്പോള്‍ അല്ലാഹുവിന്റെ പൂര്‍ണ നാമത്തോടൊപ്പം ഉരുവിടപ്പെടും. ചിലപ്പോള്‍ ഹംദോടൊപ്പം, അതുമല്ലെങ്കില്‍ അല്ലാഹുവിന്റെ ജലാല്‍, അള്മത്ത് എന്നിവയുടെ നാമത്തോടൊപ്പം പറയപ്പെടും.
അണ്ഡകടാഹത്തിലെ ചരവും അചരവുമായ സകലതും തസ്ബീഹ് ചൊല്ലി അല്ലാഹുവിനെ വാഴ്ത്തുന്നുണ്ട്.
ഏഴു ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ മഹത്വം പ്രകീര്‍ത്തിക്കുന്നുണ്ട്. അവനെ സ്തുതിച്ചുകൊണ്ട് വിശുദ്ധി വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല തന്നെ. എന്നാല്‍, അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്ക് മനസ്സിലാവില്ല (സൂറത്തുല്‍ ഇസ്‌റാഅ് 44).
മലക്കുകളും തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നുണ്ട്.
ദൈവിക സിംഹാസനം വഹിച്ചു കൊണ്ടിരിക്കുന്നവരും അവര്‍ക്കു ചുറ്റുമുള്ളവരുമായ മാലാഖമാര്‍ തങ്ങളുടെ നാഥന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും പാപമോചനമര്‍തഥിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് (സൂറത്തു ഗാഫിര്‍ 07).
ആകാശത്തുള്ള എല്ലാവരും തസ്ബീഹ് ചൊല്ലുന്നുണ്ട്. അവര്‍ രാത്രിയും പകലും അവന്റെ മഹത്വം വാഴ്ത്തുന്നു, ഒട്ടും ക്ഷീണിച്ചുപോകുന്നില്ല (സൂറത്തുല്‍ അമ്പിയാഅ് 20).
ഇടിനാദം അവന് സ്‌തോത്രമര്‍പ്പിക്കുന്നതിനൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് (സൂറത്തു റഅ്ദ് 13).
ഭുവന വാനങ്ങളിലുള്ളവരും ചിറകുവിടര്‍ത്തിപ്പിടിച്ചുകൊണ്ടു പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് താങ്കള്‍ കാണുന്നില്ലേ (സൂറത്തുല്‍ ന്നൂര്‍ 41).
നബിമാരും മുര്‍സലുകളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നത് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മൂസാ നബി (അ) പറഞ്ഞിട്ടുണ്ട്: നീ എത്ര പരിശുദ്ധന്‍, നിന്നിലേക്കു ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. വിശ്വാസികളില്‍ പ്രഥമനാണു ഞാന്‍ (സൂറത്തുല്‍ അഅ്‌റാഫ് 143).
അല്ലാഹു നമ്മുടെ നബി (സ്വ) യോട് പറയുന്നുണ്ട്: പ്രഭാത, പ്രദോഷങ്ങളില്‍ നാഥന്റെ നാമം വാഴ്ത്തുകയും നിശാ നമസ്‌കാരം നിര്‍വഹിക്കുകയും രാത്രിയില്‍ നീണ്ട സമയം അവന്റെ മഹത്വം പ്രകീര്‍ത്തിക്കുകയും ചെയ്യുക (സൂറത്തുല്‍ ഇന്‍സാന്‍ 26). അപ്രകാരം നബി (സ്വ) രാത്രിയില്‍ ദീര്‍ഘമായി സാഷ്ടാംഗം നമിച്ചു തസ്ബീഹ് ചൊല്ലുമായിരുന്നു (ഹദീസ് തുര്‍മുദി 3416, നസാഈ 1618, ഇബ്‌നുമാജ 3879).
തസ്ബീഹിന്റെ ശ്രേഷ്ഠതകളും ഗുണഫലങ്ങളും അനവധിയാണ്. ഒന്നാമതായി അത് നബി (സ്വ) പറഞ്ഞ പ്രകാരം അതിപുണ്യകരവും മഹത്കരവുമായ വാക്യമാണ് (ഹദീസ് മുസ്‌ലിം 2731).
നന്മയുടെ തുലാസില്‍ കൂടുതല്‍ കനം കൂടുന്നതുമാണ് തസ്ബീഹ് (ഹദീസ് മുസ്‌ലിം 2692). തസ്ബീഹ് ഹൃദയ വിശാലത ഉണ്ടാക്കുന്നതുമാണ്. അല്ലാഹു പറയുന്നുണ്ട്: അവരുടെ കുപ്രചാരണങ്ങളും അതിക്ഷേപങ്ങളും മൂലം അങ്ങേക്ക് മന:പ്രയാസമുണ്ടാകുന്നത് നാം അറിയുക തന്നെ ചെയ്യുന്നുണ്ട്. അതിനാല്‍, നാഥന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിച്ചു കൊണ്ട് അവന്റെ മഹത്വം വാഴ്ത്തുകയും സാഷ്ടാംഗം ചെയ്യുന്നവരിലാവുകയും ചെയ്യുക (സൂറത്തുല്‍ ഹിജ് ര്‍ 97, 98).
തസ്ബീഹ് സംതൃപ്തിദായകവുമാണ്. അല്ലാഹു പറയുന്നു: നിഷേധികളുടെ ജല്‍പനങ്ങളില്‍ താങ്കള്‍ ക്ഷമ കൊള്ളുക. സൂര്യന്‍ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുന്‍പും ദിനരാത്രങ്ങളുടെ ചില മുഹൂര്‍ത്തങ്ങളിലും നാഥനെ സ്തുതിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക, എങ്കില്‍ താങ്കള്‍ക്ക് ദൈവിക സംതൃപ്തി ലഭിച്ചേക്കും (സൂറത്തു ത്വാഹാ 130).