അല്ലാഹുവിന്റെ തൃപ്തിയാണ് മഹത്തായ വിജയം
അല്ലാഹുവിനെ നാഥനായും ഇസ്‌ലാമിനെ മതമായും മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായും തൃപ്തിപ്പെട്ടവര്‍ സത്യവിശ്വാസത്തിന്റെ മാധുര്യം രുചിച്ചറിയുക തന്നെ ചെയ്യുമത്രെ! (ഹദീസ് മുസ്‌ലിം 160). അവര്‍ തന്നെയാണ് അല്ലാഹു തൃപ്തിപ്പെട്ടവര്‍. ദൈവ ഭയഭക്തിയുള്ളവര്‍ക്ക് ദൈവ തൃപ്തി സുനിശ്ചിതമായിരിക്കുമെന്ന് സൂറത്തു ആലു ഇംറാന്‍ പതിനഞ്ചാം സൂക്തത്തില്‍ കാണാം.
ദൈനംദിന ജീവിതത്തില്‍ പല നേട്ടങ്ങള്‍ക്കായും നെട്ടോട്ടമോടുന്നവരാണ് നാം. എന്നാല്‍, ദൈവതൃപ്തിക്കപ്പുറം ഒരു നേട്ടവുമില്ല. അല്ലാഹു തന്നെ പറയുന്നു: അല്ലാഹുവിന്റെ സംതൃപ്തിയത്രെ മഹോന്നതം. മഹത്തായ വിജയം അതാകുന്നു (സൂറത്തുത്തൗബ 72).
”സര്‍വതിനെക്കാളും പരമ പ്രധാനമായ ദൈവ പ്രീതിക്കായി മൂസാ നബി (അ) അല്ലാഹുവിങ്കലേക്ക് തിരക്കിട്ടു വന്നു”വെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട് (സൂറത്തു ത്വാഹാ 84). ”അല്ലാഹു തൃപ്തിപ്പെട്ട രീതിയിലുള്ള സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സൗഭാഗ്യങ്ങളേകുവാന്‍” ആണ് സുലൈമാന്‍ നബി (അ) പ്രാര്‍ത്ഥിച്ചത് (സൂറത്തു ന്നംല് 19).
”നമ്മുടെ നബി (സ്വ) അല്ലാഹുവിന്റെ തൃപ്തി തേടി പ്രാര്‍ത്ഥിക്കുമായിരുന്നു” (ഹദീസ് നസാഈ 1305). ദൈവാനുസരണയും ആരാധനാ നിഷ്ഠയുമാണ് അല്ലാഹുവിന്റെ തൃപ്തി ഉറപ്പു വരുത്താനുള്ള പ്രധാന മാര്‍ഗം. അല്ലാഹു ഖുര്‍ആനില്‍ സ്വഹാബത്തിനെ പുകഴ്ത്തിപ്പറയുന്നതായി കാണാം: അല്ലാഹുവിന്റെ ഔദാര്യവും സംതൃപ്തിയുമര്‍ത്ഥിച്ച് (കുനിഞ്ഞും സാഷ്ടാംഗം നമിച്ചും സുജൂദിന്റെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്) നമസ്‌കരിക്കുന്നതായി താങ്കള്‍ക്കും കാണാം (സൂറത്തു ഫത്ഹ് 29).
അങ്ങനെ അല്ലാഹുവിനെ പൂര്‍ണാര്‍ത്ഥത്തില്‍ അനുസരിച്ചതിന് അല്ലാഹു അവരില്‍ തൃപ്തിപ്പെട്ടു. അതു കാരണം, അല്ലാഹു അവര്‍ക്കേകിയ പ്രതിഫലങ്ങളില്‍ അവരും തൃപ്തരാണ്. ”അവരെ കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിട്ടുണ്ട്” (സൂറത്തുത്തൗബ 100).
പ്രവാചകനെയും അനുചരന്മാരെയും അനുധാവനം ചെയ്ത് ഭയഭക്തിയോടെ ജീവിച്ചവര്‍ക്കെല്ലാം അല്ലാഹുവിന്റെ തൃപ്തിക്കുള്ള വകുപ്പുകളും പ്രതിഫലങ്ങളുമുണ്ട്. അല്ലാഹു പറയുന്നു: തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുള്ള പ്രതിഫലം അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയ ഉദ്യാനങ്ങളാണ്. അല്ലാഹു അവരെ കുറിച്ചും അവര്‍ അല്ലാഹുവിനെ കുറിച്ചും സംതൃപ്തരാകുന്നു (സൂറത്തുല്‍ ബയ്യിന 7, 8).
സ്വല്‍സ്വഭാവ സമ്പന്നര്‍ക്കും വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തുന്നവര്‍ക്കും അല്ലാഹുവില്‍ നിന്നുള്ള തൃപ്തി ലഭിക്കും. സത്യസന്ധന്മാര്‍ക്ക് അവരുടെ സത്യനിഷ്ഠ പ്രയോജനകരമാകുന്ന ദിവസമാണിത്.
”താഴ്ഭാഗത്തു കൂടി നദികളൊഴുകുന്ന സ്വര്‍ഗങ്ങള്‍ അവര്‍ക്കുണ്ട്. അതിലവര്‍ ശാശ്വതവാസികളായിരിക്കും. അല്ലാഹു അവരെ കുറിച്ചും അവര്‍ അല്ലാഹുവിനെ കുറിച്ചും സംതൃപ്തരായിരിക്കുന്നു. വമ്പിച്ച വിജയമത്രെ അത്” (സൂറത്തു മാഇദ 119).
”അല്ലാഹു നല്‍കിയതില്‍ തൃപ്തിപ്പെടുന്നവര്‍ക്കും അവന്റെ തൃപ്തി കിട്ടും” (ഹദീസ് തുര്‍മുദി 2396, ഇബ്‌നുമാജ 4031). അങ്ങനെ തൃപ്തിപ്പെടുന്നവര്‍ക്ക് അല്ലാഹു കൂടുതല്‍ കൂടുതല്‍ നല്‍കും. എല്ലാ നന്മയും തൃപ്തിയിലാണ്. ”നീ അല്ലാഹുവില്‍ തൃപ്തിപ്പെട്ടാല്‍ അല്ലാഹു നിന്നില്‍ തൃപ്തിപ്പെടു”മെന്നാണ് ഹസനുല്‍ ബസ്വരി (റ) ഉപദേശിക്കുന്നത്. സത്യവിശ്വാസി എല്ലാ കാര്യത്തിലും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കും. അങ്ങനെ സ്വന്തത്തിന് ഉപകാരമെടുക്കുകയും മറ്റുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കുകയും ചെയ്യും.
”സത്യവിശ്വാസി സുകൃതങ്ങള്‍ ചെയ്ത് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചു കൊണ്ടിരിക്കുമത്രെ. അങ്ങനെ, അല്ലാഹു മലക്ക് ജിബ്‌രീലി(അ)നോട് അക്കാര്യം അറിയിക്കുകയും അവന്റെ കരുണാ കടാക്ഷം അവനിലുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്യും. അങ്ങനെയുള്ളവരുമായി അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കും” എന്ന് സൂറത്തു മര്‍യം 96-ാം സൂക്തത്തില്‍ കാണാം (അഹ്മദ് 22401, തുര്‍മുദി 3161, ത്വബ്‌റാനി ഔസത്വ് 1240).