അല്‍ഖുദ്‌റയില്‍ ദുബായിലെ ഏറ്റവും നീളം കൂടിയ റെയില്‍ പാലം
ദുബായ്: യുഎഇയിലെ ഏഴു എമിറേറ്റുകളിലൂടെയും കടന്നു പോകുന്ന 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍വേയില്‍ ദുബായിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. എമിറേറ്റിലെ മെയിന്‍ ലൈന്‍ നെറ്റ്‌വര്‍ക്കിലെ ഏറ്റവും നീളം കൂടിയ പാലമാണിത്. ഇതിന്റെ ചിത്രങ്ങള്‍ ഇത്തിഹാദ് റെയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. യുഎഇയിലുടനീളമുള്ള ചരക്കുകളുടെ നീക്കം സുഗമമാക്കാന്‍ ഇത് വ്യാപാര, വാണിജ്യത്തിന് സുപ്രധാന പാതയാണെന്ന് റെയില്‍ ഓപറേറ്റര്‍ ട്വീറ്റില്‍ പറഞ്ഞു.
അല്‍ ഖുദ്‌റയില്‍ മനുഷ്യ നിര്‍മിത തടാകങ്ങളുടെ ഒരു കൂട്ടമുണ്ട്. 86 കിലോമീറ്റര്‍ സൈക്‌ളിംഗ് ട്രാക്കുമുണ്ട്. ഖലീഫ തുറമുഖത്തെ ദേശീയ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റര്‍ മറൈന്‍ പാലം കഴിഞ്ഞാഴ്ച ഇത്തിഹാദ് റെയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഷിപ്പിംഗ് ചെലവുകള്‍ കുറക്കുകയും ചെയ്യുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ ശൃംഖലയുടെ 75 ശതമാനം പൂര്‍ത്തിയാക്കിയത് ഉള്‍പ്പെടെ നിരവധി നാഴികക്കല്ലുകള്‍ ഇത്തിഹാദ് റെയില്‍ ഇതിനകം പിന്നിട്ടു കഴിഞ്ഞു. ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സര്‍വീസ് യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റിലും അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും യാത്ര ചെയ്യാം. നിലവിലെ യാത്രാ ഉപാധികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രെയിനുകള്‍ക്ക് യാത്രാ സമയം 40 ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 36.5 ദശലക്ഷത്തിലധികം എത്തുമെന്നും കരുതുന്നു.