സത്യവിശ്വാസിയുടെ കാര്യം എന്നും നന്മ മാത്രം
നബി (സ്വ) പറയുന്നുണ്ട്: സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. സത്യവിശ്വാസിക്ക് എല്ലാം നന്മയാണ്. അങ്ങനെ സത്യവിശ്വാസിക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അവന് ഒരു സന്തോഷമുണ്ടായാല്‍ നന്ദിയുള്ളവനായിരിക്കും. ഒരു പ്രയാസം നേരിട്ടാല്‍ ക്ഷമിച്ചിരിക്കും. അപ്രകാരം എല്ലാം അവന് നല്ലതായിരിക്കും (ഹദീസ് മുസ്‌ലിം 5318).
ഈ ഐഹിക ലോകത്ത് അല്ലാഹു മനുഷ്യന് എല്ലാ അവസ്ഥാന്തരങ്ങളും നല്‍കി പരീക്ഷിക്കും. ക്ഷാമവും ക്ഷേമവും നല്‍കും. ദു:ഖവും സുഖവും നല്‍കും. എല്ലാം അവന്റെ യുക്തമായ വിധികളാണ്. അല്ലാഹു തന്നെ പറയുന്നുണ്ട്: പരിശോധിച്ചറിയാനായി നിങ്ങളെ നന്മ കൊണ്ടും തിന്മ കൊണ്ടും നാം പരീക്ഷണ വിധേയരാക്കുന്നതാണ്. നിങ്ങളെ മടക്കപ്പെടുക നമ്മിലേക്ക് തന്നെയായിരിക്കും (സൂറത്തുല്‍ അമ്പിയാഅ് 35). നന്മയായാലും തിന്മയായാലും അല്ലാഹുവിന്റെ വിധികളില്‍ വിശ്വാസിക്കുന്ന, അവന്‍ തരുന്നതിലും തരാത്തതിലും അവന്റെ യുക്തി ഉറപ്പിക്കുന്ന സത്യവിശ്വാസി എല്ലാം അവനില്‍ നിന്നുള്ള നന്മ മാത്രമെന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ്. അല്ലാഹു നബി(സ്വ)യോട് പറഞ്ഞിട്ടുണ്ട്: നബിയേ, എല്ലാം അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്നതാണെന്ന് അങ്ങ് പ്രഖ്യാപിക്കുക (സൂറത്തുന്നിസാഅ് 78).
അല്ലാഹുവാണ് ഏറ്റവും യുക്തിമാന്‍. അവന്‍ തന്നെ ഏറ്റവും വലിയ കാരുണ്യവാന്‍. അവന്റെ സൃഷ്ടികള്‍ക്കുള്ള നന്മയും ഉപകാരവുമെല്ലാം അവനറിയാം. ഒരു കാര്യം ഉദാത്തമായിരിക്കെ നിങ്ങള്‍ക്ക് അനിഷ്ടപ്പെട്ടെന്ന് വരാം. ദോഷമായിരിക്കെ പ്രിയങ്കരമായെന്നും ഭവിക്കാം. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല (സൂറത്തുല്‍ ബഖറ 216).
ഒരു ഇഷ്ട കാര്യമുണ്ടായാല്‍ അത് നല്‍കിയ അല്ലാഹുവിനോട് മനസാ വാചാ കര്‍മണാ നന്ദി പ്രകടിപ്പിക്കുന്നവനാണ് സത്യവിശ്വാസി. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത പ്രകാശിപ്പിക്കാന്‍ സൂറത്തുന്നഹ്‌ല് 114-ാം സൂക്തത്തിലൂടെ കല്‍പ്പിക്കുന്നുണ്ട്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അവനെ അനുസരിക്കുന്നതിലും ആരാധിക്കുന്നതിലും അവന്റെ സൃഷ്ടികളോട് നന്മ ചെയ്യുന്നതിലും അവരിലെ അശരണര്‍ക്ക് താങ്ങാവാനും അവശര്‍ക്കും ദരിദ്രര്‍ക്കും സഹായമെത്തിക്കാനും ഉപയോഗിക്കുമ്പോള്‍ അവന് അല്ലാഹുവിന്റെ സഹായം ഉണ്ടാകും. അവന്റെ കാര്യങ്ങള്‍ എളുപ്പമാക്കും. അനുഗ്രഹങ്ങള്‍ തുടര്‍ന്നും കൂടുതല്‍ കൂടുതല്‍ നല്‍കുകയും ചെയ്യും. അല്ലാഹു പറയുന്നു: അവന് ഉദാത്തമായ കടം നല്‍കുന്നവനായി ആരുണ്ട്? എങ്കില്‍ അയാള്‍ക്കവന്‍ അനേക മടങ്ങായി തിരിച്ചു കൊടുക്കും. ഞെരുക്കവും ആശ്വാസവുമുണ്ടാക്കുന്നത് അല്ലാഹുവാണ്. അവനിലേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുക (സൂറത്തുല്‍ ബഖറ 245). നന്ദി പ്രകാശിപ്പിക്കുന്നവര്‍ക്ക് തക്ക പ്രതിഫലം നാം നല്‍കും (സൂറത്തു ആലുഇംറാന്‍ 145).
സത്യവിശ്വാസികള്‍ ആപത് ഘട്ടങ്ങളില്‍ ക്ഷമിക്കുന്നവരാണ്. അല്ലാഹുവിന്റെ വിധിയില്‍ വിശ്വാസമര്‍പ്പിച്ച് സഹനം കൈക്കൊള്ളുന്നവരാണവര്‍. അല്ലാഹു വിധിച്ചത് മാത്രമാണ് തനിക്ക് സംഭവിച്ചതെന്നും വിധിക്കാത്തത് സംഭവിച്ചിട്ടില്ലെന്നും ദൃഢ നിശ്ചയം നടത്തി എല്ലാം ക്ഷമയോടെ നേരിടുന്ന വിശ്വാസിയോടൊപ്പം എന്നും നാഥനുണ്ടാകും. ക്ഷമ കൈക്കൊള്ളാന്‍ കല്‍പ്പിക്കുന്ന അല്ലാഹു, അവന്‍ ക്ഷമിക്കുന്നവരോടൊപ്പമെന്ന് പ്രഖ്യാപിക്കുന്നുണ്ട് (സൂറത്തുല്‍ അന്‍ഫാല്‍ 46). അങ്ങനെയുള്ളവര്‍ക്ക് അല്ലാഹു വേദനകള്‍ നീക്കി ആശ്വാസം നല്‍കുന്നതായിരിക്കും. അനിഷ്ട കാര്യങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് ധാരാളം നന്മകളുണ്ടെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് അഹ്മദ് 2857). ക്ഷമിക്കുന്നവര്‍ക്ക് പരിധിയില്ലാതെ കണക്കറ്റ് പ്രതിഫലങ്ങള്‍ നല്‍കുമെന്ന് അല്ലാഹുവും പറഞ്ഞിട്ടുണ്ട് (സൂറത്തു സുമര്‍ 10).