തുര്‍ക്കിക്കും സിറിയക്കും യുഎഇ സഹായം തുടരുന്നു
സംഭാവനകളുമായി ആയിരങ്ങള്‍ ദുബായ്, അബുദാബി കളക്ഷന്‍ പോയിന്റുകളിലെത്തുന്നു
അബുദാബി: സിറിയയില്‍ ദുരന്ത നിവാരണ ഭാഗമായി യുഎഇയില്‍ നിന്ന് മാനുഷിക സഹായവുമായി രണ്ട് വിമാനങ്ങള്‍ ദമസ്‌കസ് വിമാനത്താവളത്തിലെത്തിയതായി പ്രതിരോധ മന്ത്രാലയം ജോയിന്റ് ഓപറേഷന്‍സ് കമാന്‍ഡ് കമാന്റര്‍ മേജര്‍ ജനറല്‍ സാലിഹ് അല്‍ അമീരി അറിയിച്ചു. 5 വിമാനങ്ങള്‍ ഉടന്‍ പറപ്പെടും.
യുഎഇയുടെ ‘ഗാലന്റ് നൈറ്റ്/2’ ഓപറേഷന്റെ ഭാഗമായി ഭൂകമ്പ ദുരന്തമുണ്ടായ ആദ്യ ദിനത്തില്‍ പ്രാഥമിക സഹായ പാക്കേജായി 12 ടണ്‍ അവശ്യ സാമഗ്രികള്‍ എത്തിച്ചു കഴിഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാര്‍പ്പിക്കാനുള്ള നിരവധി ടെന്റുകളും 216 ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്.
തുര്‍ക്കിക്കും സിറിയക്കും യുഎഇയുടെ 100 മില്യന്‍ ഡോളര്‍ സഹായം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 50 മില്യന്‍ ഡോളര്‍ വീതമാണ് ഇരു രാജ്യങ്ങള്‍ക്കും നല്‍കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം സിറിയക്ക് 50 മില്യന്‍ ദിര്‍ഹമിന്റെ വേറെ സഹായവും പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്‌ളോബല്‍ ഇനീഷ്യേറ്റീവ്‌സ് മുഖേനയാണിത് സിറിയയിലെ ദുരന്ത ബാധിതര്‍ക്ക് എത്തിക്കുന്നത്.
ഭൂകമ്പത്തില്‍ വീടുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് വിവിധ രാജ്യങ്ങള്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. തുര്‍ക്കി, യുഎഇ പ്രതിരോധ വിഭാഗങ്ങള്‍ നടത്തിയ സംയുക്ത ഓപറേഷനില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ പെട്ട നിരവധി പൗരന്മാരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് അല്‍ അമീരി വ്യക്തമാക്കി.
അതിനിടെ, ഭൂകമ്പ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അണിനിരന്നു. ദുബായിലെയും അബുദാബിയിലെയും കളക്ഷന്‍ പോയിന്റുകളില്‍ ഇന്നലെ സംഭാവനകളുമായി ആയിരക്കണക്കിന് മനുഷ്യ സ്‌നേഹികളാണ് എത്തിയത്. സാധനങ്ങള്‍ പായ്ക്ക് ചെയ്യാനും തുര്‍ക്കിയിലേക്ക് കയറ്റിയയക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ചു വരികയാണ്. ദുബായ് അല്‍ ഖൂസിലെ ഹോംവാര്‍ഡ് ബൗണ്ടിലും അബുദാബി ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിലെ തുര്‍ക്കി എംബസിയിലുമാണ് കളക്ഷന്‍ പോയിന്റുകളുള്ളത്.
തുര്‍ക്കിയില്‍ രണ്ട് ശക്തമായ ഭൂകമ്പങ്ങള്‍ക്ക് പിന്നാലെ ഡസന്‍ കണക്കിന് തുടര്‍ ചലനങ്ങളും ഉണ്ടായിരുന്നു. കുറഞ്ഞത് 11,000 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. കഠിനമായ ശൈത്യ കാലാവസ്ഥയില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഭയപ്പെടുന്നത്.
ടര്‍ക്കിഷ് കോണ്‍സുലേറ്റ്, ടര്‍ക്കിഷ് ബിസിനസ് കൗണ്‍സില്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഔദ്യോഗിക യുഎഇ സര്‍ക്കാര്‍ ചാരിറ്റിയായ എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്നിവ ചേര്‍ന്നാണ് ഇവ ശേഖരിക്കുന്നത്.
ബാഗുകള്‍, പുതപ്പുകള്‍, ടിന്‍ ഫുഡ്‌സ്, ടിന്‍ ഫിഷ്, പയര്‍ വര്‍ഗങ്ങള്‍, ഷാംപൂ, ഗ്യാസ് സ്റ്റൗ എന്നിവ ആളുകള്‍ എത്തിക്കുന്നുണ്ട്.
ചൊവ്വാഴ്ച 38 ക്രേറ്റുകളില്‍ സാധനങ്ങള്‍ നിറച്ചിരുന്നുവെങ്കിലും ബുധനാഴ്ച അത് മൂന്നിരട്ടിയാക്കാന്‍ ടീമുകള്‍ തയാറെടുക്കുകയായിരുന്നുവെന്ന് ദുബായിലെ ടര്‍ക്കിഷ് കോണ്‍സുല്‍ ജനറല്‍ ഐകര്‍ കിലിക് പറഞ്ഞു.
ശീതകാല വസ്ത്രങ്ങള്‍ (മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള കോട്ടുകള്‍), ജാക്കറ്റുകള്‍, ബൂട്ടുകള്‍, സ്വെറ്ററുകള്‍, ട്രൗസറുകള്‍, കയ്യുറകള്‍, സ്‌കാര്‍ഫുകള്‍, ബെററ്റുകള്‍, നെയ്ത തൊപ്പികള്‍, കമ്പിളി തൊപ്പികള്‍, സോക്‌സുകള്‍, അടിവസ്ത്രങ്ങള്‍, ടിന്നിലടച്ച ഭക്ഷണം, ശുചീകരണ സാമഗ്രികള്‍, നാപ്കിന്‍സ്, വ്യക്തിഗത പരിചരണ ഉല്‍പന്നങ്ങള്‍, സ്ത്രീകളുടെ ശുചിത്വ ഉല്‍പന്നങ്ങള്‍, ടെന്റുകള്‍, കിടക്കകള്‍, മെത്തകള്‍ (കൂടാരത്തില്‍ ഉപയോഗിക്കുന്നതിന്), ബ്‌ളാങ്കറ്റുകള്‍, സ്‌ലീപ്പിംഗ് ബാഗുകള്‍, കാറ്റലറ്റിക് ഗ്യാസ് സ്റ്റൗ, ഹീറ്ററുകള്‍ (ഗ്യാസ് സിലിണ്ടറുകള്‍ ഒഴികെ), തെര്‍മോ മഗ്ഗുകള്‍, ടോര്‍ച്ചുകള്‍ (ബാറ്ററികള്‍ ഇല്ലാതെ), ജനറേറ്ററുകള്‍ എന്നിവയാണ് കളക്ഷന്‍ പോയിന്റുകളില്‍ സ്വീകരിക്കുന്നത്. സാധനങ്ങള്‍ പുതിയതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.
സഹായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഹോട്ട്‌ലൈനില്‍ (058 584 7876) ബന്ധപ്പെടാം. അബുദാബിയിലെ തുര്‍ക്കി എംബസി നമ്പര്‍: 050 869 9389.
ഫോട്ടോ:
തുര്‍ക്കിക്കും സിറിയക്കുമുള്ള യുഎഇയുടെ സഹായ വസ്തുക്കള്‍ അയക്കാനായി ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍
———-