ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ യുഎഇ സ്‌കൂള്‍സ് ആന്‍ഡ് നഴ്‌സറി ഷോ
ഷാര്‍ജ: പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ‘യുഎഇ സ്‌കൂള്‍സ് ആന്‍ഡ് നഴ്‌സറി ഷോ’ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ചു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്കന്‍ഡ് വൈസ് ചെയര്‍മാന്‍ വലീദ് അബ്ദുല്‍ റഹ്മാന്‍ ബുഖാതിര്‍,
ഷാര്‍ജ എജ്യുകേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മുല്ല, എസ്പിഇഎ ഡയറക്ടര്‍ അലി അല്‍ ഹുസനി എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഏറ്റവും പുതിയ വിദ്യാഭ്യാസ രീതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, പാഠ്യപദ്ധതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അറിവ് ലഭ്യമാക്കുകയാണ് ഈ ഷോയിലൂടെ ലക്ഷ്യമിടുന്നത്.
ഷാര്‍ജ ചേംബറിന്റെയും ഷാര്‍ജ പ്രൈവറ്റ് എജ്യുകേഷന്‍ അഥോറിറ്റിയുടെയും സഹകരണത്തോടെ ഷാര്‍ജ എക്‌സ്‌പോ സെന്ററാണ് ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും വിദ്യാഭ്യാസ രീതികളെ കുറിച്ച് അറിവ് നേടാനും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിപാടിയിലൂടെ സാധിക്കും.
വൈകിട്ട് മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം.
ഷാര്‍ജ എമിറേറ്റിലെ വിദ്യാഭ്യാസ വികസനത്തിനുതകുന്ന നൂതനവും പ്രത്യേകവുമായ പ്രദര്‍ശനങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ടെന്ന് വലീദ് അബ്ദുല്‍ റഹ്മാന്‍ ബുഖാതിര്‍ പറഞ്ഞു.
എമിറേറ്റിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കൊപ്പം അതിന്റെ സുസ്ഥിരത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായി വിനോദ വിജ്ഞാന പരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പെയിന്റിംഗ് വര്‍ക് ഷോപ്പുകള്‍, വിദ്യാഭ്യാസ ഗെയിമുകള്‍ തുടങ്ങിയവയും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ ഇതാദ്യമായാണ് യുഎഇ സ്‌കൂള്‍ ആന്‍ഡ് നഴ്‌സറി ഷോ നഡടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രോഗ്രാമുകളും വിദ്യാഭ്യാസ സേവനങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള മികച്ച അവസരമാണീ പ്രദര്‍ശനം.
രാജ്യാന്തര തലത്തിലുള്ള സമ്പ്രദായങ്ങള്‍ക്കനുസൃതമായി വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറ്റം ചെയ്യാനും വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് സഹായിക്കുന്ന സഹകരണവും പങ്കാളിത്തവും മേള വിഭാവനം ചെയ്യുന്നു.
യുഎഇ സ്‌കൂള്‍സ് ആന്‍ഡ് നഴ്‌സറി ഷോ ഫെബ്രുവരി 26ന് സമാപിക്കും.