ഭൂചലനത്തില്‍ മരണം 1,900; സിറിയക്കും തുര്‍ക്കിക്കും യുഎഇ സഹായം
ദുബായ്: 1,900 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പങ്ങളെ തുടര്‍ന്ന് തുര്‍ക്കിയിലെയും സിറിയയിലെയും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലേക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സഹായവും പിന്തുണയും പ്രഖ്യാപിച്ചു.
ദുരന്ത ആഘാതം കുറയ്ക്കാന്‍ യുഎഇയുടെ ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം എന്നിവ അയച്ചിട്ടുണ്ട്. സിറിയയിലെ ഏറ്റവും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യുഎഇ രണ്ടാമത്തെ ടീമിനെ ഉടന്‍ അയക്കും.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് തെക്കന്‍ തുര്‍ക്കിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം 10 മണിക്കൂറിന് ശേഷം ഇതേ മേഖലയില്‍ അനുഭവപ്പെട്ടു.
ഓഫീസുകളും അപാര്‍ട്ട്‌മെന്റുകളും തകര്‍ന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു.
യുഎഇയുടെ ഐക്യദാര്‍ഢ്യം അറിയിച്ച് യുഎഇ പ്രസിഡന്റ് സിറിയന്‍, തുര്‍ക്കി പ്രസിഡന്റുമാരുമായി ഫോണില്‍ സംസാരിച്ചു.
സിറിയന്‍, തുര്‍ക്കി ജനതകളുടെ പ്രതിസന്ധി ഘട്ടത്തില്‍ യുഎഇ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും രക്ഷപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുകയാണെന്ന് യുഎഇയിലെ തുര്‍ക്കി അംബാസഡര്‍ തുഗയ് ടണ്‍സര്‍ പറഞ്ഞു.
തകര്‍ന്ന വീടുകള്‍ക്കടിയില്‍ ആളുകളുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം അടിയന്തിരമായി നടക്കുകയാണ്.
കഠിനമായ ശൈത്യ കാലാവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫീല്‍ഡ് ആശുപത്രികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഗര്‍ഗാഷ് പറഞ്ഞു.
ഇതുവരെ സഹായം വാഗ്ദാനം ചെയ്ത 45 രാജ്യങ്ങളില്‍ യുഎഇ ആദ്യത്തേതാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. തന്റെ രാജ്യത്ത് 912 പേര്‍ കൊല്ലപ്പെടുകയും 5,383 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
1939 ഡിസംബറില്‍ മാരകമായ ഭൂകമ്പമുണ്ടായതിന് ശേഷം തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചു.