യുഎഇയുടെ പ്രഥമ ദീര്‍ഘകാല അറബ് ബഹിരാകാശ യാത്ര 26ന്
ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) യുഎഇയുടെ രണ്ടാമത്തെ ദൗത്യവും പ്രഥമ ദീര്‍ഘ കാല അറബ് ബഹിരാകാശ യാത്രയും സംബധിച്ച വിശദാംശങ്ങള്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) വെളിപ്പെടുത്തി.
ഈ മാസം 26ന് 11:07ന് വിക്ഷേപിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ദൗത്യം പ്രഥമ ദീര്‍ഘ കാല അറബ് ബഹിരാകാശ യാത്രാ ദൗത്യം കൂടിയായിരിക്കും. സുല്‍ത്താന്‍ അല്‍നിയാദിയാണ് ദൗത്യത്തിലെ മുഖ്യ ബഹിരാകാശ യാത്രികന്‍. നേരത്തെ, ഹസ്സ അല്‍മന്‍സൂരി നടത്തിയ യാത്രയില്‍ അണിയറയിലുണ്ടായിരുന്നു ഇദ്ദേഹം.
മിഷന്‍ ലോഗോയുടെ പ്രകാശനത്തിനും ഐഎസ്എസ് പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പരീക്ഷണങ്ങള്‍, വിവിധ ഘട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദൗത്യത്തിന്റെ വിശദാംശങ്ങളുടെ പ്രഖ്യാപനത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു.
യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖര്‍ഖാവി, ദുബായ് ഫ്യൂചര്‍ ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദ് ശരീഫ്, ദുബായ് അക്കാദമിക് ഹെല്‍ത് കോര്‍പറേഷന്‍ സിഇഒയും മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത് സയന്‍സസ് (എംബിആര്‍എസ്‌സി) ഡയറക്ടര്‍ ജനറലും പ്രസിഡന്റുമായ ഡോ. സാലം അല്‍ മര്‍റി, ഇമാറാത്തി ബഹിരാകാശ യാത്രികരായ സുല്‍ത്താന്‍ അല്‍നിയാദി, ഹസ്സ അല്‍മന്‍സൂരി തുടങ്ങിയവരും മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
എമിറേറ്റ്‌സ് ചൊവ്വാ ദൗത്യം, എമിറേറ്റ്‌സ് ലൂണാര്‍ മിഷന്‍, വരാനിരിക്കുന്ന ആദ്യ ദീര്‍ഘ കാല അറബ് ബഹിരാകാശ യാത്രാ ദൗത്യം എന്നിവയുള്‍പ്പെടെയുള്ള പ്രധാന നേട്ടങ്ങളോടെ കഴിഞ്ഞ ദശകത്തില്‍ യുഎഇയുടെ ബഹിരാകാശ മേഖല ഗണ്യമായി വളര്‍ന്നുവെന്ന് ഹസ്സ അല്‍ മന്‍സൂരി പറഞ്ഞു. യുഎഇ ആസ്ട്രനോട്ട് പ്രോഗ്രാമിന്റെ ഭാഗമായി ബഹിരാകാശത്തെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ബോധ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരു സുസ്ഥിര ആവാസ വ്യവസ്ഥ തങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിലുപരി, ക്രൂവില്ലാത്ത ഗ്രഹ ദൗത്യങ്ങളില്‍ നിന്ന് ബഹിരാകാശത്തേക്കും അതിനപ്പുറത്തേക്കും ക്രൂവുള്ള ദൗത്യങ്ങളുടെ സാധ്യതയെ കുറിച്ചും തങ്ങള്‍ പഠിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്എസിലേക്ക് ബഹിരാകാശ യാത്രികരെ അയക്കുകയും പരിശീലനം നല്‍കുകയും ബഹിരാകാശ നടത്തത്തിന് സജ്ജമാക്കുകയും ചെയ്യുന്ന പതിനൊന്നാമത്തെ രാജ്യമായി ഈ ദൗത്യം യുഎഇയെ മാറ്റും.
അറബ് ബഹിരാകാശ യാത്രികര്‍ ഏറ്റെടുക്കുന്ന ആദ്യ ദീര്‍ഘ കാല ബഹിരാകാശ ദൗത്യം മാത്രമല്ല, ഒരു നോണ്‍ ഐഎസ്എസ് പങ്കാളി രാജ്യം നടത്തുന്ന ആദ്യത്തെ യാത്ര കൂടിയാണിത്.
‘യുഎഇ മിഷന്‍-2 ക്രൂ 6’ എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്‌ളക്‌സ് 39-എയില്‍ നിന്ന് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ വിക്ഷേപിക്കും. സുല്‍ത്താന്‍ അല്‍നിയാദിയും നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവെയും പ്രൈം ക്രൂവിന്റെ മിഷന്‍ സ്‌പെഷ്യലിസ്റ്റായി (സ്‌പേസ ്ക്രാഫ്റ്റ് കമാന്‍ഡര്‍) വാറന്‍ ഹോബര്‍ഗ് (പൈലറ്റ്), റോസ് കോസ്‌മോസ് ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രി ഫെഡ്‌യേവ് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരും ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.