യുഎഇയുടെ സ്‌പേസ് എക്‌സ് വിക്ഷേപണം നാളത്തേക്ക് മാറ്റി
ദുബായ്: യുഎഇ ബഹിരാകാശ സഞ്ചാരി ഡോ. സുല്‍ത്താന്‍ അല്‍ നിയാദിയെ വഹിച്ചുള്ള സ്‌പേസ് എക്‌സ് റോക്കറ്റിന്റെ വിക്ഷേപണം നാസ നാളത്തേക്ക് (വ്യാഴാഴ്ചത്തേക്ക്) മാറ്റി നിശ്ചയിച്ചതായി യുഎഇ ബഹിരാകാശ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ 10.42നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീടിത് വ്യാഴാഴ്ച യുഎഇ സമയം രാവിലെ 9.34ന് റീഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. ഇതനുസരിച്ചാണിനി
ഫ്‌ളോറിഡയിലെ കേപ് കാനവറല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ6 ദൗത്യം നിര്‍വഹിക്കപ്പെടുക. ഫാല്‍കണ്‍ 9 റോക്കറ്റാണ് വിക്ഷേപണ ജ്വലനത്തിന് ഉപയോഗിക്കുന്നത്.
ഗ്രൗണ്ട് സിസ്റ്റങ്ങളില്‍ പ്രശ്‌നം കണ്ടെത്തിയതിനാലായിരുന്നു തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്ത ദൗത്യം മാറ്റിവെച്ചതെന്ന് നാസ, സ്‌പേസ് എക്‌സ് അധികൃതര്‍ വെളിപ്പെടുത്തി. അത് പരിശോധിച്ച് പരിഹരിച്ചു വരികയാണെന്നും ബധപ്പെട്ടവര്‍ വ്യക്തമാക്കി. ഇന്ന് വിക്ഷേപിക്കാനാകുമോയെന്നും അധികൃതര്‍ നോക്കിയിരുന്നു. എന്നാല്‍, ഫ്‌ളോറിഡയില്‍ ചൊവ്വാഴ്ച കാലാവസ്ഥ അനുകൂലമല്ലെന്ന് കണ്ടെത്തുകയായിരുന്നു.
സമുദ്ര നിരപ്പില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഐഎസ്എസിലേക്ക് റോക്കറ്റിന്റെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ എഞ്ചിനീയര്‍മാര്‍ ജാഗരൂകരായിരിക്കും.
റഷ്യയിലെ ആന്ദ്രേ ഫെദിയേവ്, നാസയുടെ വാറന്‍ ഹോബര്‍ഗ്, സ്റ്റീഫന്‍ ബോവന്‍, യുഎഇയുടെ ഡോ. സുല്‍ത്താന്‍ അല്‍ നി യാദി എന്നിവര്‍ ഇന്നലെ വിക്ഷേപണം നിര്‍ത്തിയ ശേഷം രണ്ട് മണിക്കൂറോളം റോക്കറ്റില്‍ തുടര്‍ന്നു. റോക്കറ്റില്‍ ഘടിപ്പിച്ച ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ അവര്‍ സുരക്ഷിതമായി ഇറക്കി.
ബഹിരാകാശ രംഗത്ത് ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്.
വിക്ഷേപണം മാറ്റിവെച്ചെങ്കിലും തങ്ങളുടെ അഭിലാഷം ഉയര്‍ന്നതാണെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദിക്കും മുഴുവന്‍ ക്രൂ6 ടീമിനും സുരക്ഷിതവും വിജയകരവുമായ ദൗത്യം അദ്ദേഹം ആശംസിച്ചു.