നഹ്ദ-2ല്‍ യൂണിയന്‍ കോപ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു
ഉല്‍പന്നങ്ങള്‍ക്ക് 75% വരെ ഡിസ്‌കൗണ്ട്
ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് ശൃംഖലയായ യൂണിയന്‍ കോപ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ് അല്‍ നഹ്ദ-2ല്‍ തുറന്നു.
മൊത്തം 50,000,000 ദിര്‍ഹം ചെലവഴിച്ച് നിര്‍മിച്ച ഹൈപര്‍ മാര്‍ക്കറ്റിന് 176,240 ചതുരശ്രയടിയാണ് വിസ്തീര്‍ണം. യൂണിയന്‍ കോപ്പിന്റെ 25-ാമത് ഹൈപര്‍ മാര്‍ക്കറ്റാണിത്. ഇത് കൂടാതെ 41 കൊമേഴ്‌സ്യല്‍ സ്റ്റോറുകളും യൂണിയന്‍ കോപ്പിന്റേതായുണ്ട്.
യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അല്‍ ഷംസിയും മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫീ അല്‍ ദല്ലാലും ചേര്‍ന്നാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.
75% കിഴിവ്
പുതിയ സ്റ്റോറില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ഇതര ഉല്‍പന്നങ്ങള്‍ക്കും 75% വരെ പ്രാരംഭ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ട് മുതല്‍ ആറ് വരെയാണ് പ്രമോഷന്‍ കാലയളവ്. അന്താരാഷ്ട്ര ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും.
ദുബായില്‍ വിവിധ മേഖലകളിലെ കുടുംബങ്ങള്‍ക്ക് ഷോപ്പിംങ് അനുഭവം എന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ സ്റ്റോര്‍. അന്താരാഷ്ട്ര ആര്‍കിടെക്ചര്‍ രീതികളാണ് ഹൈപര്‍ മാര്‍ക്കറ്റ് ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചതെന്നും യൂണിയന്‍ കോപ് എംഡി പറഞ്ഞു.
അമ്മാന്‍ സ്ട്രീറ്റിലാണ് പുതിയ ബ്രാഞ്ച്. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവയുണ്ട്. ബേസ്‌മെന്റില്‍ സര്‍വീസ് റൂമുകള്‍, ശുചി മുറികള്‍ എന്നിവയും 60 പാര്‍ക്കിംങ് സ്‌പേസുകളുമുണ്ട്. ഗ്രൗണ്ട് ഫ്‌ളോറില്‍ 53 പാര്‍ക്കിംങ് സ്‌പേസുകളും 25 ഷോപ്പുകളുമുണ്ട്. രണ്ട് വഴികളിലൂടെ ഹൈപര്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാം. പ്രധാന റോഡില്‍ നിന്നും പാര്‍ക്കിംങ് ലോട്ടില്‍ നിന്ന് നേരിട്ടും. ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലും മറ്റു സ്റ്റോറുകളും ഉണ്ട്.