ദുബായ് വേള്‍ഡ് കപ്പ്: ഉഷ്ബ ടെസൊറൊ ജേതാവ്
ദുബായ്: ദുബായ് വേള്‍ഡ് കപ്പ് കുതിരയോട്ട മത്സരത്തില്‍ ജപ്പാനില്‍ നിന്നുള്ള ഉഷ്ബ ടെസൊറൊ ഒന്നാമതായി ഫിനിഷ് ചെയ്ത് ജേതാവായി. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജേതാവിന് ട്രോഫി സമ്മാനിച്ചു.
ഒന്നാം സ്ഥാനം നേടിയ ഉഷ്ബയുടെ ജോക്കി യുഗ കവാദയായിരുന്നു. അള്‍ജിയേഴ്‌സ് രണ്ടാം സ്ഥാനവും എംബ്‌ളം റോഡ് മൂന്നാം സ്ഥാനവും നേടി. 19 രാജ്യങ്ങളിലെ 131 കുതിരകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ലോകത്ത് ഏറ്റവുമധികം സമ്മാനത്തുകയുള്ള ദുബായ് വേള്‍ഡ് കപ്പ് ഹോഴ്‌സ് റേസ് മെയ്ദാന്‍ റേസ് കോഴ്‌സിലാണ് നടന്നത്. മൊത്തം സമ്മാനത്തുക 3.05 കോടി ഡോളറാണ്.
ഫൈനലില്‍ ജെയിംസ് ജോയ് ലെയും അള്‍ജിയേഴ്‌സും ഇഞ്ചോടിഞ്ച് മുന്നേറവേ, മിഡില്‍ ട്രാക്കില്‍ നിന്ന് ഉഷ്ബ ഫിനിഷിംഗ് പോയിന്റിലേക്ക് മിന്നല്‍ വേഗത്തിലെത്തുകയായിരുന്നു. ഞെട്ടിക്കുന്ന മികവാണ് ഉഷ്ബ പ്രകടിപ്പിച്ചത്. ‘ഉദയ സൂര്യന്റെ നാട്’ ആയ ജപ്പാന്റെ രണ്ടാം വേള്‍ഡ് കപ്പ് കിരീടമാണിത്.