യുഎഇ ലോഹ, ധാതു വ്യവസായത്തില്‍ 3% വളര്‍ച്ചാ നീക്കം; 2025ഓടെ 10 ബില്യന്‍ ഡോളറാകും
ജര്‍മനിയിലെ ഡ്യൂസ്സര്‍ഡോര്‍ഫില്‍ 2023 ജൂണ്‍ 12 മുതല്‍ 16 വരെ നടക്കുന്ന ‘ദി ബ്രൈറ്റ് വേള്‍ഡ് ഓഫ് മെറ്റല്‍സ്’ എസ്‌പോസില്‍ ആഗോള പങ്കാളിത്തം തേടി യുഎഇയില്‍ നിന്നുള്ള പ്രമുഖ കമ്പനികള്‍.
ജിഫ, മെറ്റെക്, തേംപ്രോസസ്സ്, ന്യൂകാസ്റ്റ് എന്നിവ പ്രദര്‍ശനത്തിലെ നാലു മുന്‍നിര രാജ്യാന്തര മേളകള്‍.
ദുബായ്: യുഎഇയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും വന്‍ തോതിലുള്ള വളര്‍ച്ച കണക്കാക്കി ലോഹ, ധാതു ലവണ വ്യവസായം 3 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്ന് വിദഗ്ധര്‍. അന്തരീക്ഷത്തില്‍ നിന്ന് ഹരിത ഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് 2050ഓടെ പരമാവധി പൂജ്യത്തിനടുത്തായി കുറയ്ക്കാന്‍ (നെറ്റ് സീറോ) ഊര്‍ജ മേഖലയില്‍ മാറ്റങ്ങള്‍ നടപ്പാകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും, ഇതിന്റ അടിസ്ഥാനത്തിലുള്ള വളര്‍ച്ചാ മൂല്യം ഏകദേശം 10 ബില്യന്‍ ഡോളറായി ഉയരുമെന്നും വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജര്‍മനിയിലെ ഡ്യൂസ്സല്‍ഡോര്‍ഫില്‍ നാലു പ്രധാന മേളകള്‍ (ജിഫ, മെറ്റെക്, തേംപ്രാസസ്സ്, ഡുകാസ്റ്റ്) അടങ്ങിയ ബൃഹത്തായ ‘ദി ബ്രൈറ്റ്‌വേള്‍ഡ് ഓഫ് മെറ്റല്‍സ്’ എക്‌സ്‌പോസ് 2023 ജൂണ്‍ 12 മുതല്‍ 16 വരെ നടത്തുന്നത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കവേയാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വ്യവസായ രംഗത്ത് കോവിഡാനന്തരമുണ്ടായ ഗുരുതര തടസ്സങ്ങള്‍ ഇപ്പോള്‍ മാറി വന്നതായി അധികൃതര്‍ പറഞ്ഞു. ”നേരത്തെ ഉല്‍പാദനവും വളര്‍ച്ചയും നെഗറ്റീവ് സ്ഥിതിയിലായിരുന്നു. ഇന്ന് നിര്‍മാണം, നിര്‍മാണ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി അനേകം സാമ്പത്തിക വിഭാഗങ്ങളില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ ഈ മേഖല ഒരു വഴിത്തിരിവിലാണുള്ളത്. ലോഹ, ധാതു ലവണ വ്യവസായം ഏതൊരു സമ്പദ് വ്യവസ്ഥയുടെയും വികസനത്തിന്റെ നട്ടെല്ലാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വികാസത്തോടെ യുഎഇയിലെ വ്യവസായം വൈവിധ്യ അവസരങ്ങളിലൂടെ മുന്നേറുന്നു” -മെസ്സ് ഡ്യൂസ്സല്‍ഡോര്‍ഫ് ഗ്‌ളോബല്‍ പോര്‍ട്‌ഫോളിയോ ഡയറക്ടര്‍ ഫ്രെഡ്‌റിക് ജോര്‍ജ് കെഹ്‌റര്‍ പറഞ്ഞു. മൊത്തത്തിലുള്ള വളര്‍ച്ചാ സാഹചര്യങ്ങളും ബിസിനസ് അവസരങ്ങളും പര്യവേക്ഷണം ചെയ്യാന്‍ യുഎഇയില്‍ നിന്നുള്ള മൂന്നു ബ്‌ളൂ ചിപ് കമ്പനികള്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന യുഎഇയില്‍ നിന്നുള്ള മൂന്നു കമ്പനികളിലൊന്ന് എമിറേറ്റ്‌സ് ഗ്‌ളോബല്‍ അലൂമിനിയം (ഇജിഎ) ആണ്. എണ്ണ, വാതക മേഖലക്ക് പുറത്ത് യുഎഇയില്‍ നിന്നുള്ള ഏറ്റവും വലിയ വ്യവസായ കമ്പനിയാണിത്. മാന്‍ഹോള്‍ കവറുകളും ഗ്രേറ്റിംഗ്‌സും നിര്‍മിക്കുന്ന ഡു കാസ്റ്റ്, മിഡില്‍ ഈസ്റ്റിലെ മുന്‍നിര ഉല്‍പന്ന വ്യാപാര കമ്പനിയായ വയറെക്‌സ് എഫ്‌സെഡ്ഇ എന്നിവയാണ് മറ്റു രണ്ടു കമ്പനികള്‍.
പുതിയ സാങ്കേതിക വിദ്യകള്‍, ഊര്‍ജ ക്ഷമതയുമായി ബന്ധപ്പെട്ട് വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍, വ്യവസായങ്ങള്‍ക്കായുള്ള മുഴുവന്‍ മൂല്യ ശൃംഖലയിലുമുടനീളം വിഭവങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാനുള്ള ആഗ്രഹം എന്നിവയുള്‍പ്പെടെ വ്യവസായം കടന്നു പോകുന്ന മാതൃകാപരമായ മാറ്റത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു വേദിയാകും ‘ബ്രൈറ്റ് വേള്‍ഡ് ഓഫ് മെറ്റല്‍സ്’ എക്‌സ്‌പോസ്.
കോവിഡ് കാലത്ത് വിതരണ ശൃംഖല തടസ്സപ്പെട്ടതിന്റെയും, യുക്രെയ്ന്‍ യുദ്ധം പോലുള്ള ഭൗമ രാഷ്ട്രീയ വെല്ലുവിളികളുടെയും, രാജ്യത്തിനുള്ളിലെ സുരക്ഷിതമായ ഉല്‍പാദനത്തെയും വിതരണത്തെയും അപേക്ഷിച്ച് ഇറക്കുമതിയെ ആശ്രയിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍കുലര്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും
ചതുര്‍ മേളകളുടെ ഈ പ്രദര്‍ശനം ലോക വിപണിയിലേക്കുള്ള ഗേറ്റ്‌വേ ആയി അറിയപ്പെടുന്നു. ഈ വ്യവസായങ്ങളിലെ ഉത്തരവാദപ്പെട്ടവര്‍ക്കും വിദഗ്ധര്‍ക്കും വിതരണക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നാല് വ്യാപാര മേളകളിലൂടെ ഭാവിയിലെ വിപണികള്‍ക്കായുള്ള പൂര്‍ണമായ അവലോകനവും ആശയങ്ങളുടെ കൈമാറ്റവും ഡിസൈന്‍ ട്രെന്‍ഡുകളും നേടാനാകുന്നത് ഡ്യൂസ്സല്‍ഡോര്‍ഫില്‍ മാത്രമായിരിക്കും -കെഹ്‌റര്‍ കൂട്ടിച്ചേര്‍ത്തു.