നന്മകള്‍ തിന്മകളെ മായ്ച്ചു കളയും
ഒരു ദിവസം ഒരു തിന്മ ചെയ്ത ഒരാള്‍ നബി(സ്വ)യുടെ അടുക്കല്‍ വന്ന് ചെയ്ത തെറ്റ് ബോധിപ്പിക്കുകയുണ്ടായി. അപ്പോഴാണ് ഹൂദ് സൂറത്തിലെ 114-ാം സൂക്തം അവതരിക്കുന്നത്. അത് ഇങ്ങനെയാണ്: ””’പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ചില സന്ദര്‍ഭങ്ങളിലും താങ്കള്‍ യഥായോഗ്യം നമസ്‌കാരം നിലനിര്‍ത്തുക. സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ ഇല്ലായ്മ ചെയ്യും, തീര്‍ച്ച. ചിന്തിക്കുന്നവര്‍ക്കിത് ഒരുദ്‌ബോധനമാണ്”. അപ്പോള്‍ അവിടെയുള്ളവര്‍ ചോദിച്ചു: തിരുദൂതരേ, ഇക്കാര്യം ഇയാള്‍ക്ക് പ്രത്യേകമാണോ? നബി (സ്വ) അരുളി അല്ല, ഇത് സകലര്‍ക്കും ബാധകമായതാണ് (ഹദീസ് ബുഖാരി, മുസ്‌ലിം).
അല്ലാഹു അവന്റെ പാപികളും ദോഷികളുമായ അടിമകള്‍ക്ക് നല്‍കുന്ന കരുണ കാര്യങ്ങളാണിതൊക്കെയും. അല്ലാഹു മനുഷ്യന്റെ ദോഷങ്ങളെ പൊറുത്തു കൊടുക്കുകയും തെറ്റു-കുറ്റങ്ങള്‍ മായ്ച്ച് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഒരു കുറ്റം ചെയ്തു പോയാല്‍ അതിനെ തുടര്‍ന്ന് ഒരു നന്മ ചെയ്യണമെന്നാണ് നബി (സ്വ) സമുദായത്തോട് വസ്വിയ്യത്ത് ചെയ്തിരിക്കുന്നത്. അങ്ങനെ, നന്മ ആ തിന്മ യെ മായ്ച്ചു കളയുമത്രെ (ഹദീസ് തുര്‍മുദി 1987, അഹ്മദ് 21354).
മനുഷ്യന്‍ ചെയ്ത നന്മകളും തിന്മകളും അന്ത്യനാളില്‍ ബോധ്യപ്പെടുത്തും. എന്നിട്ട് ഒരോ തിന്മക്കും പകരമായി നന്മയുണ്ടെന്ന് പ്രസ്താവിക്കപ്പെടും (ഹദീസ് മുസ്‌ലിം 190). തിന്മക്ക് നന്മ പകരം വെക്കുന്നത് ചെയ്ത കുറ്റങ്ങളില്‍ ഖേദിച്ചു മടങ്ങുകയും ചെയ്തതില്‍ ലജ്ജിക്കുകയും തുടര്‍ന്ന് നന്മ ചെയ്തവര്‍ക്കുമാണെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരുടെ പാപങ്ങള്‍ക്ക് അല്ലാഹു സല്‍കര്‍മങ്ങള്‍ പകരമാക്കി കൊടുക്കുമെന്ന് സൂറത്തുല്‍ ഫുര്‍ഖാന്‍ 70-ാം സൂക്തത്തില്‍ കാണാം.
നമസ്‌കാരങ്ങള്‍, ദാനധര്‍മങ്ങള്‍, നോമ്പുകള്‍, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കല്‍, മറ്റു ആരാധനകള്‍ എല്ലാം തിന്മകളെ ഇല്ലായ്മ ചെയ്യുന്ന സുകൃതങ്ങളാണ്. ദൈവ സ്മരണയാണ് അതില്‍ പ്രധാനം. ജുമുഅ നമസ്‌കാരത്തിന്റെ ഖുതുബകള്‍ ശ്രദ്ധിച്ചു കേള്‍ക്കലും വിജ്ഞാന സദസ്സുകളില്‍ പങ്കെടുക്കലുമെല്ലാം അത്തരം നന്മകളാണ്. നബി (സ്വ) പറയുന്നു: അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അവനെ സ്മരിക്കാന്‍ ഒരുമിച്ചു കൂടുന്നവര്‍ക്ക് വേണ്ടി ആകാശ ലോകത്ത് ഒരശരീരി മുഴങ്ങും: ”പാപ മോക്ഷിതരായി നിങ്ങള്‍ എഴുന്നേല്‍ക്കൂ, നിങ്ങളുടെ പാപങ്ങള്‍ക്ക് നന്മകള്‍ പകരമാക്കപ്പെട്ടിരിക്കുകയാണ്” (ഹദീസ് അഹ്മദ് 12453).
ചില സമയങ്ങളും മുഹൂര്‍ത്തങ്ങളും നന്മകള്‍ക്കായി സവിശേഷമായതാണ്. അതില്‍ പ്രധാനമാണ് നന്മകളുടെ മേളക്കാലമായ റമദാന്‍ മാസം. അതിന് മുന്നോടിയായുള്ള ശഅ്ബാന്‍ മാസവും പ്രത്യേകതകളാര്‍ന്നതാണ്. ദൈവികോശാരങ്ങള്‍ ചൊരിയപ്പെടുന്ന മാസമാണത്. ഒരു വര്‍ഷത്തെ മൊത്തം കര്‍മങ്ങളും അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന വേളയുമാണ്. അതുകൊണ്ടു തന്നെ, ഈ മാസത്തില്‍ നബി (സ്വ) വ്രതം അധികരിപ്പിക്കുമായിരുന്നു. വ്രതം ദോഷങ്ങളെ പൊറുപ്പിക്കുന്ന നന്മകളില്‍ പ്രധാനമാണല്ലോ. ഒരിക്കല്‍ ഉസാമ ബ്‌നു സൈദ് (റ) നബി (സ്വ)യോട് പറയുകയുണ്ടായി: തിരുദൂതരേ, അങ്ങ് ശഅ്ബാന്‍ മാസത്തിലേത് പോലെ മറ്റൊരു മാസത്തിലും വ്രതമനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) പറഞ്ഞു: റജബ്, റമദാന്‍ എന്നീ മാസങ്ങള്‍ക്കിടയിലായി ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന മാസമാണത്. പ്രപഞ്ച നാഥനിലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. നോമ്പുകാരനായിരിക്കെ എന്റെ കര്‍മം ഉയര്‍ത്തപ്പെടാനാണ് എനിക്കിഷ്ടം (ഹദീസ് നസാഈ 2357).
മനുഷ്യരുടെ വിട്ടുവീഴ്ചാ സ്വഭാവവും അല്ലാഹുവില്‍ നിന്നുള്ള വിട്ടുവീഴചക്കും വിടുതിക്കും കാരണമാകുന്നതാണ്. അല്ലാഹു തന്നെ പറയുന്നുണ്ട്: മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് വേണ്ടത്. അല്ലാഹു പൊറുത്തു തരുന്നത് നിങ്ങളിഷ്ടപ്പെടുകയില്ലേ, അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ (സൂറത്തുന്നൂര്‍ 22).