AgriFEATUREDGovernmentUAE

ഷാര്‍ജയിലെ ഗോതമ്പു പാടം വിളവെടുപ്പിനൊരുങ്ങുന്നു

ഷാര്‍ജ: ഷാര്‍ജയിലെ ഗോതമ്പു പാടം ആദ്യ വിളവെടുപ്പിന് സജ്ജമാവുകയാണ്. കീടനാശിനികളും രാസവസ്തുക്കളുമില്ലാത്ത ജൈവ ഗോതമ്പാണ് ഇവിടെ വിളയിക്കുന്നത്. ഷാര്‍ജയിലെ മലീഹയില്‍ 500 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള 400 ഹെക്ടര്‍ സ്ഥലത്താണ് ഗോതമ്പ് കൃഷി. മാര്‍ച്ച് 15ന് വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് ഷാര്‍ജ കാര്‍ഷിക-കന്നുകാലി വകുപ്പ് ചെയര്‍മാന്‍ ഡോ. ഖലീഫ മുസാബിഹ് അഹമ്മദ് അല്‍ തനൈജി പറഞ്ഞു.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇക്കഴിഞ്ഞ നവംബറില്‍ ഫാമിന്റെ ആദ്യ ഘട്ടം തുറന്നു കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പാറകൂട്ടങ്ങള്‍ക്കിടയില്‍ ഒന്നാന്തരമൊരു പാടം രൂപപ്പെടുത്തുകയായിരുന്നു. 1,700 ടണ്‍ ഗോതമ്പ് ഇവിടെ നിന്ന് വിളവെടുക്കാനാകും. ഈ ഗോതമ്പ് ഷാര്‍ജയിലെയും മറ്റു എമിറേറ്റുകളിലെയും പ്രാദേശിക വിപണിയിലേക്ക് പോകുമെന്ന് ഡോ. അല്‍ തനൈജി വെളിപ്പെടുത്തി.
കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഇവിടെ ഉപയോഗിച്ചിട്ടില്ല. മെയ് മാസത്തോടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
കോവിഡ് 19 മഹാമാരിക്കിടയിലും, റഷ്യ-ഉക്രെയ്ന്‍ യുദ്ധ സമയത്തും ഗോതമ്പിന്റെയും ഭക്ഷ്യ വിതരണ ശൃംഖലയുടെയും വിതരണത്തില്‍ ലോകം ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. ആ വീക്ഷണ കോണില്‍ നിന്നാണ് ഈ ഫാം ആരംഭിക്കാന്‍ ഷാര്‍ജ ഭരണാധികാരി നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പിള്‍ ടെസ്റ്റില്‍ ഗോതമ്പ് വളര്‍ത്താന്‍ എമിറേറ്റില്‍ ഏറ്റവും അനുയോജ്യമായ സാഹചര്യം മലീഹയിലെ ഭൂമിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഈ ഫാമില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഷാര്‍ജയിലെ ഈ കൃഷിപ്പാടം ചരിത്രത്തിലിടം നേടാനിരിക്കുകയാണ്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.